ഐബി ഉദ്യേഗസ്ഥയുടെ മരണം; പ്രതിയെ ഇതുവരെ കണ്ടെത്താനാകാതെ പോലീസ്; സുകാന്തിന്റെ വീട്ടില്‍ ലുക്ക് ഔട്ട് നോട്ടീസ് പതിപ്പിച്ചു; പ്രതിയെ കുറിച്ച് വിവരം ലഭിച്ചാല്‍ പോലീസില്‍ അറിയിക്കാന്‍ നിര്‍ദ്ദേശം
എടപ്പാള്‍: തിരുവനന്തപുരത്ത് ഐന്റലിജന്‍സ് ബ്യൂറോ ഉദ്യോഗസ്ഥയായ മേഘയുടെ മരണവുമായി ബന്ധപ്പെട്ട് കേസ് നേരിടുന്ന സഹപ്രവര്‍ത്തകന്‍ സുകാന്ത് സുരേഷ് ഒളിവില്‍ തുടരുന്നതിനാല്‍, പൊലീസിന്റെ നേതൃത്വത്തില്‍ ഇയാളുടെ എടപ്പാളിലുള്ള വീട്ടില്‍ ലുക്ക് ഔട്ട് നോട്ടീസ് പതിച്ചു.
ചൊവ്വാഴ്ച ഉച്ചയോടെ പേട്ട എസ്ഐ ബാലുവിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം ഗ്രാമപഞ്ചായത്തംഗം ഇ. എസ്. സുകുമാരന്റെ സാന്നിധ്യത്തിലാണ് നോട്ടീസ് പതിച്ചത്. വീടിന്റെ ഗേറ്റ്, മതില്‍ എന്നിവിടങ്ങളില്‍ പതിച്ച നോട്ടീസില്‍ കേസ് നമ്പറും (396/2025), പ്രതിയുടെ ചിത്രവും അടക്കം ചെയ്തിട്ടുണ്ട്. പ്രതിയെ കണ്ടാല്‍ ബന്ധപ്പെട്ട ഫോണ്‍ നമ്പറുകളില്‍ വിവരം അറിയിക്കണമെന്നും നോട്ടീസില്‍ പറയുന്നു.
മേഘയുടെ മരണത്തിന് ഉത്തരവാദിയെന്ന് ആരോപിച്ച് കുടുംബം നല്‍കിയ പരാതിയിലാണ് സുകാന്തിനെതിരെ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. അതിനുശേഷം ഇദ്ദേഹം ഒളിവില്‍ പോയതോടെയാണ് അന്വേഷണത്തിന് അനുകൂലമായ നടപടികള്‍ ശക്തമാക്കിയത്. ഇതേത്തുടര്‍ന്ന് സുകാന്ത് സുരേഷിനെ ഐബി വിഭാഗത്തില്‍ നിന്നും ഔദ്യോഗികമായി പിരിച്ചുവിടുകയും ചെയ്തതായി സ്ഥിരീകരിച്ചിട്ടുണ്ട്. മരണത്തിന് പിന്നിലെ യാഥാര്‍ത്ഥ്യം പുറത്തെത്തിക്കണമെന്നാവശ്യപ്പെട്ട് മേഘയുടെ കുടുംബം ശക്തമായ നിലപാടിലാണ്.