ആലപ്പുഴ കൃപാസനം ധ്യാനകേന്ദ്രത്തില്‍ നിന്നുള്ളവരാണെന്ന് വ്യാജമായി വിശ്വസിപ്പിച്ച് മോഷണം; രോഗശാന്തിക്ക് പ്രാര്‍ത്ഥിക്കാമെന്ന് പറഞ്ഞ് സ്വര്‍ണ്ണത്തട്ടിപ്പ്: ഇടുക്കിയില്‍ രണ്ട് സ്ത്രീകള്‍ കൂടി പിടിയില്‍
ഇടുക്കി: കരിമണ്ണൂരില്‍ വീട്ടമ്മയുടെ സ്വര്‍ണ്ണാഭരണങ്ങള്‍ തട്ടിയെടുത്ത കേസില്‍ രണ്ട് സ്ത്രീകള്‍ കൂടി പോലീസിന്റെ പിടിയിലായി. കോലാനി സ്വദേശി താഴ്ചയില്‍ ഉഷാ സുധന്‍ (40), പത്തനംതിട്ട പയനല്ലൂര്‍ സ്വദേശിനി ദേവി (39) എന്നിവരെയാണ് കരിമണ്ണൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്. ആലപ്പുഴ കൃപാസനം ധ്യാനകേന്ദ്രത്തില്‍ നിന്നുള്ളവരാണെന്ന് വ്യാജമായി വിശ്വസിപ്പിച്ചായിരുന്നു ഇവരുടെ തട്ടിപ്പ്.
2025 സെപ്റ്റംബറിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. കരിമണ്ണൂര്‍ പള്ളിക്കാമുറി പാഴൂക്കരയിലുള്ള സ്ത്രീയുടെ വീട്ടിലെത്തിയ സംഘം വീട്ടമ്മയുടെ വിശ്വാസം പിടിച്ചുപറ്റുകയായിരുന്നു. രോഗശാന്തിക്കായി പ്രാര്‍ത്ഥിക്കാമെന്ന് വിശ്വസിപ്പിച്ച് പല ദിവസങ്ങളിലായി മാല, മോതിരം, പണം എന്നിവ സംഘം വാങ്ങി. ഒടുവില്‍ അഞ്ച് പവന്റെ മാല കൂടി കൊണ്ടുപോയതോടെയാണ് വീട്ടമ്മയ്ക്ക് സംശയം തോന്നിയത്. കൊണ്ടുപോയ ആഭരണങ്ങളൊന്നും തിരികെ ലഭിക്കാതെ വന്നതോടെ ഇവര്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു.
തൊടുപുഴ ഡിവൈ.എസ്.പി.യുടെ സ്‌പെഷ്യല്‍ സ്‌ക്വാഡ് നടത്തിയ അന്വേഷണത്തില്‍ നേരത്തെ വിജീഷ്, സുലോചന, അഞ്ജു, ഷാജിത എന്നിവരെ പോലീസ് പിടികൂടിയിരുന്നു. എന്നാല്‍ പ്രതിപ്പട്ടികയിലുണ്ടായിരുന്ന ഉഷയും ദേവിയും ഒളിവില്‍ കഴിയുകയായിരുന്നു. പോലീസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ നീക്കത്തിലാണ് ഒടുവില്‍ ഇരുവരും കുടുങ്ങിയത്. മതവിശ്വാസത്തെ ചൂഷണം ചെയ്ത് നടത്തുന്ന ഇത്തരം തട്ടിപ്പുകള്‍ക്കെതിരെ ജാഗ്രത പാലിക്കണമെന്ന് പോലീസ് അറിയിച്ചു.
പ്രതികള്‍ മുന്‍കൂര്‍ ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിച്ചിരുന്നെങ്കിലും അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരാകാനായിരുന്നു കോടതി ഉത്തരവ്. തുടര്‍ന്ന് സ്റ്റേഷനില്‍ ഹാജരായ ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തി മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കി. കോടതി ഇവര്‍ക്ക് ജാമ്യം അനുവദിച്ചെങ്കിലും ഇന്ന് വീണ്ടും ഹാജരാകാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. വീട്ടമ്മ തനിച്ചാണ് താമസിക്കുന്നതെന്ന് മനസ്സിലാക്കിയ പ്രതികള്‍ വീടിന് വലിയ ദോഷമുണ്ടെന്ന് ഇവരെ വിശ്വസിപ്പിച്ചു. ആലപ്പുഴയിലെ ധ്യാനകേന്ദ്രത്തില്‍ സ്വര്‍ണ്ണം സമര്‍പ്പിച്ച് പ്രത്യേക പ്രാര്‍ത്ഥന നടത്തിയാല്‍ ദോഷം മാറുമെന്ന് പറഞ്ഞായിരുന്നു തട്ടിപ്പ്.
തൊടുപുഴ പുറപ്പുഴ ടെക്‌നിക്കല്‍ ഹൈസ്‌കൂള്‍ ജീവനക്കാരനായ വിജീഷ് അജയകുമാറാണ് തട്ടിപ്പിന് നേതൃത്വം നല്‍കിയത്. വിജീഷിനെ കൂടാതെ സുലോചന ബാബു, മകള്‍ അഞ്ജു ബാബു, ഷാജിദ സി. ഷെരീഫ് എന്നിവരെ പോലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. സമാനമായ രീതിയില്‍ വിശ്വാസികളെ പറ്റിച്ച് സ്വര്‍ണ്ണം തട്ടിയതിന് കോട്ടയം, പാലാ പോലീസ് സ്റ്റേഷനുകളിലും ഈ സംഘത്തിനെതിരെ കേസുകള്‍ നിലവിലുണ്ട്. മതവിശ്വാസത്തെയും ആത്മീയ കേന്ദ്രങ്ങളെയും മറയാക്കി നടത്തുന്ന ഇത്തരം ക്രിമിനല്‍ സംഘങ്ങള്‍ക്കെതിരെ നിരീക്ഷണം ശക്തമാക്കാനാണ് പോലീസ് നീക്കം.
