ഉറക്കത്തിനിടെ എഴുന്നേറ്റപ്പോള്‍ പ്രായപൂര്‍ത്തിയാകാത്ത മകളെ കാണാനില്ല; അന്വേഷണത്തിനിടെ മകള്‍ക്കൊപ്പം യുവാവിനെ ട്രെയിനിന്റെ വാതില്‍പ്പടിയില്‍ കണ്ടത് പ്രകോപനമായി; തര്‍ക്കത്തിന് പിന്നാലെ ചവിട്ടി താഴേക്ക് തള്ളിയിട്ടു; ഒപ്പമുണ്ടായിരുന്ന ആളെ കാണാനില്ലെന്ന് പരാതിപ്പെട്ടതും കൊലയാളി; ട്രെയിനില്‍നിന്ന് വീണ് 22കാരനെ മരിച്ചനിലയില്‍ കണ്ടെത്തിയത് കൊലപാതകം; ഗൂഡല്ലൂര്‍ സ്വദേശി അറസ്റ്റില്‍

Update: 2026-03-11 05:06 GMT

പാലക്കാട്: പാലക്കാട് യുവാവിനെ ട്രെയിനില്‍നിന്ന് വീണ് മരിച്ചനിലയില്‍ കണ്ടെത്തിയത് കൊലപാതകമെന്ന് സ്ഥിരീകരിച്ച് പൊലീസ്. മലമ്പുഴ കാഞ്ഞിരക്കടവ് റെയില്‍വേ മേല്‍പ്പാലത്തിനുതാഴെയാണ് തമിഴ്‌നാട് ദിണ്ടിഗല്‍ കെ.കെ.നഗര്‍ സ്വദേശി മുകേഷിന്റെ (മനോത്ത്-22) മൃതദേഹം കണ്ടെത്തിയത്. സംഭവത്തില്‍ യുവാവിന് ഒപ്പം കരാര്‍ ജോലി ചെയ്തിരുന്ന തമിഴ്നാട് ഗൂഡല്ലൂര്‍ സ്വദേശിയെ (36) അറസ്റ്റ് ചെയ്തു. തിങ്കളാഴ്ച പകല്‍ മൂന്നോടെയാണ് മൃതദേഹം പുഴയുടെ സമീപത്തെ ചതുപ്പില്‍നിന്ന് കണ്ടെത്തിയത്. പാലക്കാട് റെയില്‍വേ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് സംഭവം കൊലപാതകമാണെന്ന് സ്ഥിരീകരിച്ചത്.

യുവാവ് പാലക്കാട് ജങ്ഷന്‍ റെയില്‍വേ സ്റ്റേഷനില്‍നിന്ന് തമിഴ്‌നാട്ടിലേക്ക് പോകുകയായിരുന്നു. ഞായര്‍ രാത്രി പത്തരയോടെ കണ്ണൂര്‍ യശ്വന്ത്പുര്‍ എക്‌സ്പ്രസില്‍നിന്നുമാണ് പുഴയിലേക്ക് വീണത്. ഒപ്പമുണ്ടായിരുന്ന കുടുംബം പോത്തന്നൂര്‍ റെയില്‍വേ സ്റ്റേഷനില്‍ എത്തിയപ്പോള്‍ കൂടെ സഞ്ചരിച്ചിരുന്ന യുവാവിനെ കാണാനില്ലെന്ന് ആര്‍പിഎഫിന് പരാതി നല്‍കി. ആര്‍പിഎഫ് ഇക്കാര്യം പാലക്കാട് റെയില്‍വേ പൊലീസിനെ അറിയിക്കുകയും തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കൊലപാതകമാണെന്ന് വെളിവായത്.

ഞായറാഴ്ച മംഗളൂരുവില്‍നിന്ന് നാട്ടിലേക്ക് മടങ്ങിയ നാലുപേരും പാലക്കാട് ജങ്ഷന്‍ റെയില്‍വേ സ്റ്റേഷനില്‍ എത്തിയപ്പോള്‍ ബര്‍ത്തുകളില്‍ ഉറങ്ങാനായി കിടന്നു. അല്‍പ്പസമയം കഴിഞ്ഞ് പെണ്‍കുട്ടിയുടെ അച്ഛന്‍ എഴുന്നേറ്റപ്പോള്‍ മകളെയും മുകേഷിനെയും ബര്‍ത്തുകളില്‍ കണ്ടില്ല. ഇവര്‍ ട്രെയിനിന്റെ വാതിലിനു സമീപംനിന്ന് സംസാരിക്കുന്നത് കണ്ടു. ഇത് കണ്ട പെണ്‍കുട്ടിയുടെ അച്ഛന്‍ യുവാവിനെ പിടിച്ചുതള്ളുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. തുടര്‍ന്ന് ബാലന്‍സ് തെറ്റിയാണ് യുവാവ് ട്രെയിനില്‍നിന്ന് താഴേക്ക് വീണത്. യുവാവിനെ തള്ളിയിട്ട ശേഷം കുടുംബംതന്നെയാണ് തങ്ങളുടെ കൂടെ സഞ്ചരിച്ചിരുന്ന ആളെ കാണാനില്ലെന്ന് പറഞ്ഞ് പരാതി നല്‍കിയത്. എന്നാല്‍ ഇവരുടെ സംസാരത്തില്‍ പൊരുത്തക്കേട് തോന്നിയ പൊലീസ് നടത്തിയ ചോദ്യംചെയ്യലിലാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്.

മംഗളൂരുവിലെ റബ്ബര്‍ത്തോട്ടത്തില്‍ തൊഴിലാളികളായിരുന്നു മുകേഷും അറസ്റ്റിലായ ആളും. പാലക്കാട് ജങ്ഷന്‍ സ്റ്റേഷനടുത്ത് കൊട്ടേക്കാട് കാഞ്ഞിരക്കടവില്‍ ഞായറാഴ്ച രാത്രി പത്തരയോടെയാണ് സംഭവം. മകള്‍ക്കൊപ്പം മുകേഷ് തീവണ്ടിയുടെ വാതില്‍പ്പടിയിലിരിക്കുന്നത് കണ്ടതിനെത്തുടര്‍ന്നുണ്ടായ മാനസികവിക്ഷോഭത്തിലാണ് കൃത്യം നടത്തിയതെന്ന് അറസ്റ്റിലായ ആള്‍ മൊഴിനല്‍കി. മുകേഷ് തന്റെ മകളോട് മോശമായി പെരുമാറിയെന്ന പ്രതിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ മുകേഷിനെതിരേ പോക്സോകേസും ചുമത്തിയതായി പോലീസ് പറഞ്ഞു.

രാത്രി പത്തരയോടെ കണ്ണൂര്‍-യശ്വന്ത്പുര്‍ എക്സ്പ്രസില്‍ യാത്രചെയ്യുമ്പോഴാണ് മുകേഷ് വീണത്. മംഗളൂരുവിലെ പണികഴിഞ്ഞതിനാല്‍ കോയമ്പത്തൂരില്‍ മറ്റ് ജോലി അന്വേഷിക്കാനായി തിരിച്ചതായിരുന്നു ഇവര്‍. അറസ്റ്റിലായ ആളുടെ ഭാര്യയും പ്രായപൂര്‍ത്തിയാവാത്ത മകളും ഒപ്പമുണ്ടായിരുന്നു. ജനറല്‍ കംപാര്‍ട്ട്മെന്റിലായിരുന്നു യാത്ര. പാലക്കാട് ജങ്ഷന്‍ പിന്നിട്ടശേഷം മകളെ സീറ്റില്‍ കാണാഞ്ഞതിനെത്തുടര്‍ന്ന് അന്വേഷിച്ചുപോയപ്പോള്‍ മുകേഷും മകളും തീവണ്ടിയുടെ വാതില്‍പ്പടിയിലിരിക്കുന്നത് കണ്ടതായി ഇയാള്‍ പോലീസിനോട് പറഞ്ഞു.

വാക്കുതര്‍ക്കത്തെത്തുടര്‍ന്ന് മുകേഷിനെ ചവിട്ടി താഴേക്ക് തള്ളിയിടുകയായിരുന്നെന്നും ഇയാള്‍ സമ്മതിച്ചതായി റെയില്‍വേ പോലീസ് ഷൊര്‍ണൂര്‍ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ പി.വി. രമേഷ് പറഞ്ഞു. ഒരാള്‍ താഴെ വീണതായി മനസ്സിലാക്കി തീവണ്ടിയിലുള്ളവര്‍ ചങ്ങലവലിച്ച് നിര്‍ത്തി വിവരം റെയില്‍വേ പോലീസില്‍ അറിയിച്ചു. പിന്നീട് കോയമ്പത്തൂരില്‍നിന്നാണ് പ്രതി പിടിയിലായത്. ഇയാള്‍ക്കെതിരേ കൊലപാതകക്കുറ്റം ചുമത്തിയതായും ഇന്‍സ്പെക്ടര്‍ പറഞ്ഞു. സംഭവസമയം ഇയാള്‍ മദ്യപിച്ചിരുന്നതായും പോലീസ് പറഞ്ഞു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

ഞായറാഴ്ച രാത്രിതന്നെ പോലീസ് മുകേഷിനായി തിരച്ചില്‍ നടത്തിയിരുന്നെങ്കിലും കണ്ടെത്താനായില്ല. ചൊവ്വാഴ്ച രാവിലെയാണ് കാഞ്ഞിരക്കടവ് പുഴയോടുചേര്‍ന്നുള്ള സ്ഥലത്തുനിന്ന് മൃതദേഹം കണ്ടെത്തിയത്. പാലക്കാട് ജില്ലാ ആശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടത്തിനുശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി.

Tags:    

Similar News