ഒളിവില്‍ കഴിഞ്ഞു മടുത്തു! ഐബി ഉദ്യോഗസ്ഥയുടെ മരണത്തില്‍ പ്രതിയുടെ മാതാപിതാക്കള്‍ പോലീസ് കസ്റ്റഡിയില്‍; ചാവക്കാട് സ്‌റ്റേഷനിലെത്തി കീഴടങ്ങി അച്ഛനും അമ്മയും; സുകാന്ത് എവിടെയെന്നതില്‍ വിവരം തേടി പോലീസ്; എല്ലാം വിശദമായി ചോദ്യം ചെയ്യാനൊരുങ്ങി ഉദ്യോഗസ്ഥര്‍

Update: 2025-04-30 16:27 GMT

തൃശൂർ: തിരുവനന്തപുരത്തെ ഐബി ഉദ്യോഗസ്ഥ ജീവനൊടുക്കിയ സംഭവത്തില്‍ വീണ്ടും വഴിത്തിരിവ്. കേസിലെ പ്രതിയായ സുകാന്തിന്‍റെ അച്ഛനെയും അമ്മയേയും പോലീസ് കസ്റ്റഡിയിൽ എടുത്തതായി വിവരങ്ങൾ. പ്രതി സുകാന്തിനെ ഇനിയും കണ്ടെത്താനാകാത്ത സാഹചര്യത്തിലാണ് പോലീസിന്റെ ശക്തമായ നീക്കം. അതുപോലെ കേസിൽ അച്ഛനും അമ്മയും പ്രതികളല്ലെന്നും പോലീസ് വ്യക്തമാക്കി.

ചോദ്യം ചെയ്യാനാണ് കസ്റ്റഡിയിലെടുത്തതെന്നാണ് ലഭിക്കുന്ന വിവരങ്ങൾ. ചാവക്കാട് സ്റ്റേഷനിൽ ഹാജരായപ്പോളാണ് ഇരുവരെയും പോലീസ് കസ്റ്റഡിയിൽ എടുത്തത്. സുകാന്തിനൊപ്പം മാതാപിതാക്കളും ഒളിവിൽ കഴിയുകയായിരുന്നു. ശേഷം ഇന്നാണ് ഇരുവരും പോലീസ് സ്റ്റേഷനിൽ ഹാജരായത്. ഇതോടെ കേസിലെ പ്രതിയെ ഉടൻ പിടികൂടാൻ ആകുമെന്ന പ്രതീക്ഷയിലാണ് പോലീസ്.

അതേസമയം, ഐ ബി ഉദ്യോഗസ്ഥ ജീവനൊടുക്കിയ സംഭവത്തിൽ ആരോപണ വിധേയനായ സഹപ്രവർത്തകൻ സുകാന്ത് സുരേഷിനെതിരെ ബലാത്സംഗ കുറ്റം അടക്കം ചുമത്തിയാണ് പോലീസ് കേസ് എടുത്തിരിക്കുന്നത്. ലൈംഗിക പീഡനത്തിന് തെളിവുകൾ സഹിതം ലഭിച്ച സാഹചര്യത്തിലാണ് പോലീസിന്റെ ഈ നീക്കം.

മാര്‍ച്ച് 24 നാണ് തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്നും ജോലി കഴിഞ്ഞ് പുറത്തിറങ്ങിയ ഐ ബി ഉദ്യോഗസ്ഥയെ തീവണ്ടി തട്ടി മരിച്ചനിലയില്‍ കണ്ടെത്തിയത്. സഹപ്രവർത്തകനായ മലപ്പുറം സ്വദേശി സുകാന്തുമായുള്ള ബന്ധത്തിൽ ഉണ്ടായ തകർച്ചയാണ് മകളെ ആത്മഹത്യയിലേക്ക് തള്ളിവിട്ടതെന്നാണ് കുടുംബം പരാതി നൽകിയത്.

എന്നാൽ ബന്ധം തകരാറാനുള്ള കാരണമെന്തെന്ന് കണ്ടെത്താൻ ഇതുവരെ പൊലീസിന് കഴിഞ്ഞിട്ടില്ല. ഉദ്യോഗസ്ഥ മരിച്ചതിന് ശേഷം ഫോണ്‍ സ്വിച്ച് ഫോണ്‍ ചെയ്ത സുകാന്തും കുടുംബവും ഒളിവിൽ പോയെന്നാണ് പൊലീസ് പറയുന്നത്. ഒളിവിലുള്ള സുകാന്ത് സുരേഷിനെതിരെ പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് ഇറക്കുകയും ചെയ്തിട്ടുണ്ട്. ഇതിന് പിന്നാലെ സുകാന്ത് ഹൈക്കോടതിയില്‍ മുൻകൂര്‍ ജാമ്യാപേക്ഷ നൽകിയിരുന്നു.

അതുപോലെ യുവതിയെ ഇയാൾ ശാരീരിക, സാമ്പത്തിക ചൂഷണം നടത്തിയതായി തെളിവ് ലഭിച്ചിട്ടുണ്ട്. 3 ലക്ഷത്തിലധികം രൂപയുടെ സാമ്പത്തിക ഇടപാടുകൾ ഇരുവരും തമ്മിൽ നടത്തിയതായുള്ള ബാങ്ക് രേഖകളും ലഭിച്ചു. സുകാന്തിനെതിരെ അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. 2 ടീമുകൾ ഇയാൾക്കായി അന്വേഷണം നടത്തുകയാണ്. മുൻ‌കൂർ ജാമ്യാപേക്ഷ ഹൈക്കോടതിയിൽ സമർപ്പിച്ചിട്ടുണ്ടെങ്കിലും ഇയാളെ അറസ്റ്റ് ചെയ്യുന്നതിൽ തടസ്സമില്ല. പ്രതിക്കായി ലുക്ക് ഔട്ട് സർക്കുലർ പുറപ്പെടുവിച്ചിട്ടുള്ളതിനാൽ വിദേശത്തേക്ക് കടക്കാൻ സാധ്യതയില്ല.

സുകാന്തിന്റെ വീട്ടിൽ നടത്തിയ പരിശോധനയിൽ ഇയാളുടെ ഐപാഡ് , മൊബൈൽ ഫോൺ തുടങ്ങിയവ പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. ഇയാളുടെ ഓഫിസിൽ നിന്നും യുവതിയുടെ മാതാപിതാക്കളിൽനിന്നും ലഭിച്ച തെളിവുകൾ പ്രതിയുടെ കുറ്റകൃത്യം തെളിയിക്കുന്നതാണ്. യുവതിയെ ഗർഭഛിദ്രത്തിന് കൊണ്ടുപോയതിലും സുകാന്തിനു പങ്കുണ്ടെങ്കിലും ഇയാളെ പിടികൂടി ചോദ്യംചെയ്താലേ കൂടുതൽ വ്യക്തത വരൂ. സുകാന്തിനൊപ്പം മാതാപിതാക്കളും ഒളിവിലാണെന്നും ഡിസിപി വ്യക്തമാക്കിയിരിന്നു.

Tags:    

Similar News