തഞ്ചാവൂരിലെ ബിജെപി വനിതാ നേതാവിനെ കൊന്നത് രണ്ടാം ഭര്‍ത്താവിന്റെ ആദ്യ ഭാര്യയിലെ മകനും സുഹൃത്തുക്കളും; തലയറുത്ത് കൊല്ലാന്‍ കാരണം സ്വത്ത് തര്‍ക്കം; കൊല്ലപ്പെട്ടത് മന്ത്രിയെ ചെരുപ്പെറിഞ്ഞ കേസിലെ നേതാവ്

Update: 2025-05-07 05:33 GMT

ചെന്നൈ: സ്വത്തു തര്‍ക്കത്തിന്റെ പേരില്‍ തഞ്ചാവൂരിലെ ബിജെപി നേതാവ് ശരണ്യ(38)യുടെ തല വെട്ടിയ സംഭവത്തിലെ പ്രതികള്‍ കീഴടങ്ങി. ശരണ്യയുടെ രണ്ടാം ഭര്‍ത്താവിന്റെ ആദ്യ ഭാര്യയിലെ മകനും സുഹൃത്തുക്കളുമാണ് മധുര പൊലീസ് സ്റ്റേഷനിലെത്തി കുറ്റം സമ്മതിച്ചത്. ആദ്യ ഭാര്യയുടെ മക്കള്‍ക്ക് സ്വത്ത് നല്‍കുന്നത് എതിര്‍ത്തതാണു കൊലപാതകത്തിനു കാരണമായത്.

സ്വന്തമായി നടത്തുന്ന കട അടച്ച് തിങ്കളാഴ്ച രാത്രി വീട്ടിലേക്കു മടങ്ങുന്നതിനിടെയാണ് ആക്രമണമുണ്ടായത്. അന്വേഷണം തുടങ്ങിയതോടെ പ്രതികള്‍ കീഴടങ്ങുകയായിരുന്നു. ബിജെപി വനിതാവിഭാഗം മധുര ഘടകത്തിന്റെ സെക്രട്ടറിയായിരുന്നു ശരണ്യ. തഞ്ചാവൂരിലെ പട്ടുകോട്ടയിലെ ഉദയസൂര്യപുരത്തുവെച്ച് തിങ്കളാഴ്ച രാത്രിയായിരുന്നു കൊല. ഇവിടെ ഫോട്ടോകോപ്പി ഷോപ്പ് നടത്തിയിരുന്ന ശരണ്യ കടപൂട്ടി ഭര്‍ത്താവിന്റെ വീട്ടിലേക്കു പോകുമ്പോഴാണ് ആക്രമിക്കപ്പെട്ടത്. അക്രമിസംഘം ഇവരുടെ തല വെട്ടിമാറ്റിയശേഷമാണ് സ്ഥലംവിട്ടത്.

മധുര സ്വദേശിനിയായ ശരണ്യ ആദ്യഭര്‍ത്താവ് ഷണ്‍മുഖസുന്ദരത്തിന്റെ മരണശേഷം പട്ടുകോട്ട സ്വദേശിയായ ബാലനെ വിവാഹംകഴിച്ച് താമസം അങ്ങോട്ടുമാറ്റുകയായിരുന്നു. രണ്ട് ആണ്‍മക്കളാണ് ഇവര്‍ക്ക്. ആദ്യഭാര്യയില്‍ ബാലന് ഒരു മകനുണ്ട്. ഭര്‍ത്താവിന്റെ സ്വത്തിലെ വിഹിതം ആദ്യഭാര്യയിലെ മകനായ കപിലന് നല്‍കുന്നതിനെ ശരണ്യ എതിര്‍ത്തിരുന്നെന്നും ഇതാണ് കൊലപാതകത്തിന് വഴിവെച്ചതെന്നും പോലീസ് പറഞ്ഞു. രണ്ടു സുഹൃത്തുക്കളുടെ സഹായത്തോടെ കപിലനാണ് കൊലനടത്തിയതെന്ന് പോലീസ് അറിയിച്ചു. കപിലനും പാര്‍ഥിപന്‍, ഗുണന്‍ എന്നിവരാണ് പ്രതികള്‍.

മധുരയ്ക്കടുത്തുവെച്ച് മന്ത്രി പളനിവേല്‍ ത്യാഗരാജനുനേരേ 2022-ല്‍ ചെരിപ്പെറിഞ്ഞതിന് അറസ്റ്റിലായ ഒന്‍പതുപേരില്‍ ഒരാളായിരുന്നു ശരണ്യ. ഭീകരാക്രണത്തില്‍ കൊല്ലപ്പെട്ട സൈനികന് ആദരാഞ്ജലിയര്‍പ്പിച്ചു മടങ്ങുമ്പോഴായിരുന്നു ചെരിപ്പേറ്. ഈ കേസില്‍ ശരണ്യയെ പിന്നീട് ജാമ്യത്തില്‍ വിട്ടു. ഈ സംഭവവുമായോ രാഷ്ട്രീയവിഷയങ്ങളുമായോ കൊലപാതകത്തിന് ബന്ധമില്ലെന്ന് തഞ്ചാവൂര്‍ എസ്പി ആര്‍. രാജാറാം അറിയിച്ചു. ഡിഎംകെ ഭരണത്തില്‍ സ്ത്രീകള്‍ക്കു രക്ഷയില്ലെന്നതിന്റെ തെളിവാണ് കൊലപാതകമെന്ന് മഹിളാ മോര്‍ച്ച നേതാവ് വാനതി ശ്രീനിവാസന്‍ എംഎല്‍എ പറഞ്ഞു.

Similar News