കവർച്ചയ്ക്ക് തെരഞ്ഞെടുത്തത് പോലീസ് സ്റ്റേഷന് സമീപത്തെ ആൾതാമസമില്ലാത്ത വീട്; മോഷ്ടിച്ചത് സിസിടിവി ഹാർഡ് ഡിസ്ക് ഉൾപ്പെടെ ലക്ഷങ്ങളുടെ ഇലക്ട്രോണിക് വസ്തുക്കൾ; 'ഇലക്ട്രോണിക് വിരുതന്മാരെ' പൊക്കാൻ ഡോഗ് സ്‌ക്വാഡിന്റെ സഹായവും; പോലീസ് സ്റ്റേഷന് സമീപവും സുരക്ഷിതമല്ലേ ?; പ്രതികളെ പിടികൂടാനുറച്ച് നേമം പോലീസ്

Update: 2025-05-07 07:46 GMT

തിരുവനന്തപുരം: കരമന-കളിയിക്കാവിള ദേശീയപാതയിൽ ആളില്ലാത്ത വീട് കുത്തിത്തുറന്നു ലക്ഷങ്ങൾ വില വരുന്ന ഇലക്ട്രോണിക്സ് സാധനങ്ങൾ കവർച്ച ചെയ്ത കേസിൽ പ്രതികളെ കണ്ടെത്താനായി പോലീസിന്റെ സുപ്രധാന നീക്കം. കഴിഞ്ഞ ദിവസം ഡോഗ് സ്‌ക്വാഡിനെ സംഭവ സ്ഥലത്തെത്തിച്ച് പോലീസ് വിവരങ്ങൾ ശേഖരിച്ചിരുന്നു. കവർച്ച നടന്ന വീട്ടിൽ നിന്നും ഒരു കിലോമീറ്റർ ദൂരം നായ സഞ്ചരിച്ചിരുന്നു. ഈ പ്രദേശങ്ങളിലെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം നടത്തി വരികയാണ് പോലീസ്. കവർച്ചാ സംഘം വീട്ടിലെ സിസിടിവി കാമറയുടെ ദിശ തിരിച്ചുവച്ചശേഷമാണ് മോഷണം നടത്തിയത്. സിസിടിവിയുടെ ഹാർഡ് ഡിസ്കും നഷ്ടപ്പെട്ടിട്ടുണ്ട്. ഇതിനാലാണ് പ്രതികളെ പിടികൂടാൻ കാലതാമസമുണ്ടായത്.

രണ്ടോ അതിൽ കൂടുതലോ പേർ ചേർന്നാണ് കവർച്ച നടത്തിയതെന്നാണ് പോലീസ് പറയുന്നത്. എന്നാൽ പ്രതികൾ ആരാണെന്ന് തിരിച്ചറിയാൻ പോലീസിനായിട്ടില്ല. സിസിടിവി ദൃശ്യങ്ങൾ ലഭിക്കുന്നതോടെ പ്രതികളെ പിടികൂടാനാകുമെന്നാണ് സൂചന. പ്രദേശത്ത് മുൻകാലങ്ങളിൽ മോഷണ കേസുകളിൽ പ്രതിയായവരെ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്. നേമം പോലീസ് സ്റ്റേഷന്റെ എതിർവശത്ത് ആളില്ലാത്ത വീട് കുത്തിത്തുറന്നു ഹോം തിയേറ്ററടക്കം നാലു ലക്ഷത്തോളം രൂപയുടെ ഇലക്ട്രോണിക്സ് സാധനങ്ങളാണ് പ്രതികൾ കവർച്ച നടത്തിയത്.

പോലീസ് സ്റ്റേഷനിൽ നിന്നു നൂറുമീറ്റർ അകലം പോലുമില്ലാത്ത ഗണപതി കോവിലിനെതിർവശത്ത് ദേശീയപാതയോട് ചേർന്നുള്ള സീതി മീരാൻ സാഹിബിന്റെ താജ് ഹൗസിലാണ് കവർച്ച നടന്നത്. പ്രതികൾ മുൻവശത്തെ വാതിൽപ്പാളി പാര കൊണ്ട് ഇളക്കി അകത്തു കടക്കുകയായിരുന്നു. വീട്ടിലുണ്ടായിരുന്ന ടിവി, ഹോം തിയേറ്റർ, ഇലക്ട്രോണിക് ഉപകരണങ്ങൾ എന്നിവ കവർന്നു. നാലു ലക്ഷത്തോളം രൂപ വിലപിടിപ്പുള്ള ഉപകരണങ്ങളാണ് നഷ്ടപ്പെട്ടതെന്നു വീട്ടുടമ സീതി മീരാൻ സാഹിബ് പറയുന്നു. നേമം സ്വദേശിയായ സീതിയും കുടുംബവും സ്ഥിരമായി ഈ വീട്ടിൽ താമസിക്കാറില്ല. ഇത് മനസ്സിലാക്കിയ സംഘം കൃത്യമായി ആസൂത്രണം ചെയ്തതാണ് കവർച്ച.

ഞായറാഴ്ച വൈകുന്നേരം വീട് പൂട്ടി ഇവർ വഴുതക്കാട്ടെ വീട്ടിൽ പോയശേഷം തിങ്കളാഴ്‌ച വൈകുന്നേരം മടങ്ങിയെത്തിയപ്പോഴാണ് മോഷണവിവരം അറിയുന്നത്. തുടർന്ന് നേമം പോലീസിൽ പരാതി നൽകുകയായിരുന്നു. ഞായറാഴ്‌ച രാത്രിയോ തിങ്കളാഴ്‌ച വെളുപ്പിനോ ആണ് മോഷണം നടന്നതെന്നാണ് നിഗമനം. കവർച്ചാ സംഘം വീട്ടിലെ സിസിടിവി കാമറയുടെ ദിശ തിരിച്ചുവച്ചശേഷമാണ് മോഷണം നടത്തിയത്. സിസിടിവിയുടെ ഹാർഡ് ഡിസ്കും നഷ്ടപ്പെട്ടിട്ടുണ്ട്. ഇലക്ട്രോണിക്ക് ഉപകരണങ്ങൾ കവർച്ച ചെയ്യുന്ന സംഘമായിരിക്കണം വീട്ടുടമ സ്ഥലത്തില്ലെന്നും, വീട്ടിൽ വില പിടിപ്പുള്ള ഇലക്ട്രോണിക് സാധനങ്ങൾ ഉണ്ടെന്നും മനസിലാക്കി കവർച്ച നടത്തിയതെന്നാണ് പോലീസ് നിഗമനം.

രണ്ടു ദിവസമായി നേമം പ്രദേശത്ത് സ്ട്രീറ്റ് ലൈറ്റുകൾ കത്തുന്നില്ലെന്നും ഇതാണ് പ്രദേശത്ത് മോഷ്ടാക്കൾക്ക് യഥേഷ്ടം വിഹരിക്കാൻ കഴിയുന്നതെന്നും നാട്ടുകാർ ആരോപിക്കുന്നു. കഴിഞ്ഞ കുറച്ചു ദിവസമായി നേമം പ്രദേശത്ത് മോഷണം വ്യാപകമാകുന്നതായും സ്ഥലവാസികൾ പറയുന്നു. എന്നാൽ ഇത് വസ്തുതാ വിരുദ്ധമായ കാര്യമാണെന്നാണ് പോലീസിന്റെ വാദം. വളരെ കാലങ്ങൾക്ക് ശേഷമാണ് ഇത്തരത്തിൽ ഒരു മോഷണം സംഭവിച്ചതെന്നും പോലീസ് പറയുന്നു. രാത്രികാലങ്ങളിൽ പോലീസ് പട്രോളിംഗ് ശക്തമാക്കാനുള്ള നടപടി കൈക്കൊള്ളണമെന്നും കൂടുതൽ പോലീസ് സേനയെ വിന്യസിക്കണമെന്നും റസിഡൻ്റ്സ് അസോസിയേഷനുകളുടെ കൂട്ടായ്മ‌യായ ഫ്രാൻസ് ആവശ്യപ്പെട്ടു.

Tags:    

Similar News