ലൈംഗിക തൊഴിലിനായി പെൺകുട്ടിയെ എത്തിച്ചത് അസം സ്വദേശി; നിർണായകമായത് പെൺകുട്ടിയുടെ പക്കലുള്ള ചിത്രങ്ങൾ; പ്രതി സംസ്ഥാനം വിട്ടതായി പോലീസ്; അന്വേഷണം അന്യസംസ്ഥാനങ്ങളിലേക്കും; കോഴിക്കോട്ടെ പോക്‌സോ കേസ് ഞെട്ടിക്കുന്നത്; ലോഡ്ജുകൾ കേന്ദ്രീകരിച്ച് സെക്സ് റാക്കറ്റുകൾ ശക്തമാകുന്നു ?

Update: 2025-05-06 07:38 GMT

കോഴിക്കോട്: അസം സ്വദേശിയായ 17കാരിയുടെ പോക്‌സോ കേസിൽ പുറത്ത് വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ. കോഴിക്കോട് നഗരത്തിൽ ലോ‍ഡ്ജിൽ നിന്നും ഇറങ്ങി ഓടി പോലീസ് സ്റ്റേഷനിൽ അഭയം തേടിയ പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണം. കേസിൽ അസം സ്വദേശിയായ യുവാവിനായി വ്യാപക അന്വേഷണം. പ്രതിയെ പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. സ്റ്റേഷനിൽ അഭയം തേടിയ പെൺകുട്ടിയുടെ സഹായത്തോടെയാണ് പോലീസ് പ്രതിയെ തിരിച്ചറിഞ്ഞത്. ഇയാളുടെ ചിത്രങ്ങൾ പെൺകുട്ടിയുടെ ഫോണിൽ നിന്നും പോലീസിന് ലഭിച്ചിട്ടുണ്ട്. മുറിയിൽ നിന്നും പെൺകുട്ടി രക്ഷപെട്ട വിവരം അറിഞ്ഞതോടെ പ്രതി ഒളിവിൽ പോവുകയായിരുന്നു.

ഇയാൾ സംസ്ഥാനം വിട്ടതായും പോലീസ് സംശയിക്കുന്നു. കോഴിക്കോട് നഗരം കേന്ദ്രീകരിച്ച് സെക്സ് റാക്കറ്റ് പ്രവർത്തിക്കുന്നതായാണ് അസം സ്വദേശിയായ പെൺകുട്ടിയുടെ മൊഴി. അസം സ്വദേശിയായ പതിനേഴുകാരിയാണ് പൊലീസിൽ മൊഴി നൽകിയതിന്റെ അടിസ്ഥാനത്തിൽ പോലീസ് പോക്സോ കേസ് രജിസ്റ്റർ ചെയ്തിരുന്നു. പ്രതിയുടെ മൊബൈൽ ഫോൺ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്. ജുവനൈല്‍ ബോര്‍ഡിന് മുന്നില്‍ ഹാജരാക്കിയ പെണ്‍കുട്ടിയെ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റി. ഞായറാഴ്ച ഉച്ചയോടെയാണ് പെൺകുട്ടി ലോഡ്ജ് മുറിയിൽ നിന്നും രക്ഷപ്പെട്ട സ്റ്റേഷനിൽ അഭയം തേടിയത്. പെൺകുട്ടി നൽകിയ മൊഴിയിൽ ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്ത് വന്നത്.

ഇതര സംസ്ഥാനത്ത് നിന്നു യുവതികളെ എത്തിച്ച് നഗരത്തിലെ ലോഡ്ജ് കേന്ദ്രീകരിച്ച് ലൈംഗിക പ്രവർത്തി നടത്തുന്നതായാണ് പെൺകുട്ടി മൊഴി നൽകിയത്. നഗരത്തിൽ സെക്സ് റാക്കറ്റുകൾ പിടിമുറുക്കുന്നതിന്റെ തെളിവാണ് ഈ സംഭവം. ജോലി വാഗ്‌ദാനം നൽകി ഒരു യുവാവാണ് എത്തിച്ചതെന്നാണ് പെൺകുട്ടിയുടെ മൊഴി. സമൂഹമാധ്യമത്തിലൂടെയാണ് പെണ്‍കുട്ടിയെ യുവാവ് പരിചയപ്പെട്ടത്. തുടര്‍ന്ന് കോഴിക്കോട്ടെ ലോഡ്ജില്‍ എത്തിക്കുകയായിരുന്നു. ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട യുവാവാണ് മൂന്നുമാസം മുൻപ്‌ പെൺകുട്ടിയെ കേരളത്തിലെത്തിച്ചത്. 15,000 രൂപ മാസശമ്പളത്തിൽ ജോലി തരപ്പെടുത്തി നൽകാമെന്നായിരുന്നു വാഗ്‌ദാനം.

എന്നാൽ പെൺകുട്ടിയെ കോഴിക്കോട് എത്തിച്ച് ലൈംഗിക തൊഴിലിനായി ഉപയോഗിക്കുകയായിരുന്നു. സംഭവത്തിൽ പോക്‌സോ കേസ് രജിസ്റ്റർ ചെയ്താണ് പോലീസ് അന്വേഷണം ആരംഭിച്ചിരിക്കുന്നത്. പെൺകുട്ടിയെ പീഡിപ്പിച്ചവർക്കെതിരെയും അന്വേഷണം നടക്കുകയാണ്. തന്നെപ്പോലെ അഞ്ച് പേർ മുറിയിലുണ്ടായിരുന്നെന്ന് പെൺകുട്ടി മൊഴി നൽകിയിട്ടുണ്ട്. ഒരുദിവസം മൂന്നും നാലും പേർ മുറിയിലെത്താറുണ്ടെന്നും ഞായറാഴ്ചകളിൽ ആറും ഏഴും പേരെ യുവാവ് പ്രവേശിപ്പിക്കാറുണ്ടെന്നും പെൺകുട്ടിയുടെ മൊഴിയിലുണ്ട്. പെൺകുട്ടിയെ സ്ഥിരമായി മുറിയിൽ പൂട്ടിയിട്ടാണ് ഇയാൾ പുറത്തുപോകാറുള്ളത്. എന്നാൽ പെൺകുട്ടി രക്ഷപ്പെട്ട ദിവസം ഇയാൾ മുറി പൂട്ടാതെ ഫോണിൽ സംസാരിച്ച് ടെറസിലേക്ക് നടന്നുപോയി.

ഈ അവസരം മുതലെടുത്താണ് പെൺകുട്ടി രക്ഷപ്പെട്ടത്. രക്ഷപ്പെടുന്നതിന്റെ തലേദിവസം വയറുവേദനയെത്തുടർന്ന് പെൺകുട്ടിയെ ഇയാൾ മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചിരുന്നു. ഓട്ടോറിക്ഷയിൽ പോകുന്നതിനിടയിൽ മെഡിക്കൽ കോളേജ് പോലീസ് സ്റ്റേഷൻ പെൺകുട്ടിയുടെ ശ്രദ്ധയിൽപ്പെട്ടു. മുറിയിൽനിന്ന് രക്ഷപ്പെട്ട ഉടൻ മുന്നിൽക്കണ്ട ഒരു ഓട്ടോറിക്ഷയിൽക്കയറി മെഡിക്കൽ കോളേജ് പോലീസ് സ്റ്റേഷനിൽ പോകണമെന്ന് പെൺകുട്ടി ആവശ്യപ്പെട്ടു. സ്റ്റേഷനിലെത്തി വിവരമറിയിച്ചതോടെ പോലീസ് ചൈൽഡ് വെൽഫയർ കമ്മിറ്റിക്ക് (സിഡബ്ല്യുസി) മുൻപാകെയെത്തിച്ചു. സിഡബ്ല്യുസി കൗൺസലിങ്‌ നൽകി വൈദ്യപരിശോധനയ്ക്ക് ഹാജരാക്കുകയും പിന്നീട് വെള്ളിമാടുകുന്ന് ചിൽഡ്രൻസ് ഹോമിലേക്ക് മാറ്റുകയുംചെയ്തു.

പെൺകുട്ടിയുടെ വീട്ടുകാരെ വിവരമറിയിച്ചിരുന്നു. പെൺകുട്ടിയെ തിരിച്ച് അസമിലേക്ക് കൊണ്ടുപോകണമെന്നായിരുന്നു മാതാവിന്റെ ബന്ധു സിഡബ്ല്യുസി അധികൃതരോട് ആവശ്യപ്പെട്ടത്. ആധാർ കാർഡ് കാണിക്കാൻ ആവശ്യപ്പെട്ടപ്പോൾ വ്യാജ ആധാർകാർഡാണ് നൽകിയത്. ഇതിൽ പെൺകുട്ടിക്ക് 20 വയസ്സെന്നായിരുന്നു രേഖപ്പെടുത്തിയിരുന്നത്. സംശയംതോന്നിയ അധികൃതർ കൂടുതൽ ചോദ്യങ്ങളുന്നയിച്ചതോടെ, ഇത് പെൺകുട്ടിയെ കൊണ്ടുവന്ന യുവാവ് വ്യാജമായി നിർമിച്ചതാണെന്ന് വ്യക്തമായി. കെട്ടിടമേതെന്ന് തിരിച്ചറിയാനും ഒളിവിൽപ്പോയ യുവാവിനെ കണ്ടെത്താനുമുള്ള ശ്രമത്തിലാണ് അന്വേഷണസംഘം.

പെൺകുട്ടി ഇപ്പോൾ ജുവനൈൽ ഹോമിലാണ്. പെൺകുട്ടി കുട്ടികളെ കടത്തികൊണ്ട് വന്ന് ലൈംഗിക തൊഴിലിന് ഉപയോഗിക്കുന്നതായി പോലീസിന് സൂചന ലഭിച്ചിട്ടുണ്ട്. ഒളിവിൽ പോയ അസം സ്വദേശിയെ പിടികൂടാനായാൽ കേസിൽ നിർണായക വിവരങ്ങൾ പുറത്ത് വരും. ആർക്ക് വേണ്ടിയാണ് പെൺകുട്ടിയെ എത്തിച്ചതെന്നും പോലീസ് അന്വേഷിക്കുന്നുണ്ട്. കോഴിക്കോട് കേന്ദ്രീകരിച്ച് സെക്സ് റാക്കറ്റുകൾ വർദ്ധിച്ചു വരുന്നതായി പരാതികൾ ഉയരുന്നതിനിടെയാണ് 17കാരിയുടെ വാർത്ത പുറത്ത് വരുന്നത്.

Tags:    

Similar News