ടേക്ക് ഓഫിന് ശേഷം എയര്‍ ഇന്ത്യ വിമാനത്തിനുള്ളില്‍ നടന്നതെന്ത്? തകര്‍ന്ന വിമാനത്തിന്റെ ഫ്ളൈറ്റ് ഡാറ്റ റെക്കോര്‍ഡര്‍ കണ്ടെത്തി എടിഎസ്; അപകടകാരണം സംബന്ധിച്ച് നിര്‍ണായകവിവരങ്ങള്‍ ലഭിച്ചേക്കും
തകര്‍ന്ന വിമാനത്തിന്റെ ഫ്ളൈറ്റ് ഡാറ്റ റെക്കോര്‍ഡര്‍ കണ്ടെത്തി
അഹമ്മദാബാദ്: രാജ്യത്തെ ഏറ്റവും വലിയ ദുരന്തങ്ങളില്‍ ഒന്നാണ് ഇന്നലെ അഹമ്മദാബാദില്‍ സംഭവിച്ചത്. ഉച്ചയ്ക്ക് 1.38ന് പറന്നുയര്‍ന്ന വിമാനം 10 മിനിറ്റിനുള്ളില്‍ തന്നെ എയര്‍ ഇന്ത്യയുടെ ബോയിങ് വിമാനം താഴേക്കു പതിക്കുകയായിരുന്നു. എയര്‍ ഇന്ത്യയുടെ ബോയിങ് 787-8 ഡ്രീം ലൈനര്‍ വിമാനമാണ് അപകടത്തില്‍ പെട്ടത്. അഹമ്മദാബാദ് വിമാനത്താവളത്തിന് സമീപം കത്തിയമര്‍ന്ന എഐ 171 വിമാനത്തിന്റെ ഫ്ളൈറ്റ് ഡാറ്റ റെക്കോര്‍ഡര്‍ (എഫ്ഡിആര്‍) കണ്ടെത്തിയതോടെ അപകടകാരണം സംബന്ധിച്ച് നിര്‍ണായകവിവരങ്ങള്‍ ലഭിച്ചേക്കുമെന്നാണ് പ്രതീക്ഷ. ഗുജറാത്ത് എടിഎസാണ് എഫ്ഡിആര്‍ കണ്ടെത്തിയത്. അപകടവുമായി ബന്ധപ്പെട്ട തുടര്‍അന്വേഷണങ്ങളില്‍ നിര്‍ണായകമാണ് എഫ്ഡിആറിന്റെ കണ്ടെത്തല്‍.
വിമാനത്തിന്റെ സാങ്കേതിക വിവരങ്ങള്‍ എഫ്ഡിആറിലാണ് ശേഖരിച്ചുവെച്ചിട്ടുള്ളത്. അതിനാല്‍ എഫ്ഡിആര്‍ പരിശോധിക്കുന്നതിലൂടെ നിര്‍ണായകവിവരങ്ങള്‍ ലഭിക്കുമെന്നാണ് കരുതുന്നത്. അപകടത്തിലേക്ക് നയിച്ച കാരണം സംബന്ധിച്ച് കൂടുതല്‍ വ്യക്തത വന്നേക്കും. മാത്രമല്ല വിമാനത്തിലെ സുപ്രധാനവിവരങ്ങള്‍ എഫ്ഡിആറില്‍ ഉണ്ടാകുമെന്നതിനാല്‍ ടേക്ക് ഓഫിന് ശേഷം വിമാനത്തിനുള്ളില്‍ നടന്ന കാര്യങ്ങള്‍ മനസ്സിലാക്കാനാകും.
ഫ്ളൈറ്റ് ഡാറ്റ റെക്കോര്‍ഡര്‍ (എഫ്ഡിആര്‍) വിമാനത്തിന്റെ സാങ്കേതിക വിവരങ്ങള്‍, ഉയരം, വേഗത, ദിശ, എഞ്ചിന്റെ പ്രവര്‍ത്തനം, നിയന്ത്രണ ഉപകരണങ്ങളുടെ സ്ഥാനം തുടങ്ങിയ 80 ല്‍ അധികം ഡാറ്റ പോയിന്റുകള്‍ റെക്കോര്‍ഡ് ചെയ്യുന്നതാണ് ഇത്.
അന്വേഷണത്തില്‍ ഏറ്റവും നിര്‍ണായകമാവുക വിമാനത്തിന്റെ ബ്ലാക് ബോക്സാണ്. വിമാനങ്ങളില്‍ ഉപയോഗിക്കുന്ന ഇലക്ട്രോണിക് റെക്കോര്‍ഡിങ് ഉപകരണമാണ് ബ്ലാക് ബോക്സ്. വിമാനാപകടങ്ങളുടെ കാരണങ്ങള്‍ കണ്ടെത്തുന്നതിന് അന്വേഷണസംഘങ്ങള്‍ക്ക് നിര്‍ണായക വിവരങ്ങള്‍ നല്കാന് ഇവ സഹായിക്കുന്നതാണ്.
ഇതിന്റെ പേര് ബ്ലാക് ബോക്സ് എന്നാണെങ്കിലും ഇവയുടെ നിറം ഓറഞ്ചാണ്. അപകടം നടക്കുന്ന സ്ഥലങ്ങളില്‍ നിന്ന് എളുപ്പത്തില്‍ കണ്ടെത്താന്‍ വേണ്ടിയാണ് ഈ നിറം കൊടുത്തിരിക്കുന്നത്. സ്റ്റീല്‍ അല്ലെങ്കില്‍ ടൈറ്റാനിയം കൊണ്ടു നിര്‍മിച്ച ശക്തമായ ലോഹ കവചമാണ് ഇവയ്ക്കുണ്ടാവുക.
തീയില്‍ നിന്നും വെള്ളത്തില്‍ നിന്നും പ്രതിരോധിക്കാനാണ് ഇത്. കാരണം അപകടം നടക്കുമ്പോള്‍ പിന്‍ഭാഗത്ത് ആഘാതം കുറവായിരിക്കും. അതിനാല്‍ ഇവിടെയാണ് ബ്ലാക് ബോക്സുകള്‍ സൂക്ഷിക്കുക. മെക്കാനിക്കല്‍ തകരാര്‍, പൈലറ്റിന്റെ പിഴവ,് കാലാവസ്ഥ പ്രശ്നങ്ങള്‍ അല്ലെങ്കില്‍ മറ്റു ബാഹ്യ ഘടകങ്ങള്‍ അതായത് പക്ഷി ആഘാതം തുടങ്ങിയവയാണോ അപകടത്തിന്റെ കാരണമെന്ന് ബ്ലാക് ബോക്സ് പരിശോധിക്കുന്നതിലൂടെ കണ്ടെത്താന്‍ കഴിയും. ബ്ലാക് ബോക്സ് എന്നത് രണ്ട് പ്രധാനപ്പെട്ട ഉപകരണങ്ങള്‍ ഉള്‍കൊള്ളുന്ന ഒന്നാണ്.
അതിനിടെ, വിമാനാപകടം നടന്ന സ്ഥലത്തും അപകടത്തില്‍ പരിക്കേറ്റവര്‍ ചികിത്സ തേടിയിരിക്കുന്ന ആശുപത്രിയിലും പ്രധാനമന്ത്രി നരേന്ദ്ര മോദി വെള്ളിയാഴ്ച സന്ദര്‍ശനം നടത്തിയിരുന്നു. അപകടം നടന്ന സ്ഥലത്താണ് പ്രധാനമന്ത്രി ആദ്യമെത്തിയത്. ഇതിന് പിന്നാലെ പരിക്കേറ്റവര്‍ കഴിയുന്ന ആശുപത്രിയിലെത്തി ചികിത്സയില്‍ കഴിയുന്നവരെ ആശ്വസിപ്പിച്ചു. കഴിഞ്ഞ ദിവസം ആഭ്യന്തരമന്ത്രി അമിത് ഷായും ദുരന്ത സ്ഥലത്തെത്തിയിരുന്നു.
വിമാന ദുരന്തത്തില്‍ 294 പേര് മരിച്ചതായി സ്ഥിരീകരിച്ചിട്ടുണ്ട്. രണ്ട് പതിറ്റാണ്ടിനിടെ രാജ്യം സാക്ഷ്യം വഹിച്ച ഏറ്റവും വലിയ വിമാനാപകടമാണ് അഹമ്മദാബാദില്‍ സംഭവിച്ചത്. വ്യാഴാഴ്ച വിമാനത്താവളത്തില്‍നിന്ന് പറന്നുയര്‍ന്ന് മിനിറ്റുകള്‍ക്കുള്ളില്‍ 15 കിലോമീറ്ററകലെ ജനവാസ കേന്ദ്രത്തിലാണ് എയര്‍ ഇന്ത്യ വിമാനം തകര്‍ന്നുവീണത്. മേഘാനി നഗറിലെ മെഡിക്കല്‍ കോളേജ് ഹോസ്റ്റല്‍ കെട്ടിടത്തിലേക്കാണ് വിമാനം ഇടിച്ചിറങ്ങിയത്. മരിച്ചവരില്‍ ഹോസ്റ്റലിലുണ്ടായിരുന്ന 10 മെഡിക്കല്‍ വിദ്യാര്‍ഥികളും സമീപവാസികളും ഉള്‍പ്പെടുന്നു.
അപകടത്തില്‍ പെട്ട വിമാനത്തില്‍ യാത്രക്കാരും ജീവനക്കാരുമുള്‍പ്പെടെ 242 പേരാണ് ഉണ്ടായിരുന്നത്. ഇതില്‍ 241 പേരും കൊല്ലപ്പെട്ടു. ഇന്ത്യന്‍ വംശജനായ ബ്രിട്ടീഷ് പൗരന് വിശ്വാസ് കുമാര്‍ എന്ന യാത്രക്കാരന് മാത്രമാണ് അത്ഭുതകരമായി രക്ഷപ്പെട്ടത്.