നോട്ടുകെട്ട് പുറത്തേക്ക് വലിച്ചെറിഞ്ഞ് ആര്‍.ടി.ഒ ഉദ്യോഗസ്ഥര്‍; കുറ്റിച്ചെടികള്‍ക്കിടയില്‍ നിന്ന് തപ്പിയെടുത്ത് വിജിലന്‍സ്; മിന്നല്‍ പരിശോധനയില്‍ കണ്ടെത്തിയത് വ്യാപക ക്രമക്കേടുകള്‍

Update: 2025-07-19 16:00 GMT

മലപ്പുറം: സംസ്ഥാനത്തെ വിവിധ ആര്‍ടിഒ ഓഫീസുകളില്‍ വിജിലന്‍സ് നടത്തിയ മിന്നല്‍ പരിശോധനയില്‍ കണ്ടെത്തിയത് വ്യാപക ക്രമക്കേടുകള്‍. തിരൂര്‍ ജോയന്റ് ആര്‍ടിഒ ഓഫീസില്‍ മലപ്പുറം വിജിലന്‍സ് സി.ഐ കെ.റഫീഖിന്റെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്. ഓഫീസില്‍ ഡ്യൂട്ടിയിലുണ്ടാവേണ്ട നാല് ഉദ്യോഗസ്ഥരെ പരിശോധനക്കെത്തിയപ്പോള്‍ തിരൂരിലെ ഓഫീസില്‍ കണ്ടില്ല. ഡ്രൈവിങ് ടെസ്റ്റ് ഗ്രൗണ്ടില്‍ സിസിടിവി ക്യാമറ പ്രവര്‍ത്തിക്കുന്നില്ല. ക്യാഷ് ഡിക്ലറേഷന്‍ രജിസ്റ്ററില്‍ ഒപ്പിട്ടിട്ടില്ല തുടങ്ങിയ ക്രമക്കേടുകളും കണ്ടെത്തി.

നിലമ്പൂര്‍ ജോ.ആര്‍ടിഒ ഓഫീസില്‍ വിജിലന്‍സ് പരിശോധന നടക്കുമ്പോള്‍ പുറത്തേക്ക് വലിച്ചെറിഞ്ഞ നോട്ടുകെട്ട് കണ്ടെത്തി. പുറത്തേക്കെറിഞ്ഞ നോട്ടുകള്‍ വിജിലന്‍സ് ഉദ്യോഗസ്ഥര്‍ കുറ്റിച്ചെടികള്‍ക്കിടയില്‍ നിന്നാണ് കണ്ടെടുത്തത്. നോട്ടുകള്‍ പുറത്തേക്കെറിഞ്ഞ ഉദ്യോഗസ്ഥരെ കുറിച്ചുള്ള വിവരങ്ങള്‍ ലഭ്യമായിട്ടില്ല. 49,300 രൂപയാണ് ഓഫീസിന്റെ കെട്ടിട വളപ്പില്‍ നിന്ന് കണ്ടെടുത്തത്. ഒരു ഏജന്റിന്റെ കയ്യില്‍ നിന്ന് 4500 രൂപയും വിജിലന്‍സ് പിടികൂടി. നിലമ്പൂരില്‍ രാത്രിയിലും പരിശോധന തുടര്‍ന്നു.

പുതിയ വാഹനങ്ങളുടെ രജിസ്ട്രേഷന്‍, അന്യ സംസ്ഥാനങ്ങളില്‍ നിന്ന് കൊണ്ടുവരുന്ന വാഹന രജിസ്ട്രേഷന്‍, ഡ്രൈവിങ് ലൈസന്‍സ്, ഫിറ്റ്നസ് എന്നിങ്ങനെ ചെറുതും വലുതുമായ ആവശ്യങ്ങള്‍ക്ക് ഓരോരുത്തരില്‍ നിന്നും ഇടനിലക്കാര്‍ വഴി കൈക്കൂലി വാങ്ങുന്നുവെന്ന പരാതി ലഭിച്ചതിനെ തുടര്‍ന്നാണ് മിന്നല്‍ പരിശോധന നടത്തിയത്.

Similar News