വിവാഹം കഴിഞ്ഞപ്പോഴത്തെ സ്‌നേഹം ഭര്‍ത്താവിന് ഇപ്പോള്‍ ഇല്ല; ഓരോ ദിവസം കഴിയുംതോറും തന്നേക്കാള്‍ കുഞ്ഞിനോട് കൂടുതല്‍ സ്‌നേഹം കാണിക്കുന്നുണ്ടെന്ന് തോന്നല്‍; 45 ദിവസം പ്രായമുള്ള കുഞ്ഞിന്റെ വായില്‍ ടിഷ്യു പേപ്പര്‍ തിരുകി കയറ്റി ക്രൂര കൊലപാതകം; മാര്‍ത്താണ്ഡത്ത് അമ്മ അറസ്റ്റില്‍
നവജാത ശിശുവിനെ കൊലപ്പെടുത്തിയെന്ന കേസില്‍ അമ്മ അറസ്റ്റില്‍
തിരുവനന്തപുരം: നവജാത ശിശുവിനെ കൊലപ്പെടുത്തിയെന്ന കേസില്‍ അമ്മ അറസ്റ്റില്‍. മാര്‍ത്താണ്ഡം കരുങ്കല്‍ പാലൂര്‍ കാട്ടുവിള സ്വദേശി ബെനിറ്റ ജയ അന്നാള്‍ (21) ആണ് അറസ്റ്റിലായത്. ദിണ്ഡിഗല്‍ സ്വദേശി കാര്‍ത്തിക്കുമായുള്ള വിവാഹത്തെത്തുടര്‍ന്ന് ദമ്പതികള്‍ അവിടെ താമസിക്കുകയായിരുന്നു. ഭര്‍ത്താവ് തന്നേക്കാള്‍ സ്‌നേഹം കുട്ടിയോട് പ്രകടിപ്പിച്ചതിലെ പകയാണ് കൊലയ്ക്കു കാരണമെന്ന് യുവതി പൊലീസിനു മൊഴി നല്‍കി.
സംശയം കലശലായതോടെ നവജാത ശിശുവിന്റെ വായില്‍ ടിഷ്യൂ പേപ്പര്‍ തിരുകിക്കയറ്റി ക്രൂരമായി കൊലപ്പെടുത്തുകയായിരുന്നു. 45ദിവസം മുന്‍പാണ് പെണ്‍കുഞ്ഞ് ജനിച്ചത്. തുടര്‍ന്ന് ബെനിറ്റ കുഞ്ഞുമായി നാട്ടിലെത്തി മാതാപിതാക്കളോടൊപ്പം താമസിച്ചുവരികയായിരുന്നു. കഴിഞ്ഞ ദിവസം പുലര്‍ച്ചെ ഭാര്യയെയും കുഞ്ഞിനെയും കാണാനെത്തിയ കാര്‍ത്തിക്, കുഞ്ഞ് അനക്കമില്ലാതെ കിടക്കുന്നത് ശ്രദ്ധിച്ചു. ഉടന്‍തന്നെ സമീപത്തുള്ള സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും കുഞ്ഞ് മരിച്ചതായി ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചു.
തുടര്‍ന്ന് നടത്തിയ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലാണ് കുഞ്ഞിനെ കൊലപ്പെടുത്തിയതാകാമെന്ന് ഡോക്ടര്‍മാര്‍ സംശയം പ്രകടിപ്പിച്ചത്. ഇതിന്റെ അടിസ്ഥാനത്തില്‍ പോലീസ് നടത്തിയ ചോദ്യം ചെയ്യലിലാണ് ബെനിറ്റ കുറ്റം സമ്മതിച്ചത്. ഭര്‍ത്താവ് തന്നേക്കാള്‍ കൂടുതല്‍ സ്‌നേഹം കുഞ്ഞിനോട് പ്രകടിപ്പിച്ചതിലുള്ള വൈരാഗ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് യുവതി പോലീസിന് മൊഴി നല്‍കി.
പൊലീസ് പറയുന്നത്
കരുങ്ങലിനടുത്തുള്ള പാലൂര്‍ കാട്ടുവിളയില്‍ കോളേജ് പഠനം ഉപേക്ഷിച്ച ബെനിറ്റ ഒരു വര്‍ഷം മുമ്പാണ് തിരുപ്പൂരില്‍ ജോലി ചെയ്യുന്നതിനിടെ കാര്‍ത്തിക് (21) എന്നയാളുമായി പ്രണയത്തിലായി കല്ല്യാണം കഴിക്കുന്നത്്. പ്രസവശേഷം ബെനിറ്റ മാതാപിതാക്കളോടൊപ്പമാണ് താമസിച്ചിരുന്നതെന്നും കാര്‍ത്തിക് ഇടയ്ക്കിടെ അമ്മയെയും കുഞ്ഞിനെയും സന്ദര്‍ശിക്കാറുണ്ടായിരുന്നുവെന്നും അടുത്ത ബന്ധുക്കള്‍ പറഞ്ഞു.
ഓരോ ദിവസം കഴിയുംതോറും, കാര്‍ത്തിക് തന്നേക്കാള്‍ കുഞ്ഞിനോട് കൂടുതല്‍ സ്‌നേഹം കാണിക്കുന്നുണ്ടെന്ന് ബെനിറ്റയ്ക്ക് തോന്നിയതോടെയാണ് കുറ്റകൃത്യത്തിലേക്ക് നയിച്ചത്. പതിവുപോലെ വ്യാഴാഴ്ച കാര്‍ത്തിക് ഭാര്യവീട്ടിലെത്തിയപ്പോഴാണ് കുഞ്ഞിനെ അബോധാവസ്ഥയില്‍ കണ്ടെത്തിയത്. ബെനിറ്റയ്ക്കും മാതാപിതാക്കള്‍ക്കും ഒപ്പം കാര്‍ത്തിക് കുഞ്ഞിനെയുമെടുത്ത് കരുങ്ങലിലെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും കുഞ്ഞ് മരിച്ചുവെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു.
മുലപ്പാല്‍ കുടുങ്ങിയാണ് മരണമെന്നായിരുന്നു പ്രാഥമിക നിഗമനം. എന്നാല്‍ കുഞ്ഞിനെ തന്റെ ഭാര്യ ഉപദ്രവിച്ചിട്ടുണ്ടെന്നും ദുരൂഹതയുണ്ടെന്നുമുള്ള കാര്‍ത്തിക്കിന്റെ മൊഴിയില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിക്കുകയായിരുന്നു. പോസ്റ്റ്മോര്‍ട്ടത്തില്‍ കുഞ്ഞിന്റെ നെറ്റിയില്‍ നിന്നും രക്തം വരുന്നതും തൊണ്ടയില്‍ നിന്ന് ടിഷ്യു പേപ്പറും കണ്ടെത്തി. വായില്‍ ടിഷ്യു പേപ്പര്‍ തിരുകിക്കയറ്റിയതിനെ തുടര്‍ന്ന് ശ്വാസംമുട്ടിയാണ് കുട്ടി മരിച്ചതെന്ന് പിന്നീട് സ്ഥിരീകരിച്ചു. ഇതിനു പിന്നാലെയാണ് ബെനിറ്റയെ പൊലീസ് അറസ്റ്റ് ചെയ്തത്.