ഭാര്യയും കുട്ടികളും ഉണ്ടെന്ന വിവരം മറച്ചുവെച്ച് വിവാഹം കഴിച്ചു; ദാമ്പത്യപ്രശ്നങ്ങൾ ഉണ്ടായതോടെ പിരിഞ്ഞുതാമസം; ഭാര്യയെ നടുറോഡിലിട്ട് പട്ടാപ്പകൽ വെടിവെച്ചുകൊന്നു; തോക്കുമായി നിന്ന് ഭീഷണി മുഴക്കിയ ഭർത്താവിനെ പോലീസ് പിടികൂടിയത് ടിയർഗ്യാസ് എറിഞ്ഞ്; കൊല്ലപ്പെട്ട യുവതി മൂന്നാംഭർത്താവിനെ കൊന്നകേസിൽ പ്രതി
ഗ്വാളിയോർ: മധ്യപ്രദേശിലെ ഗ്വാളിയോറിൽ ഭാര്യയെ നടുറോഡിലിട്ട് പട്ടാപ്പകൽ വെടിവെച്ചുകൊന്ന സംഭവത്തിൽ ഭർത്താവിനെ പോലീസ് പിടികൂടിയത് സാഹസികമായി. ഗ്വാളിയോർ സ്വദേശിനിയായ നന്ദിനി (28)യാണ് കൊല്ലപ്പെട്ടത്. പ്രതിയായ ഭർത്താവ് അരവിന്ദ് പരിഹാറാണ് പോലീസിന്റെ പിടിയിലായത്.
വെള്ളിയാഴ്ച വൈകുന്നേരത്തോടെയാണ് നടുക്കുന്ന സംഭവം. രൂപ്‌സിങ് സ്റ്റേഡിയത്തിന് സമീപത്തുവെച്ച് വരുകയായിരുന്ന നന്ദിനിയെ ഭർത്താവ് അരവിന്ദ് പരിഹാർ തടഞ്ഞുനിർത്തി. തുടർന്ന് കൈവശമുണ്ടായിരുന്ന തോക്ക് ഉപയോഗിച്ച് യുവതിക്ക് നേരെ അഞ്ചുതവണ വെടിയുതിർക്കുകയായിരുന്നു. വെടിയേറ്റുവീണ നന്ദിനിയെ ഉടൻ സമീപത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു.
സംഭവസ്ഥലത്തെത്തിയ പോലീസ് സംഘത്തെയും പ്രതി തോക്കുചൂണ്ടി ഭീഷണിപ്പെടുത്തി. സ്വയം നിറയൊഴിച്ചുമരിക്കുമെന്നും ആളുകൾക്ക് നേരെ വെടിയുതിർക്കുമെന്നും ഭീഷണിപ്പെടുത്തി ഇയാൾ ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. തുടർന്ന് പോലീസ് കണ്ണീർവാതകം പ്രയോഗിച്ച് പ്രതിയെ കീഴ്‌പ്പെടുത്തുകയായിരുന്നു. പോലീസ് കസ്റ്റഡിയിലെടുക്കുന്നതിനിടെ നാട്ടുകാരും പ്രതിയെ കൈകാര്യംചെയ്തു.
പ്രണയിച്ച് വിവാഹിതരായ ഇരുവരും ദാമ്പത്യപ്രശ്നങ്ങളെത്തുടർന്ന് വേർപിരിഞ്ഞാണ് താമസിച്ചിരുന്നത്. അരവിന്ദിനെതിരെ നന്ദിനി പലതവണ പോലീസിൽ പരാതി നൽകിയിട്ടുണ്ട്. മറ്റൊരു ഭാര്യയും കുട്ടികളും ഉണ്ടെന്ന വിവരം മറച്ചുവെച്ച് വഞ്ചിച്ചതായും സുഹൃത്തുക്കളോടൊപ്പം തന്നെ മർദിച്ചതായും നന്ദിനി പോലീസിന് നൽകിയ പരാതികളിൽ പറയുന്നു. നവംബറിൽ നന്ദിനി നൽകിയ പരാതിയിൽ അരവിന്ദിനെതിരെ കേസെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് കൊലപാതകം നടന്നത്.
എന്നാല്‍, അടുത്തിടെ നന്ദിനിക്ക് മറ്റൊരാളുമായി അടുപ്പമുണ്ടെന്ന് ആരോപിച്ച് ദമ്പതിമാര്‍ക്കിടയില്‍ വീണ്ടും വഴക്കുണ്ടായെന്നും കൊല്ലപ്പെട്ട നന്ദിനി തന്റെ മൂന്നാംഭര്‍ത്താവിനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയായിരുന്നുവെന്നും പോലീസ് പറഞ്ഞു. കൊലക്കേസില്‍ ജയിലിലായിരുന്ന നന്ദിനി 2022-ലാണ് ജയില്‍മോചിതയായതെന്നും പോലീസ് വ്യക്തമാക്കി.