എല്ലാം ഈ 'അക്ക' പറഞ്ഞിട്ട് ചെയ്തതാണ് സാറെ..; സ്റ്റേഷനിൽ ഒരാളുടെ കുറ്റസമ്മതം; ലോറിയിൽ കഞ്ചാവ് കൊണ്ടുവന്ന് വിൽക്കുന്നത് സ്ഥിരം രീതി; ഒടുവിൽ പോലീസിന്റെ മൂവിൽ പ്രതികൾ കുടുങ്ങിയത് ഇങ്ങനെ
പാലക്കാട്: അയൽ സംസ്ഥാനങ്ങളിൽ നിന്നെത്തിച്ച് ജില്ലയിലെ വിവിധയിടങ്ങളിൽ കഞ്ചാവ് മൊത്തമായി വിതരണം ചെയ്യുന്ന പ്രധാന കണ്ണിയായ ഗോപകുമാർ (52) പിടിയിലായി. നെന്മാറ പടപ്പാടത്ത് വീട്ടിൽ താമസിക്കുന്ന ഇയാളെ, ഓഗസ്റ്റ് 8ന് കിഴക്കഞ്ചേരിയിൽ കണ്ടെത്തിയ 13.5 കിലോ കഞ്ചാവുമായി ബന്ധപ്പെട്ട അന്വേഷണത്തിലാണ് പോലീസ് അറസ്റ്റ് ചെയ്തത്.
ആന്ധ്രാ, ഒറീസ സംസ്ഥാനങ്ങളിൽ നിന്ന് ചരക്ക് കടത്തുന്നതിനൊപ്പം കഞ്ചാവും കേരളത്തിലെത്തിച്ച് വിതരണം ചെയ്യുന്നതാണ് ഗോപകുമാറിൻ്റെ രീതി എന്ന് പോലീസ് പറഞ്ഞു. ഓഗസ്റ്റ് 8ന് കിഴക്കഞ്ചേരി നൈനാങ്കാട് പ്രവർത്തിക്കുന്ന വാടക വീട്ടിൽ നിന്നാണ് വൻതോതിൽ കഞ്ചാവ് കണ്ടെത്തിയത്. അന്നത്തെ അന്വേഷണത്തിൽ, കഞ്ചാവ് സൂക്ഷിക്കാനേൽപ്പിച്ച കിഴക്കഞ്ചേരി സ്വദേശി സുന്ദരൻ പിടിയിലായിരുന്നു. തുടർന്ന്, സുന്ദരൻ്റെ മകളുടെ ഭർത്താവിൻ്റെ അമ്മയും അണക്കപ്പാറ സ്വദേശിനിയുമായ സ്വപ്നയെയും പോലീസ് പിടികൂടിയിരുന്നു.
ഗോപകുമാർ പിടിലായതോടെ, "അണക്കപ്പാറ അക്ക" എന്നറിയപ്പെടുന്ന സ്വപ്ന സൂക്ഷിച്ചിരുന്ന കഞ്ചാവ് താനാണ് എത്തിച്ചതെന്ന് ഗോപകുമാർ വെളിപ്പെടുത്തിയതായി പോലീസ് അറിയിച്ചു. സ്വപ്നയാണ് അണക്കപ്പാറയിൽ കഞ്ചാവ് വിതരണം ചെയ്യുന്ന പ്രധാനി. സ്വപ്നയെ ചോദ്യം ചെയ്തപ്പോഴാണ് ഗോപകുമാറിനെക്കുറിച്ചുള്ള വിവരം പോലീസിന് ലഭിച്ചത്. അന്നും സ്വപ്നയെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. നിലവിൽ ഗോപകുമാറും സ്വപ്നയും റിമാൻഡിലാണ്.
സ്വപ്നയ്ക്ക് സ്ഥിരമായി കഞ്ചാവ് എത്തിച്ചു നൽകുന്നത് ഗോപകുമാറാണെന്ന് പോലീസ് വ്യക്തമാക്കി. ഇയാളെ പിടികൂടിയതോടെ, പാലക്കാട് ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ഗോപകുമാർ കഞ്ചാവ് കൈമാറുന്ന മറ്റുള്ളവരെക്കുറിച്ചും പോലീസിന് നിർണായക വിവരങ്ങൾ ലഭിച്ചിട്ടുണ്ട്. ഇയാളുടെ ലോറി മാർഗം അയൽ സംസ്ഥാനങ്ങളിൽ നിന്ന് കഞ്ചാവ് എത്തിച്ച് വിവിധ കച്ചവടക്കാർക്ക് വിതരണം ചെയ്യുന്നതായാണ് പോലീസ് പറയുന്നത്. ഈ അറസ്റ്റ് ജില്ലയിലെ കഞ്ചാവ് വിതരണ ശൃംഖലയെ കാര്യമായി ബാധിക്കുമെന്നാണ് വിലയിരുത്തൽ.