മുന്‍കാമുകനെതിരെ പീഡന കേസ് നല്‍കി; ഒരു കോടി രൂപ നല്‍കിയില്ലെങ്കില്‍ മാധ്യമങ്ങളിലൂടെ അപകീര്‍ത്തിപ്പെടുത്തുമെന്ന് ഭീഷണി; പണം തരൂ, അല്ലെങ്കില്‍ ജയിലില്‍ കിടന്നു മരിക്കും എന്ന് സന്ദേശം: ബാങ്ക് ജീവനക്കാരി അറസ്റ്റില്‍

മുന്‍കാമുകനെതിരെ പീഡന കേസ് നല്‍കി; ബാങ്ക് ജീവനക്കാരി അറസ്റ്റില്‍

Update: 2025-08-08 02:13 GMT

മുംബൈ: മുന്‍ കാമുകനെ പീഡനക്കേസില്‍ കുടുക്കി ഒരു കോടി രൂപ തട്ടാന്‍ ശ്രമിച്ച യുവതിയെ പോലിസ് അറസ്റ്റ് ചെയ്തു. ഐടി പ്രൊഫഷണലായ യുവാവിനെ ഭീഷണിപ്പെടുത്തുകയും മാധ്യമങ്ങളിലൂടെ അപകീര്‍ത്തിപ്പെടുത്തുകയും ചെയ്ത സ്വകാര്യ ബാങ്ക് ജീവനക്കാരിയാണ് അറസ്റ്റിലായത്. ഭീഷണിപ്പെടുത്തുക, ബ്ലാക്ക് മെയില്‍ ചെയ്യുക, മുന്‍ പങ്കാളിയുടെ സ്വകാര്യ വിവരങ്ങളും സാമ്പത്തിക വിവരങ്ങളും അനധികൃതമായി കൈവശപ്പെടുത്തുക തുടങ്ങിയ കുറ്റങ്ങളാണ് യുവതിക്കെതിരെ ചുമത്തിയിരിക്കുന്നത്. യുവാവ് തെളിവ് സഹിതം പരാതി നല്‍കിയതോടെ പോലിസ് അറസ്റ്റ് ചെയ്യുക ആയിരുന്നു.

ഡോളി കോട്ടക് എന്ന് യുവതിയെ ആണ് ചാര്‍കോപ്പ് പൊലീസ്് അറസ്റ്റ് ചെയ്തത്. ഒരു കേസില്‍ പ്രതിയായി ജയിലിലായ ഐടി പ്രൊഫഷണലിന് ജാമ്യം ലഭിച്ചതിന് പിന്നാലെയാണ് ഇയാള്‍ക്കിതെരെ കാമുകി രംഗത്ത് എത്തുന്നത്. കേസിന്റെ കാര്യത്തിനായി യുവാവ് കോടതിയില്‍ എത്തിയതിന് പിന്നാലെ ഡോളി കോടതിയില്‍ വെച്ച് ഇദ്ദേഹത്തിന്റെ സഹോദരിയെ സമീപിച്ച് ഒരു കോടി രൂപ ആവശ്യപ്പെട്ടു. പണം നല്‍കിയാല്‍ മുന്‍ പങ്കാളിക്കെതിരെ പീഡനക്കേസ് നല്‍കുമെന്ന് ഭീഷണിപ്പെടുത്തി. പണം നല്‍കിയാല്‍ ഒരു നോ ഒബ്ജക്ഷന്‍ സ്റ്റേറ്റ്‌മെന്റ് നല്‍കാമെന്നും അല്ലാത്തപക്ഷം മാധ്യമങ്ങളിലൂടെ അപകീര്‍ത്തിപ്പെടുത്തുമെന്നും യുവതി ഭീഷണിപ്പെടുത്തി.

ഇരയുടെ ഇമെയിലുമായി സ്വന്തം മൊബൈല്‍ നമ്പര്‍ ബന്ധിപ്പിക്കുക, ലൊക്കേഷന്‍ ട്രാക്ക് ചെയ്യുക, സ്വകാര്യ ഫോട്ടോകള്‍ എടുക്കുക, ഓണ്‍ലൈന്‍ ബാങ്ക് അക്കൗണ്ടുകള്‍ ആക്‌സസ് ചെയ്യുക തുടങ്ങിയ കാര്യങ്ങളാണ് ഡോളി ചെയ്തത്. 2024 മെയ് മാസത്തില്‍, 'നിങ്ങള്‍ ഒരിക്കലും വിജയിക്കില്ല, വേദനയോടെ മരിക്കും. പണം തരൂ, അല്ലെങ്കില്‍ ജയിലില്‍ കിടന്നു മരിക്കും' എന്ന് ഭീഷണിപ്പെടുത്തിക്കൊണ്ടുള്ള സന്ദേശങ്ങള്‍ ഡോളി അയച്ചിരുന്നു. ദിവസങ്ങള്‍ക്കകം ഇരയെക്കുറിച്ച് അപകീര്‍ത്തികരമായ ഇമെയിലുകള്‍ അദ്ദേഹത്തിന്റെ കമ്പനിയിലെ എച്ച്ആര്‍ വിഭാഗത്തിന് അയക്കുകയും, ഇതേത്തുടര്‍ന്ന് ഇദ്ദേഹത്തിന് ജോലി നഷ്ടപ്പെടുകയും ചെയ്തു. ഇതോടെ ഇരയായ യുവാവ് ബോറിവാലി മജിസ്ട്രേറ്റിനെ സമീപിക്കുകയായിരുന്നു. തുടര്‍ന്ന് ഭാരതീയ നാഗരിക് സുരക്ഷാ സംഹിത (ആചടട) സെക്ഷന്‍ 175(3) പ്രകാരം എഫ്‌ഐആര്‍ ഫയല്‍ ചെയ്യാന്‍ കോടതി ചാര്‍കോപ്പ് പൊലീസിനോട് ഉത്തരവിട്ടു.

സംഭവത്തില്‍ ഡോളിക്ക് മറ്റ് മൂന്ന് സ്വകാര്യ ബാങ്ക് ജീവനക്കാരുടെ സഹായം ലഭിച്ചതായി പൊലീസ് കണ്ടെത്തി. എച്ച്ഡിഎഫ്‌സി ബാങ്കിലെ ഹര്‍ഷ് ശ്രീവാസ്തവ, അനന്ത് റൂയ്യ, ഐസിഐസിഐ ബാങ്കിലെ ജയേഷ് ഗെയ്ക്വാഡ് എന്നിവരാണ് അറസ്റ്റിലായ മറ്റു പ്രതികള്‍. ഇവരുടെ സഹായത്തോടെ ഇവര്‍ ഇരയുടെ ഡിജിറ്റല്‍ ഡാറ്റ അനധികൃതമായി ചോര്‍ത്തിയതായും ആരോപണമുണ്ട്.

കേസില്‍ ഡോളി കോട്ടക്ക്, സഹോദരന്‍ സാഗര്‍ കോട്ടക്ക്, സുഹൃത്ത് പ്രമീള വാസ്, മൂന്ന് ബാങ്ക് ജീവനക്കാര്‍ എന്നിവരടക്കം ആറ് പേരെ പ്രതിചേര്‍ത്തിട്ടുണ്ട്. ഇന്ത്യന്‍ ശിക്ഷാ നിയമം, ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി ആക്റ്റ്, ബിഎന്‍എസ്എസ് എന്നിവയിലെ വിവിധ വകുപ്പുകള്‍ പ്രകാരമാണ് ഇവര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. പരാതിക്കാരനും പ്രതിയും തമ്മില്‍ മുന്‍പ് ബന്ധമുണ്ടായിരുന്നുവെന്ന് എഫ്‌ഐആറില്‍ പറയുന്നു.

Tags:    

Similar News