കെട്ടിടത്തിനുള്ളില്‍ കയറിയ ദമ്പതിമാർ ഒരു നിമിഷം പതറി; ചലനങ്ങൾ ഒട്ടുമില്ലാതെ ശരീരം; പേടിച്ചു വിറങ്ങലിച്ച നിമിഷം; ഒരൊറ്റ ഫോൺ കോളിൽ സ്ഥലത്ത് പോലീസ് അടക്കം പാഞ്ഞെത്തി; പരിശോധനയിൽ കണ്ടുനിന്നവർ വരെ ചിരിച്ച് വഴിയായി; കഥയിൽ മുട്ടൻ ട്വിസ്റ്റ്!
ലണ്ടൻ: യുകെയിൽ യോഗാ ക്ലാസ്സിലെ ശവാസനത്തെ കൂട്ടക്കൊലയായി തെറ്റിദ്ധരിച്ച് ദമ്പതിമാർ പോലീസിനെ അറിയിച്ച സംഭവം കൗതുകമുണർത്തുന്നു. ലിങ്കൺഷയറിലെ സീസ്‌കേപ് കഫേയിൽ വെച്ച് നടന്ന സംഭവത്തിൽ, യോഗ ചെയ്യുന്നവരെ കണ്ട ദമ്പതിമാർ അവ മരിച്ചുകിടക്കുന്നവരാണെന്ന് തെറ്റിദ്ധരിച്ചാണ് പോലീസിൽ വിവരം നൽകിയത്.
സെപ്റ്റംബർ മാസത്തിൽ, 22 കാരിയായ മില്ലി ലോസ് ആണ് ക്ലാസ് നയിച്ചിരുന്നത്. ഏഴ് വിദ്യാർത്ഥികളാണ് ക്ലാസ്സിൽ പങ്കെടുത്തത്. യോഗാസനങ്ങൾ കഴിഞ്ഞ് വിശ്രമിക്കുന്നതിനായി വിദ്യാർത്ഥികൾ ശവാസനം ചെയ്യാൻ കിടന്നപ്പോൾ, നേരിയ വെളിച്ചത്തിൽ അവരെ കണ്ട ദമ്പതിമാർ ഭയചകിതരായി. കെട്ടിടത്തിനുള്ളിൽ ചലനമറ്റ നിലയിൽ കിടക്കുന്നത് കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങളാണെന്നും, ചില ദുർമന്ത്രവാദ ചടങ്ങുകൾ നടക്കുന്നതായും ദമ്പതിമാർ പോലീസിനോട് പറഞ്ഞു.
തുടർന്ന് പോലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തിയപ്പോഴാണ് യോഗാ ക്ലാസ് നടക്കുന്നതായും, ശവാസനം ചെയ്യുന്നവരെയാണ് ദമ്പതിമാർ കണ്ടതെന്നുമുള്ള യാഥാർത്ഥ്യം മനസ്സിലാക്കിയത്. പോലീസിന്റെ ഇടപെടലിൽ മില്ലി ലോസ് അമ്പരന്നു. ഈ സംഭവം സംബന്ധിച്ച് സീസ്‌കേപ് കഫേ അവരുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ വിശദീകരണം നൽകിയിട്ടുണ്ട്. യോഗ പരിശീലനത്തിനിടയിൽ നടക്കുന്ന സാധാരണ കാര്യങ്ങളെ തെറ്റായി വ്യാഖ്യാനിച്ചതാണ് ഇത്തരം തെറ്റിദ്ധാരണക്ക് കാരണമായതെന്ന് കഫേ അധികൃതർ വ്യക്തമാക്കി.