ആണ്‍സുഹൃത്തിനൊപ്പമുള്ള ഭര്‍തൃമതിയായ യുവതിയുടെ സ്വകാര്യ ദൃശ്യങ്ങള്‍ പകര്‍ത്തി; ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി ബ്ലാക്ക്‌മെയിലിങ്; നടുവില്‍ സ്വദേശികളായ സഹോദരങ്ങളടക്കം മൂന്ന് പേര്‍ക്കെതിരെ പരാതി; രണ്ടുപേര്‍ അറസ്റ്റില്‍
കണ്ണൂര്‍: ഭര്‍തൃമതിയായ യുവതിയുടെ ആണ്‍സുഹൃത്തുമായുള്ള സ്വകാര്യ ദൃശ്യങ്ങള്‍ രഹസ്യമായി മൊബൈല്‍ ഫോണ്‍ കാമറയില്‍ ചിത്രീകരിച്ച് ബ്ലാക്ക്‌മെയില്‍ ചെയ്ത കേസില്‍ രണ്ടുപേര്‍ അറസ്റ്റില്‍. ആലക്കോട് സ്വദേശിയായ യുവാവുമായി യുവതിയുടെ ബന്ധം മനസിലാക്കി ഇരുവരും ഒന്നിച്ചുള്ള ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തി ഭീഷണിപ്പെടുത്തുകയായിരുന്നു. നടുവില്‍ സ്വദേശികളായ പള്ളിത്തട്ട് രാജ്ഭവന്‍ ഉന്നതിയിലെ കിഴക്കിനടിയില്‍ ഷമല്‍ (21), ടെക്‌നിക്കല്‍ സ്‌കൂളിനു സമീപത്തെ ചെറിയാണ്ടിയന്റകത്ത് ലത്തീഫ് (46) എന്നിവരെയാണ് കുടിയാന്‍മല പൊലീസ് അറസ്റ്റ് ചെയ്തത്.
കേസിലെ ഒന്നാം പ്രതി പള്ളിത്തട്ട് രാജ്ഭവന്‍ ഉന്നതിയിലെ കിഴക്കിനടിയില്‍ ശ്യാം (23) ഒരു അടിപിടി കേസില്‍ കണ്ണൂര്‍ സബ്ജയിലില്‍ കഴിയുന്നതിനാല്‍ അറസ്റ്റ് പിന്നീട് രേഖപ്പെടുത്തുമെന്ന് പൊലീസ് പറഞ്ഞു. രണ്ടാം പ്രതി ഷമലിന്റെ സഹോദരനാണ് ശ്യാം. കഴിഞ്ഞ ഫെബ്രുവരിയിലാണ് കേസിന് ആധാരമായ സംഭവം. യുവതിക്ക് ആലക്കോട് സ്വദേശിയായ ഒരാളുമായി സൗഹൃദമുണ്ടായിരുന്നു. ഇയാള്‍ ഇടക്കിടെ വീട്ടിലെത്താറുണ്ട്. ഇത് മനസ്സിലാക്കിയ യുവാക്കള്‍ സംഘടിച്ചെത്തി യുവാവിന്റെ നീക്കങ്ങള്‍ വീക്ഷിച്ചു. യുവതിയും യുവാവും കിടപ്പുമുറിയില്‍ പ്രവേശിക്കുന്നതും തുടര്‍ന്നുള്ള ദൃശ്യങ്ങളും ചിത്രീകരിച്ചു. മൂവരും ഒരുമിച്ചാണ് കിടപ്പുമുറി ചിത്രങ്ങള്‍ പകര്‍ത്തിയതെന്ന് പൊലീസ് പറഞ്ഞു.
പിന്നീട് ഈദൃശ്യം ഉപയോഗിച്ച് ശ്യാമും ഷമലും യുവതിയെ ബ്ലാക്ക് മെയില്‍ ചെയ്യാന്‍ തുടങ്ങി. ആദ്യം കുറച്ചു പണം യുവതിയില്‍ നിന്ന് ഇവര്‍ കൈക്കലാക്കി. പണം കൈപ്പറ്റിയശേഷം യുവതിയുടെ മുമ്പില്‍നിന്ന് ഫോണിലുള്ള ദൃശ്യം കളഞ്ഞതായി കാണിച്ചു. എന്നാല്‍, ഇതിനുശേഷവും പണം ആവശ്യപ്പെട്ട് പ്രതികള്‍ യുവതിയെ സമീപിച്ചു. ദൃശ്യം കാണിച്ച് തനിക്ക് വഴങ്ങണമെന്നും പണം തരണമെന്നും പിന്നീട് ലത്തീഫ് യുവതിയോട് ആവശ്യപ്പെട്ടു. ദൃശ്യം സമൂഹമാധ്യമത്തില്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയതോടെയാണ് യുവതി കുടിയാന്‍മല പൊലീസില്‍ പരാതി നല്‍കിയത്.
പ്രതികളെ തളിപ്പറമ്പ് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. തളിപ്പറമ്പ് ഡിവൈ.എസ്.പി കെ.ഇ. പ്രേമചന്ദ്രന്റെ നിര്‍ദേശ പ്രകാരം കുടിയാന്‍മല പൊലീസ് ഇന്‍സ്‌പെക്ടര്‍ എം.എന്‍. ബിജോയിയാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. ഷമലിനെ വീട്ടിലും ലത്തീഫിനെ തളിപ്പറമ്പിലുംവെച്ചാണ് പിടികൂടിയത്. എ.എസ്.ഐമാരായ സി.എച്ച്. സിദ്ദീഖ്, സുജിത്ത്, പവിത്രന്‍, സി.പി.ഒമാരായ ബിജു കരിപ്പാല്‍, പി.പി. പ്രമോദ് എന്നിവരും സംഘത്തിലുണ്ടായിരുന്നു.