ചില്ല് ഗ്ലാസിന് അപ്പുറം നിന്ന ജീവനക്കാർ; പുറം കാഴ്ചകളിൽ കണ്ണ് ഓടിക്കവേ ഒരു കാറിന്റെ വരവിൽ പന്തികേട്; നിമിഷനേരം കൊണ്ട് ഇടിച്ചുകയറ്റി പരിഭ്രാന്തി; പിന്നാലെ ജ്വല്ലറിയിലേക്ക് ഒരുകൂട്ടം മുഖംമൂടിധാരികളുടെ എൻട്രി; എങ്ങും സിനിമയെ വെല്ലും രംഗങ്ങൾ; നടുക്കുന്ന ദൃശ്യങ്ങൾ പുറത്ത്
കാലിഫോർണിയയിലെ സാൻ റാമോണിലുള്ള ഹെല്ലർ ജ്വല്ലറിസിലാണ് ഞെട്ടിക്കുന്ന സംഭവം. 25 ഓളം മുഖംമൂടി ധരിച്ചെത്തിയ സംഘം കടയ്ക്കുള്ളിൽ അതിക്രമിച്ചു കയറി ഒരു മില്യൺ ഡോളറിലധികം (ഏകദേശം 8.3 കോടി ഇന്ത്യൻ രൂപ) വിലവരുന്ന രത്നങ്ങളും സ്വർണ്ണാഭരണങ്ങളും മോഷ്ടിച്ചു. സിനിമാ രംഗങ്ങളെ ഓർമ്മിപ്പിക്കുന്ന രീതിയിലുള്ള ഈ അതിക്രമം തിങ്കളാഴ്ചയാണ് നടന്നതെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
സംഭവത്തെക്കുറിച്ച് സാൻ റാമോൺ പോലീസ് ഡിപ്പാർട്ട്‌മെന്‍റിലെ ലെഫ്റ്റനന്‍റ് മൈക്ക് പിസ്റ്റെല്ലോ നൽകിയ വിവരങ്ങൾ അനുസരിച്ച്, അതിക്രമിച്ചു കയറിയവർ കടയുടെ നിയന്ത്രണം ഏറ്റെടുത്ത ശേഷം ലഭ്യമായ മുഴുവൻ ആഭരണങ്ങളും കൊള്ളയടിച്ചു. ഭാഗ്യവശാൽ, ആക്രമണത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല.
നിരീക്ഷണ ക്യാമറകളിൽ പതിഞ്ഞ ദൃശ്യങ്ങൾ പ്രകാരം, ചുറ്റികകൾ, ബാഗുകൾ, തോക്കുകൾ എന്നിവയുമായി അതിക്രമിച്ച് കയറിയ മോഷ്ടാക്കൾ വിലപിടിപ്പുള്ള വസ്തുക്കൾ എടുക്കാൻ ഗ്ലാസ് ഡോറുകൾ തകർക്കുകയായിരുന്നു. മോഷണ ശേഷം കടയിലുണ്ടായിരുന്ന ജീവനക്കാരെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയാണ് അക്രമികൾ രക്ഷപ്പെട്ടത്.
ആറ് വാഹനങ്ങളിലായാണ് മോഷ്ടാക്കൾ ജ്വല്ലറിയിലേക്ക് എത്തിയതെന്നും, മോഷണ ശേഷം ഈ വാഹനങ്ങളിൽ രക്ഷപ്പെടുകയായിരുന്നുവെന്നും പോലീസ് അറിയിച്ചു. സംഭവത്തിന്‍റെ സിസിടിവി ദൃശ്യങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയാണ്. കറുത്ത വസ്ത്രം ധരിച്ച മുഖംമൂടിധാരികൾ കടയിലേക്ക് ഇരച്ചുകയറുന്നതും ജീവനക്കാർക്ക് നേരെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തുന്നതും ദൃശ്യങ്ങളിൽ കാണാം. മറ്റ് ചിലർ കടയിൽ സൂക്ഷിച്ചിരുന്ന സ്വർണ്ണ, രത്നാഭരണങ്ങൾ പിക്കാസും ചുറ്റികയുമുപയോഗിച്ച് തല്ലിത്തകർത്ത് മോഷ്ടിക്കുന്നതും കാണാം. സംഘം റിസപ്ഷനിലുള്ള പണവും കൈക്കലാക്കിയ ശേഷമാണ് സ്ഥലം വിട്ടത്.
സംഭവവുമായി ബന്ധപ്പെട്ട് പ്രായപൂർത്തിയാകാത്ത ഒരാൾ ഉൾപ്പെടെ ഏഴ് പേരെ പോലീസ് ഇതിനോടകം കസ്റ്റഡിയിലെടുത്തിട്ടുണ്ട്. അവർ രക്ഷപ്പെടാൻ ഉപയോഗിച്ച വാഹനങ്ങളും പോലീസ് പിടിച്ചെടുത്തിട്ടുണ്ട്. മറ്റ് പ്രതികൾക്കായുള്ള അന്വേഷണം പോലീസ് ശക്തമാക്കിയിട്ടുണ്ട്. അടുത്തിടെയായി യു.എസ്.എയിൽ ഇത്തരം ജ്വല്ലറി മോഷണങ്ങൾ വർധിച്ചു വരികയാണ്.