ബേപ്പൂര്‍ സ്വദേശിനിയായ സഹപാഠിയുടെ വീട്ടില്‍ താമസിക്കാനെത്തി; 36 പവന്‍ സ്വര്‍ണം മോഷ്ടിച്ച ശേഷം വിദേശത്തേക്ക് കടന്നു: ആന്ധ്രാപ്രദേശ് സ്വദേശിനിയായ യുവതി മുംബൈയില്‍ അറസ്റ്റില്‍

സഹപാഠിയുടെ വീട്ടിലെത്തി 36 പവൻ സ്വർണവുമായി കടന്നു

Update: 2025-10-17 00:22 GMT

കോഴിക്കോട്: സഹപാഠിയുടെ വീട്ടില്‍ വിരുന്നെത്തിയ ശേഷം 36 പവന്‍ സ്വര്‍ണം മോഷ്ടിച്ച് വിദേശത്തേക്കു കടന്ന യുവതി മുംബൈയില്‍ പിടിയിലായി. ആന്ധ്രപ്രദേശ് വിജയവാഡ സ്വദേശിനി തോട്ടാബാനു സൗജന്യ (24) ആണ് അറസ്റ്റിലായത്. ബേപ്പൂര്‍ സ്വദേശിനിയും സൗജന്യയുടെ സഹപാഠിയുമായ ഗായത്രിയുടെ വീട്ടില്‍ നിന്നാണ് സ്വര്‍ണം മോഷ്ടിച്ചത്. ഗായത്രിക്കൊപ്പം ബേപ്പൂരിലെ വീട്ടില്‍ വിരുന്നെത്തിയ ശേഷം സ്വര്‍ണം മോഷ്ടിച്ച് മുങ്ങുക ആയിരുന്നു.

ഗായത്രിയും സൗജന്യയും ബെംഗളൂരുവിലെ കോളജില്‍ പിജിക്ക് ഒരുമിച്ചാണ് പഠിച്ചിരുന്നത്. ഇക്കഴിഞ്ഞ ജൂലൈ 17നാണ് ഗായത്രിയോടൊപ്പം ബേപ്പൂരിലെ വീട്ടില്‍ സൗജന്യ താമസിക്കാനെത്തിയത്. ജൂലൈ 19ന് തിരിച്ചുപോകുമ്പോള്‍ വീട്ടില്‍ നിന്ന് 36 പവന്‍ ആഭരണങ്ങളും മോഷ്ടിച്ചാണ് സൗജന്യ പോയത്. എന്നാല്‍ മോഷണ വിവരം ആരും അറിഞ്ഞതുമില്ല.

ബേപ്പൂരില്‍ നിന്നും പോയ സൗജന്യ കോളേജില്‍ പഠിക്കാനും എത്തിയില്ല. തനിക്ക് ഗുജറാത്തില്‍ പട്ടാളത്തില്‍ ജോലി കിട്ടിയെന്നും ഇനി പഠിക്കാന്‍ വരില്ലെന്നുമാണ് സൗജന്യ കോളജ് അധികൃതരെ അറിയിച്ചത്. മോഷ്ടിച്ച സ്വര്‍ണം പണയം വച്ചും വിറ്റും കിട്ടിയ കാശുകൊണ്ട് താന്‍സാനിയായിലുള്ള ബന്ധുവിന്റെ അടുത്തേക്കു പോവുകയും ചെയ്തു. കഴിഞ്ഞ ദിവസം ഗുജറാത്തില്‍ വന്നിറങ്ങി അനുജത്തിയുടെ കൂടെ താമസിക്കുമ്പോഴാണ് പൊലീസിന് വിവരം ലഭിച്ചത്.

സൗജന്യയെ തേടി പൊലീസ് പുറപ്പെട്ടതിനിടെ ഇവര്‍ ഗുജറാത്തില്‍ നിന്നു മുംബൈയിലേക്ക് വിമാനത്തില്‍ വന്നു. മുംബൈയില്‍ നിന്നു ഹൈദരാബാദിലേക്കു പോകാന്‍ തയ്യാറെടുക്കുമ്പോഴാണ് മൂന്ന് സംഘങ്ങളായി ഗുജറാത്ത്, അഹമ്മദാബാദ്, മുംബൈ എന്നിവിടങ്ങളില്‍ നിലയുറപ്പിച്ചിരുന്ന പൊലീസ് പ്രതിയെ വലയിലാക്കിയത്. പ്രതിയെ വെള്ളിയാഴ്ച കേരളത്തിലെത്തിക്കും. ഫറോക്ക് എസിപി എ.എം.സിദ്ദിഖ്, എസ്‌ഐ സുജിത്, ബേപ്പൂര്‍ എസ്‌ഐ നൗഷാദ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്.

Tags:    

Similar News