സഹോദരിയെ പ്രണയിച്ച ശേഷം വിവാഹത്തില്‍ നിന്നും പിന്മാറി; മറ്റൊരു യുവതിയുമായി അടുപ്പത്തിലായി; ഭര്‍തൃ സഹോദരനോട് യുവതിയുടെ പ്രതികാരം; 20കാരന്റെ ജനനേന്ദ്രിയം മുറിച്ചുമാറ്റി; ഒളിവില്‍ പോയ പ്രതിയെ കണ്ടെത്താന്‍ തിരച്ചിലുമായി പൊലീസ്
ലഖ്‌നൗ: തന്റെ സഹോദരിയുമായുള്ള പ്രണയ ബന്ധം ഉപേക്ഷിച്ച് മറ്റൊരു യുവതിയുമായി അടുപ്പത്തിലായ ഭര്‍തൃസഹോദരന്റെ ജനനേന്ദ്രിയം മുറിച്ചുമാറ്റി യുവതിയുടെ പ്രതികാരം. പ്രണയബന്ധം തകര്‍ന്നതോടെ സഹോദരി വിഷാദത്തിലേക്ക് പോയതാണ് ഭര്‍തൃസഹോദരനോട് പ്രതികാരം ചെയ്യാന്‍ യുവതിയെ പ്രേരിപ്പിച്ചത്. യുപിയിലെ പ്രയാഗ് രാജിലെ മൗഐമയിലാണ് സംഭവം. മാല്‍ഖന്‍പൂര്‍ സ്വദേശിയായ 20കാരന്‍ ഉമേഷാണ് ക്രൂരതയ്ക്ക് ഇരയായത്. ഇയാളുടെ സഹോദര ഭാര്യ മഞ്ജുവാണ് ആക്രമിച്ചത്. ചോദ്യം ചെയ്യലിന് പിന്നാലെ ഒളിവില്‍ പോയ മഞ്ജുവിനെ കണ്ടെത്താനുള്ള അന്വേഷണത്തിലാണ് പൊലീസ്.
ഒക്ടോബര്‍ 16നാണ് നാടിനെ നടുക്കിയ സംഭവം. രാത്രി വീട്ടില്‍ കിടന്ന് ഉറങ്ങുകയായിരുന്ന ഉമേഷിന്റെ നിലവിളി കേട്ട് വീട്ടുകാര്‍ ഓടിയെത്തിയപ്പോഴാണ് ചോരയില്‍ കുളിച്ചുനില്‍ക്കുന്ന യുവാവിനെ കണ്ടത്. ജനനേന്ദ്രിയം മുറിച്ചുമാറ്റപ്പെട്ട നിലയില്‍ വേദന കൊണ്ട് പുളയുന്ന ഉമേഷിനെ വീട്ടുകാര്‍ ഉടന്‍ തന്നെ ആശുപത്രിയിലെത്തിക്കുകയും അജ്ഞാത ആക്രമണം ചൂണ്ടിക്കാട്ടി പൊലീസില്‍ പരാതി നല്‍കുകയും ചെയ്തു.
ആരാണ് ഇത്തരമൊരു ആക്രമണം നടത്തിയതെന്നോ എന്തിനാണെന്നോ അറിയാത്തതിനാല്‍ വിശദമായി അന്വേഷിക്കാന്‍ തന്നെ പൊലീസ് തീരുമാനിച്ചു. തുടര്‍ന്ന് നടത്തിയ വിശദമായ അന്വേഷണത്തിലാണ് ചില കുടുംബ- പ്രണയബന്ധ പ്രശ്‌നങ്ങളാണ് ആക്രമണത്തിന് കാരണമെന്ന് വ്യക്തമായത്. ഉമേഷിന്റെ ജ്യേഷ്ഠനായ ഉദയ്യുടെ ഭാര്യയായ മഞ്ജുവിന്റെ ഇളയ സഹോദരിയുമായി ഉമേഷ് പ്രണയത്തിലായിരുന്നു. തുടര്‍ന്ന് ഇരുവരും വിവാഹം കഴിക്കാന്‍ തീരുമാനിക്കുകയും ചെയ്തു. എന്നാല്‍ ഇരു കുടുംബക്കാരും ഈ ബന്ധത്തെ എതിര്‍ത്തു.
ഒടുവില്‍, ഉമേഷ് മറ്റൊരു പെണ്‍കുട്ടിയോട് താത്പര്യം പ്രകടിപ്പിച്ച് ഈ ബന്ധത്തില്‍ നിന്ന് പിന്മാറി. ഇത് മഞ്ജുവിന്റെ സഹോദരിയയെ മാനസികമായി ഏറെ തളര്‍ത്തി. അവള്‍ വിഷാദത്തിലേക്ക് പോവുകയും ഒറ്റയ്ക്ക് വീട്ടില്‍ അടച്ചുപൂട്ടി ഇരിക്കുന്ന അവസ്ഥയുണ്ടാവുകയും ചെയ്തു. ഇതോടെ, സഹോദരിയുടെ ഈ അവസ്ഥയ്ക്ക് കാരണക്കാരനായ ഉമേഷിനോട് മഞ്ജുവിന് ദേഷ്യവും വെറുപ്പുമായി. ഇതാണ് അവരെ ഇത്തരമൊരു അക്രമാസക്തമായ പ്രതികാര നടപടിയിലേക്ക് നയിച്ചതെന്ന് പൊലീസ് പറയുന്നു.
ഒക്ടോബര്‍ 16ന് രാത്രി എല്ലാവരും ഉറങ്ങിയെന്ന് ഉറപ്പാക്കിയ മഞ്ജു അടുക്കളയിലെത്തി കത്തിയെടുത്ത് ഉമേഷിന്റെ മുറിയിലേക്ക് പോവുകയായിരുന്നു. കിടക്കയില്‍ ഉറങ്ങിക്കിടക്കുകയായിരുന്ന ഉമേഷിനെ നിരവധി തവണ കുത്തുകയും ജനനേന്ദ്രിയം മുറിച്ചുമാറ്റുകയുമായിരുന്നു. ഉമേഷ് സഹായത്തിനായി നിലവിളിച്ചതോടെ വീട്ടുകാര്‍ ഓടിയെത്തിയപ്പോഴേക്കും മഞ്ജു രക്ഷപെട്ടു. ആശുപത്രിയില്‍ ഹാജരാക്കിയ ഉമേഷിനെ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി.
കേസില്‍ തുടക്കത്തില്‍ സൂചനകളൊന്നും ലഭിക്കാതിരുന്ന പൊലീസ്, കുടുംബ സാഹചര്യങ്ങള്‍ പരിശോധിക്കുകയും നിരവധി പേരെ ചോദ്യം ചെയ്യുകയും ചെയ്തതോടെ മഞ്ജുവിലേക്ക് സംശയം നീങ്ങി. ചോദ്യം ചെയ്യലില്‍, മഞ്ജുവിന്റെ മൊഴികളിലെ പൊരുത്തക്കേടുകള്‍ ഈ സംശയം ശക്തമാക്കി. ചോദ്യം ചെയ്യലിന് പിന്നാലെ മഞ്ജു ഒളിവില്‍ പോവുകയായിരുന്നു.
'മഞ്ജുവാണ് ആക്രമണം നടത്തിയതെന്ന് അന്വേഷണത്തില്‍ വ്യക്തമായി. ഇളയ സഹോദരിയുമായുള്ള ബന്ധം അവസാനിപ്പിക്കാനുള്ള ഉമേഷിന്റെ തീരുമാനത്തില്‍ അവള്‍ രോഷാകുലയായിരുന്നു'- എസിപി വിവേക് കുമാര്‍ യാദവ് പറഞ്ഞു. ഒളിവില്‍ പോയ മഞ്ജുവിനെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്. ശസ്ത്രക്രിയയ്ക്ക് വിധേയനായ ഉമേഷിന്റെ നില ഇപ്പോള്‍ തൃപ്തികരമാണെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. യുവാവ് അപകടനില തരണം ചെയ്‌തെങ്കിലും പൂര്‍ണമായി സുഖം പ്രാപിക്കാന്‍ ഏഴോ എട്ടോ മാസം വരെ വേണ്ടിവരുമെന്ന് ഡോക്ടര്‍ ഗിരീഷ് മിശ്ര അറിയിച്ചു.