അയല്‍വാസികളുടെ ഒന്‍പത് വര്‍ഷത്തെ പ്രണയം; മറ്റൊരു ബന്ധം സംശയിച്ച് ബ്രേക്കപ്പ് പറഞ്ഞു; നേരിട്ട് കണ്ട് പിരിയാമെന്ന് പറഞ്ഞ് പത്താം ദിവസം വിളിച്ചുവരുത്തി; 24കാരിയെ കൊലപ്പെടുത്തി യുവാവ് ജീവനൊടുക്കി
മുംബൈ: പ്രണയപ്പകയില്‍ വീണ്ടും കൊലപാതകം. മുംബൈയില്‍ യുവാവ് യുവതിയെ കുത്തിക്കൊന്ന ശേഷം ജീവനൊടുക്കി. മനീഷ യാദവ് എന്ന 24കാരിയാണ് അതിദാരുണമായി കൊല്ലപ്പെട്ടത്. സോനു ബറായി എന്ന 24കാരനാണ് യുവതിയെ കൊലപ്പെടുത്തിയത്. ക്രൂരമായ കൊലപാതകത്തിന് ശേഷം സോനു സ്വയം കഴുത്തറുത്ത് മരിച്ചു. മനീഷയും സോനുവും 10 ദിവസം മുന്‍പാണ് ബന്ധം അവസാനിപ്പിച്ചതെന്ന് പൊലീസ് പറഞ്ഞു.
ഒന്‍പത് വര്‍ഷമായി ഇരുവരും പ്രണയത്തിലായിരുന്നു. മനീഷയ്ക്ക് മറ്റൊരു ബന്ധമുണ്ടെന്ന സോനുവിന്റെ സംശയമാണ് അതിക്രൂര കൊലപാതകത്തിന് കാരണമെന്ന് പൊലീസ് പറഞ്ഞു. വെള്ളിയാഴ്ച രാവിലെ, താന്‍ പുറത്തു പോകുകയാണെന്ന് അമ്മയോട് പറഞ്ഞ ശേഷമാണ് സോനു വീട്ടില്‍ നിന്ന് ഇറങ്ങിയത്. സോനു അടുക്കളയില്‍ നിന്നും ഒരു കത്തി ഒളിപ്പിച്ചു കൊണ്ടുപോയി. തുടര്‍ന്ന് അവസാനമായി കണ്ട് പിരിയാമെന്ന് പറഞ്ഞ് മനീഷയെ വിളിച്ചുവരുത്തി.
ഈ കൂടിക്കാഴ്ചക്കിടെ ഇരുവരും തമ്മില്‍ വഴക്കുണ്ടായി. സോനു കത്തിയെടുത്തതോടെ മനീഷ സമീപത്തെ ആശുപത്രി ലക്ഷ്യമായി ഓടി. പിന്നാലെ ഓടിയ സോനു മനീഷയെ കുത്തിവീഴ്ത്തി. മനീഷ താഴെ വീഴും വരെ പലതവണ കുത്തിയെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. എന്നിട്ട് സോനു സ്വന്തം കഴുത്തറുത്തു. ഇരുവരെയും ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
ഇരുവരുടെയും വീട് അടുത്തടുത്തായിരുന്നു. ഇരുവരും തമ്മിലുള്ള ബന്ധം അറിയാമായിരുന്നുവെന്ന് ബന്ധുക്കള്‍ പറഞ്ഞു. സോനുവിന് സ്ഥിരമായി ജോലിയില്ലായിരുന്നു. ഇടയ്‌ക്കെല്ലാം പാചകക്കാരനായി ജോലി ചെയ്തിരുന്നുവെന്ന് ബന്ധുക്കള്‍ പറഞ്ഞു. ബന്ധത്തില്‍ പ്രശ്‌നങ്ങളുണ്ടായതോടെ കൗണ്‍സിലിങിന് പോകാന്‍ ഇരുവരും തീരുമാനിച്ചിരുന്നുവെന്നും അതിനിടെയാണ് ദാരുണ സംഭവമുണ്ടായതെന്നും ബന്ധുക്കള്‍ പറഞ്ഞു.