സ്വര്‍ണം വാങ്ങാനെന്ന വ്യാജേന ജ്വല്ലറിയിലെത്തി; കടയുടമയുടെ കണ്ണില്‍ മുളക് സ്േ്രപ അടിച്ച് കവര്‍ച്ചാ ശ്രമം: ഇരുവരും തമ്മിലുള്ള മല്‍പ്പിടിത്തത്തിനിടെ ഓടിക്കൂടി നാട്ടുകാര്‍: പിടിയിലായതോടെ പെട്രോള്‍ ഒഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച് 47കാരി

മുളക് സ്പ്രേ അടിച്ച് സ്വർണം കവരാൻ ശ്രമം

Update: 2025-11-21 04:26 GMT

പന്തീരാങ്കാവ്: സ്വര്‍ണം വാങ്ങാനെന്ന വ്യാജേന ജ്വല്ലറിയിലെത്തി കവര്‍ച്ചാ ശ്രമം നടത്തിയ 47കാരി അറസ്റ്റില്‍. ജ്വല്ലറി ഉടമയുടെ കണ്ണില്‍ മുളക് സ്േ്രപ അടിച്ച ശേഷം കവര്‍ച്ചാ ശ്രമം നടത്തിയ പെരുവയല്‍ പരിയങ്ങാട് തടായി മേലേ മേത്തലേടം സൗദാബിയാണ് പിടിയിലായത്. നാട്ടുകാര്‍ ഓടിക്കൂടിയതോടെ പെട്രോള്‍ ഒഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച ഇവരെ പോലിസ് എത്തി അറസ്റ്റ് ചെയ്തു.

വ്യാഴാഴ്ച രാവിലെ പത്തരയോടെ അങ്ങാടിയിലെ സൗപര്‍ണികാ ജൂവലറിയിലാണ് സംഭവം. യുവതി സ്വര്‍ണാഭരണം വാങ്ങാനെന്നരീതിയിലാണ് ജ്വല്ലറിയില്‍ എത്തിയത്. ജൂവലറി ഉടമയായ മുട്ടഞ്ചേരി രാജന്‍ സ്വര്‍ണാഭരണം എടുക്കാന്‍ ഉള്‍വശത്തുള്ള സ്റ്റോര്‍റൂമിലേക്ക് കടന്നതോടെ സഞ്ചിയില്‍ കരുതിയ മുളക് സ്പ്രേയുമായി യുവതിയും ഉള്ളിലേക്ക് കടക്കുകയും കടക്കാരന്റെ മേല്‍ മുളക് സ്പ്രേ അടിക്കുകയുമായിരുന്നു.

അപ്രതീക്ഷിതമായ ആക്രമണത്തില്‍ ആദ്യം പകച്ചുപോയെങ്കിലും മോഷണശ്രമം ആണെന്ന് മനസ്സിലായതോടെ കടക്കാരന്‍ പ്രതിരോധിച്ചു. ഇരുവരും തമ്മിലുണ്ടായ മല്‍പ്പിടിത്തത്തിനിടെ രണ്ടുപേരും കടയ്ക്കുപുറത്തെത്തി. ഇതിനിടെ ബഹളംകേട്ട് ഓടിയെത്തിയ അടുത്ത കടകളിലും പരിസരത്തുമുള്ളവര്‍ ചേര്‍ന്ന് യുവതിയെ ബലംപ്രയോഗിച്ച് കീഴ്പ്പെടുത്തുക ആയിരുന്നു.

പിടിയിലായെന്ന് മനസ്സിലായതോടെ യുവതി സ്വന്തംശരീരത്തില്‍ പെട്രോള്‍ ഒഴിച്ച് ആത്മഹത്യാഭീഷണി മുഴക്കി. തുടര്‍ന്ന്, പന്തീരാങ്കാവ് പോലീസെത്തി യുവതിയെ കസ്റ്റഡിയിലെടുത്തു. ആഴ്ചകള്‍ക്കുമുന്‍പ് ഈ യുവതി ജൂവലറിയില്‍ പലതവണ സ്വര്‍ണം വാങ്ങാനെന്നപേരില്‍ വന്നിരുന്നുവെന്ന് ഉടമ രാജന്‍ പറഞ്ഞു. അപ്പോഴെല്ലാം കൂടെയുണ്ടായിരുന്ന ആള്‍ പണവുമായി എത്തിയില്ലെന്നുപറഞ്ഞ് ഇവര്‍ തിരികെപ്പോവുകയായിരുന്നു. യുവതിയുമായുള്ള ബലപ്രയോഗത്തില്‍ ജൂവലറി ഉടമയ്ക്ക് പരിക്കുണ്ട്. കവര്‍ച്ചാശ്രമത്തിന് യുവതിയുടെ പേരില്‍ കേസെടുത്തു.

Tags:    

Similar News