തൃശ്ശൂരില്‍ രാഗം തിയേറ്ററിന്റെ നടത്തിപ്പുകാരന് നേരെ ക്വട്ടേഷന്‍ ആക്രമണം; സുനിലിന് നേരെ ആക്രമണം ഉണ്ടായത് വെളപ്പായയിലെ വീടിന് മുന്‍പില്‍ വെച്ച്; ആക്രമിച്ചത് മൂന്നംഗ ഗുണ്ടാ സംഘം; ഡ്രൈവര്‍ അനീഷിനും വെട്ടേറ്റു; സാമ്പത്തിക ഇടപാടിനെ ചൊല്ലിയുളള തര്‍ക്കമെന്ന് സൂചന

തൃശ്ശൂരില്‍ രാഗം തിയേറ്ററിന്റെ നടത്തിപ്പുകാരന് നേരെ ക്വട്ടേഷന്‍ ആക്രമണം

Update: 2025-11-21 01:21 GMT

തൃശ്ശൂര്‍: തൃശ്ശൂരില്‍ തിയറ്റര്‍ നടത്തിപ്പുകാരന് നേരെ ആക്രമണം. രാഗം തിയേറ്ററിന്റെ നടത്തിപ്പുകാരന്‍ സുനിലിനാണ് കുത്തേറ്റത്. വെളപ്പായയിലെ വീടിന് മുന്‍പില്‍ വെച്ചായിരുന്നു സംഭവം. വീടിന്റെ ഗേറ്റ് തുറക്കുന്നതിനായി കാറില്‍ നിന്നിറങ്ങിയപ്പോഴായിരുന്നു ആക്രമണം ഉണ്ടായത്. മൂന്നംഗ ഗുണ്ടാ സംഘമാണ് സുനിലിനെ കുത്തിയത്. ഡ്രൈവര്‍ അനീഷിനും വെട്ടേറ്റു.

ഇന്നലെ രാത്രി 10 മണിയോടെ തൃശൂര്‍ വെളപ്പായയില്‍ സുനിലിന്റെ വീടിനു മുന്നില്‍ വെച്ചാണ് സംഭവം. കാറില്‍ നിന്നിറങ്ങി വീടിന്റെ ഗേറ്റ് തുറക്കുന്ന സമയത്ത് ഇരുട്ടില്‍ പതുങ്ങിയിരുന്നവരാണ് സുനിലിനെയും ഡ്രൈവറെയും വെട്ടിയത്. സുനിലിന്റെ കാലിനും അജീഷിന്റെ കൈക്കും വെട്ടേറ്റു. പരിക്കേറ്റ ഇരുവരെയും സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ഓടി രക്ഷപ്പെട്ട പ്രതികള്‍ക്കായി പൊലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. ചികിത്സയിലുള്ള സുനിലിന്റെ മൊഴിയും ഉടന്‍ രേഖപ്പെടുത്തും.

സാമ്പത്തിക ഇടപാടിനെ ചൊല്ലിയുളള തര്‍ക്കമാണെന്ന് ആക്രമണത്തിന് പിന്നിലെന്ന് സൂചനയുണ്ട്. തീയറ്റര്‍ നടത്തിപ്പുമായി ബന്ധപ്പെട്ടും ചില തര്‍ക്കങ്ങള്‍ നിലനിന്നിരുന്നു. ആക്രമണത്തിന്റെ സിസി ടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ഡ്രൈവര്‍ക്ക് നേരെയാണ് ആദ്യം ആക്രമണമുണ്ടായത്. തുടര്‍ന്ന് വാഹനത്തിന്റെ ഗ്ലാസ് തകര്‍ത്ത് സുനിലിനെയും കുത്തി. സുനിലിന്റെ വീടിന്റെ സിസിടിവി ദൃശ്യങ്ങളില്‍ വീടിന് എതിര്‍വശത്തുള്ള പാലത്തിന് സമീപത്ത് നിന്നും മൂന്നുപേര്‍ ഓടി വരുന്നതും ആക്രമിക്കുന്നതും കാണാം.

Tags:    

Similar News