ട്രെയിനില്‍ ഇരുന്ന് ഹിന്ദി സംസാരിച്ചത് ചോദ്യം ചെയ്ത് ആള്‍ക്കൂട്ട മര്‍ദ്ദനം; വീട്ടിലേക്ക് മടങ്ങിയ കോളജ് വിദ്യാര്‍ഥി ജീവനൊടുക്കി; വീണ്ടും മറാത്ത വാദമോ? പിന്നില്‍ മഹാരാഷ്ട്ര നവനിര്‍മ്മാണ്‍ സേനയെന്ന് ആരോപണം

Update: 2025-11-21 05:18 GMT

മുംബൈ: ട്രെയിനിലിരുന്ന് ഹിന്ദി സംസാരിച്ചതിന്റെ പേരില്‍ ആള്‍ക്കൂട്ട ആക്രമണത്തിനിരയായ കോളജ് വിദ്യാര്‍ഥി ജീവനൊടുക്കി. മഹാരാഷ്ട്രയിലെ കല്യാണിലാണ് സംഭവം. ആര്‍ണവ് ലക്ഷ്മണന്‍ എന്ന ഒന്നാം വര്‍ഷ സയന്‍സ് ബിരുദ വിദ്യാര്‍ഥിയാണ് ആത്മഹത്യ ചെയ്തത്. മുളുന്ദിലെ കോളജിലേക്ക് ലോക്കല്‍ ട്രെയിനില്‍ പോകുകയായിരുന്നു ആര്‍ണവ്. ട്രെയിനില്‍ ഇരുന്ന് ഹിന്ദി സംസാരിച്ച ആര്‍ണവിനെ അടുത്തിരുന്ന ആറുപേര്‍ ചേര്‍ന്ന് ഇടിച്ച് അവശനാക്കുകയായിരുന്നു. വീട്ടിലേക്ക് മടങ്ങിയ ആര്‍ണവ് മുറിയില്‍ കയറി ജീവനൊടുക്കുകയായിരുന്നു. മുംബൈ മെട്രോപൊളീറ്റന്‍ പ്രദേശത്ത് മറാത്തി സംസാരിക്കാത്തതിനെതിരെ കടുത്ത പ്രാദേശിക വികാരമുയരുന്നതായി നേരത്തെയും റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.

ഭയന്നുപോയ ആര്‍ണവ് അടുത്ത സ്റ്റേഷനിലിറങ്ങി അടുത്ത ട്രെയിനില്‍ കയറി കോളജിലെത്തിയെങ്കിലും ക്ലാസുകള്‍ പൂര്‍ത്തിയാകുന്നത് വരെ ഇരിക്കാന്‍ കഴിഞ്ഞില്ല. പതിവിലും നേരത്തെ വീട്ടിലെത്തിയ ആര്‍ണവ്, പിതാവിനെ വിളിച്ച് ട്രെയിനില്‍ വച്ച് നേരിട്ട അതിക്രമം വിവരിച്ചു. മകന്റെ ശബ്ദത്തില്‍ വല്ലാത്ത ഭയം കലര്‍ന്നത് മനസിലാക്കിയ പിതാവ്, സമാധാനിപ്പിച്ച് ഫോണ്‍ വച്ചു. എന്നാല്‍ വൈകുന്നേരം വീട്ടിലെത്തിയപ്പോള്‍ ആര്‍ണവിന്റെ മുറിയുടെ വാതില്‍ അടഞ്ഞു കിടക്കുന്നത് കണ്ടു. ആവര്‍ത്തിച്ച് വിളിച്ചിട്ടും തുറക്കാതെ വന്നപ്പോള്‍ അയല്‍ക്കാരെ വിളിച്ചു കൊണ്ട് വന്ന് വാതില്‍ തുറക്കുകയായിരുന്നു. തുടര്‍ന്നാണ് ബ്ലാങ്കറ്റില്‍ തൂങ്ങി മരിച്ച നിലയില്‍ ആര്‍ണവിനെ കണ്ടെത്തിയത്. അക്രമികളേല്‍പ്പിച്ച ശാരീരികമാനസിക പീഡനങ്ങള്‍ താങ്ങാന്‍ കഴിയാതെയാണ് മകന്‍ ജീവനൊടുക്കിയതെന്ന് കാണിച്ച് ആര്‍ണവിന്റെ പിതാവ് പൊലീസില്‍ പരാതി നല്‍കി. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

പലപ്പോഴും പൊതുസ്ഥലങ്ങളില്‍ വാക്കേറ്റം പതിവാണ്. ഇത് ചിലപ്പോഴെങ്കിലും ശാരീരിക അക്രമത്തിലേക്കും വഴിമാറുന്നു. മഹാരാഷ്ട്ര നവനിര്‍മ്മാണ്‍ സേന പ്രവര്‍ത്തകരാണ് ആക്രമണത്തിന് പിന്നിലെന്നും പൊലീസ് കണ്ടെത്തിയിരുന്നു. അതേസമയം മറാത്തി ഹിന്ദി സമൂഹങ്ങള്‍ തമ്മില്‍ ഭിന്നതയുണ്ടെന്നും മറാത്തി സംസാരിക്കാത്തവര്‍ക്കെതിരെ ആക്രമണം ഉണ്ടാകുന്നുവെന്നുമുള്ള വാര്‍ത്തകള്‍ ശരിയല്ലെന്നും ഒറ്റപ്പെട്ട സംഭവങ്ങളാണെന്നുമായിരുന്നു മുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നാവിസ് നേരത്തെ പ്രതികരിച്ചത്. സംഘര്‍ഷമുണ്ടാക്കാന്‍ ശ്രമിക്കുന്നവര്‍ക്കെതിരെ കടുത്ത നടപടിയുണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

Similar News