ആശുപത്രിയിലേക്കുള്ള യാത്രയ്ക്കിടെ പുള്ളിപ്പുലിയെ കാണാന്‍ ആംബുലന്‍സ് നിര്‍ത്തി; അധിക പണം ആവശ്യപ്പെട്ടു; അത്യാസന്ന നിലയിലായിരുന്ന 20കാരി മരിച്ചു; ബന്ധുക്കളുടെ പരാതിയില്‍ ഡ്രൈവറടക്കം രണ്ട് പേര്‍ അറസ്റ്റില്‍

Update: 2025-10-30 16:00 GMT

ബാലഘട്ട്: മധ്യപ്രദേശില്‍ ആംബുലന്‍സ് ഡ്രൈവറിന്റെയും മെഡിക്കല്‍ അറ്റന്‍ഡന്റിന്റെയും അനാസ്ഥയില്‍ ഗുരുതരാവസ്ഥയിലുള്ള രോഗി മതിയായ ചികിത്സ കിട്ടാതെ മരിച്ച സംഭവത്തില്‍ നടപടി. ഗുരുതരാവസ്ഥയിലുള്ള രോഗിയുമായി ആശുപത്രിയിലേക്ക് പോയ ആംബുലന്‍സ് വഴിയരികില്‍ 'കാഴ്ച' കാണാന്‍ നിര്‍ത്തിയതിനെ തുടര്‍ന്നാണ് ദാരുണ സംഭവം. മധ്യപ്രദേശിലെ ബാലഘട്ട് ജില്ലയില്‍ തിങ്കളാഴ്ചയാണ് സംഭവം. മലേറിയ ബാധിച്ച 20 വയസ്സുള്ള യുവതിയെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് പുള്ളിപ്പുലിയെ കണ്ടതിനെ തുടര്‍ന്ന് ഡ്രൈവര്‍ ആംബുലന്‍സ് വഴിയില്‍ നിര്‍ത്തിയത്. യാത്ര പുനരാരംഭിക്കാന്‍ ആംബുലന്‍സ് ഡ്രൈവറും മെഡിക്കല്‍ അറ്റന്‍ഡന്റും അധിക പണം ആവശ്യപ്പെട്ടതായും രോഗിയുടെ ബന്ധുക്കള്‍ പരാതിയില്‍ പറയുന്നു.

ബന്ധുക്കളുടെ പരാതിയില്‍ ചൊവ്വാഴ്ച ആംബുലന്‍സ് ഡ്രൈവറെയും മെഡിക്കല്‍ അറ്റന്‍ഡന്റിനെയും പൊലീസ് അറസ്റ്റ് ചെയ്തു. പ്രതികളെ കോടതിയില്‍ ഹാജരാക്കി പൊലീസ് കസ്റ്റഡിയില്‍ വിട്ടു. ജില്ലാ അധികാരികള്‍ പ്രതികള്‍ക്കെതിരെ വകുപ്പുതല നടപടികളും ആരംഭിച്ചിട്ടുണ്ട്. പ്രാഥമിക അന്വേഷണത്തില്‍, സേവനം സൗജന്യമാണെങ്കിലും ആംബുലന്‍സ് ജീവനക്കാര്‍ പണം ആവശ്യപ്പെട്ടതായി സ്ഥിരീകരിച്ചിട്ടുണ്ട്.

ബാലഘട്ട് ജില്ലാ ആസ്ഥാനത്ത് നിന്ന് ഏകദേശം 95 കിലോമീറ്റര്‍ അകലെ ബിര്‍സ ബ്ലോക്കിലെ ജട്ട ഗ്രാമത്തില്‍ താമസിക്കുന്ന ഗായത്രി ഉയികെ എന്ന യുവതിയെയാണ് ഞായറാഴ്ച വൈകുന്നേരത്തോടെ ബിര്‍സ സിഎച്ച്‌സിയില്‍ പ്രവേശിപ്പിച്ചത്. എന്നാല്‍ നില വഷളായപ്പോള്‍ ഡോക്ടര്‍മാര്‍ യുവതിയെ ബാലഘട്ട് ജില്ലാ ആശുപത്രിയിലേക്ക് റഫര്‍ ചെയ്തു. തുടര്‍ന്ന് രാത്രി 10 മണിയോടെ സിഎച്ച്‌സിയില്‍ നിന്ന് ആംബുലന്‍സ് പുറപ്പെട്ടെങ്കിലും പുലര്‍ച്ചെ 12.15 ഓടെയാണ് ജില്ലാ ആശുപത്രിയില്‍ എത്തിയത്. സാധാരണയായി 60 മിനിറ്റ് എടുക്കുന്ന യാത്ര, രണ്ട് മണിക്കൂര്‍ കൊണ്ടാണ് ആശുപത്രിയില്‍ എത്തിയത്.

യാത്രാമധ്യേ ആംബുലന്‍സ് ഒരു വനപ്രദേശത്ത് നിര്‍ത്തിയതായാണ് രോഗിയുടെ കുടുംബം ആരോപിക്കുന്നത്. രോഗിയുടെ ബന്ധുക്കള്‍ ചോദിച്ചപ്പോള്‍ പുള്ളിപ്പുലിയെ കണ്ടതായാണ് ജീവനക്കാര്‍ പറഞ്ഞത്. രോഗിയുടെ അവസ്ഥ ചൂണ്ടിക്കാട്ടി ബന്ധുക്കള്‍ ഡ്രൈവറോട് യാത്ര തുടരാന്‍ നിര്‍ബന്ധിച്ചു. പിന്നാലെയാണ് ഡ്രൈവര്‍ 700 രൂപ കൂടി അധികമായി ആവശ്യപ്പെടുന്നത്. രോഗിയുടെ ബന്ധുക്കളും ഡ്രൈവറും തമ്മില്‍ പണത്തെച്ചൊല്ലി വിലപേശലുണ്ടാകുകയും ഒടുവില്‍ 600 രൂപയ്ക്ക് ഒത്തുതീര്‍പ്പാവുകയും ചെയ്തു. ഈ സമയംകൊണ്ട് രോഗിയുടെ ആരോഗ്യം കൂടുതല്‍ വഷളായിരുന്നു. ആശുപത്രിയില്‍ എത്തിയ ഉടന്‍ തന്നെ രോഗി മരിക്കുകയും ചെയ്തു.

Similar News