'മാതൃത്വത്തിന്റെ സന്തോഷം അനുഭവിക്കണം, അമ്മയാകാൻ ഒരു പുരുഷനെ വേണം'; വിദ്യാഭ്യസമോ ജാതിയോ നിറമോ ഒന്നും പ്രശ്‌നമല്ല; വീഡിയോ കണ്ട് ഏജൻസിയുമായി ബന്ധപ്പെട്ടു; ഐഡി കാർഡിനായി കൈപ്പറ്റിയത് ലക്ഷങ്ങൾ; പരസ്യം കണ്ട് സ്ത്രീയെ ഗര്‍ഭംധരിപ്പിക്കാനെത്തിയ യുവാവിന് സംഭവിച്ചത്

Update: 2025-10-30 12:38 GMT

മുംബൈ: സ്ത്രീയെ ഗർഭം ധരിപ്പിക്കാനുള്ള ജോലിയെന്ന വ്യാജ പരസ്യം വിശ്വസിച്ച് പുണെയിലെ 44 വയസ്സുകാരനായ കരാറുകാരന് നഷ്ടമായത് 11 ലക്ഷം രൂപ. സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ച പരസ്യം കണ്ട് ബന്ധപ്പെട്ട യുവാവിൽ നിന്നാണ് തട്ടിപ്പുകാർ പലതവണകളായി പണം തട്ടിയെടുത്തത്. സംഭവത്തിൽ യുവാവ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ മുംബൈ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

ഒരു സ്ത്രീ ഹിന്ദിയിൽ സംസാരിക്കുന്ന വീഡിയോ പരസ്യമാണ് പരാതിക്കാരന്റെ ശ്രദ്ധയിൽപ്പെട്ടത്. 'എനിക്ക് അമ്മയാകുന്നതിന് ഒരു പുരുഷനെ വേണം. മാതൃത്വത്തിന്റെ സന്തോഷം അനുഭവിക്കണം. ഞാൻ അയാള്‍ക്ക് 25 ലക്ഷം രൂപ നൽകും. അയാളുടെ വിദ്യാഭ്യസമോ ജാതിയോ നിറമോ ഒന്നും എനിക്ക് പ്രശ്‌നമല്ല,' എന്നായിരുന്നു വീഡിയോയിൽ സ്ത്രീയുടെ വാക്കുകൾ. താൽപ്പര്യമുള്ളവർക്ക് ബന്ധപ്പെടാനായി ഒരു ഫോൺനമ്പറും പരസ്യത്തിൽ നൽകിയിരുന്നു.

പരസ്യം കണ്ടയുടൻ യുവാവ് ഈ നമ്പറിലേക്ക് വിളിച്ചു. എന്നാൽ, ഒരു പുരുഷനാണ് ഫോൺ എടുത്തത്. ഗർഭം ധരിപ്പിക്കാനുള്ള ജോലി നൽകുന്ന ഒരു ഏജൻസിയിലെ ജീവനക്കാരനാണെന്ന് പരിചയപ്പെടുത്തിയ ഇയാൾ, സ്ത്രീക്കൊപ്പം താമസിക്കുന്നതിന് മുമ്പ് ഏജൻസിയിൽ രജിസ്റ്റർ ചെയ്ത് ഐഡി കാർഡ് നേടണമെന്ന് ആവശ്യപ്പെട്ടു. തുടർന്ന്, രജിസ്‌ട്രേഷൻ ചാർജ്, ഐഡി കാർഡ് ചാർജ്, വെരിഫിക്കേഷൻ ചാർജ്, ജിഎസ്ടി, ടിഡിഎസ്, പ്രോസസിങ് ഫീ തുടങ്ങിയ വിവിധ ഇനങ്ങളിൽ പണം ആവശ്യപ്പെടുകയായിരുന്നു.

ഏകദേശം ഒന്നരമാസത്തിനിടെ നൂറിലേറെ തവണകളായാണ് യുവാവ് 11 ലക്ഷത്തോളം രൂപ തട്ടിപ്പുകാർക്ക് അയച്ചുനൽകിയത്. പിന്നീട് ജോലിയെക്കുറിച്ച് അന്വേഷിച്ചപ്പോൾ പരാതിക്കാരന്റെ ഫോൺനമ്പർ തട്ടിപ്പുകാർ ബ്ലോക്ക്‌ ചെയ്യുകയായിരുന്നു. ഇതോടെയാണ് താൻ കബളിപ്പിക്കപ്പെട്ടുവെന്ന് യുവാവിന് ബോധ്യപ്പെട്ടത്. നേരത്തേ മാഹിയിലും സമാനമായ രീതിയിൽ 'യുവതികളെ ഗർഭം ധരിപ്പിക്കാനുള്ള ജോലി' വാഗ്ദാനം ചെയ്ത് 25 ലക്ഷം രൂപ വാർഷിക ശമ്പളം നൽകാമെന്ന് പറഞ്ഞ് തട്ടിപ്പ് നടന്നതായി റിപ്പോർട്ട് ചെയ്തിരുന്നു. 

Tags:    

Similar News