കിണറ്റില്‍ നിന്നും കണ്ടെടുത്ത മൃതദേഹം മകന്റെയെന്ന് കരുതി സംസ്‌കരിച്ചു; ദിവസങ്ങള്‍ക്ക് ശേഷം യുവാവിനെ കണ്ടെത്തി തിരികെ വീട്ടിലെത്തിച്ച് ബന്ധുക്കള്‍; മരിച്ചയാളെ തിരിച്ചറിഞ്ഞില്ല
സുരജ്പുര്‍: രണ്ട് ദിവസം മുമ്പ് കാണാതായ മകന്റേതെന്ന് കരുതി കിണറ്റില്‍ നിന്നും കണ്ടെടുത്ത മൃതദേഹം അന്ത്യകര്‍മ്മം നടത്തി സംസ്‌കരിച്ചു. ദിവസങ്ങള്‍ക്ക് ശേഷം ബന്ധുക്കള്‍ യുവാവിനെ കണ്ടെത്തി തിരികെ വീട്ടിലെത്തിച്ചതോടെയാണ് ആളുമാറി സംസ്‌കാരം നടത്തിയ വിവരം വീട്ടുകാര്‍ അറിഞ്ഞത്. ഇതോടെ മരിച്ചത് ആരെന്ന അന്വേഷണത്തിലാണ് പ്രദേശവാസികള്‍.
ഛത്തീസ്ഗഢിലെ ചന്ദര്‍പുര്‍ ഗ്രാമത്തിലാണ് സംഭവം. രണ്ട് ദിവസമായി പുരുഷോത്തം എന്ന യുവാവിനെ കാണാതായതിനെ തുടര്‍ന്ന് കുടുംബം പോലീസില്‍ പരാതി നല്‍കി. നവംബര്‍ ഒന്നിന് സമീപത്തെ മന്‍പുര്‍ ഗ്രാമത്തിലെ കിണറ്റില്‍ നിന്ന് ഒരു മൃതദേഹം കണ്ടെടുത്തു. മൃതദേഹം തിരിച്ചറിയാനെത്തിയ കുടുംബാംഗങ്ങള്‍ മരിച്ചത് പുരുഷോത്തം ആണെന്ന് തിരിച്ചറിഞ്ഞതോടെ മൃതദേഹം വിട്ടുകൊടുക്കുകയായിരുന്നുവെന്ന് പോലീസ് വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
അസ്വഭാവിക മരണത്തിന് കേസ് രജിസ്റ്റര്‍ ചെയ്ത പോലീസ് മറ്റുനടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി മൃതദേഹം കുടുംബത്തിന് വിട്ടുനല്‍കി. അന്ത്യകര്‍മ്മങ്ങള്‍ക്ക് ശേഷം മൃതദേഹം സമീപത്തെ ശ്മാശനത്തില്‍ സംസ്‌കരിച്ചു. എന്നാല്‍ യുവാവിന്റെ മരണവിവരമറിഞ്ഞെത്തിയ ബന്ധുക്കളില്‍ ചിലര്‍ യുവാവിനെ 45 കിലോമീറ്റര്‍ അകലെയുള്ള മറ്റൊരു ഗ്രാമത്തില്‍ കണ്ടതായി വെളിപ്പെടുത്തി. തുടര്‍ന്ന് നടത്തിയ തിരച്ചിലില്‍, നവംബര്‍ 4-ന് ഒരു ബന്ധുവിന്റെ വീട്ടില്‍ നിന്ന് അവനെ കണ്ടെത്തുകയും തിരികെ വീട്ടിലെത്തിക്കുകയും ചെയ്തതായി ഉദ്യോഗസ്ഥന്‍ പറഞ്ഞു.
പുരുഷോത്തമിന്റെ കുടുംബം സംസ്‌കരിച്ച മൃതദേഹം ആരുടേതാണെന്ന് പോലീസിന് ഇതുവരെ കണ്ടെത്താനായിട്ടില്ല. മരിച്ചയാളുടെ ഡിഎന്‍എ സാമ്പിളുകള്‍, വിരലടയാളം, വസ്ത്രങ്ങള്‍, മറ്റ് വസ്തുക്കള്‍ എന്നിവ സൂക്ഷിച്ചിട്ടുണ്ടെന്നും മൃതദേഹത്തിന്റെ ദൃശ്യങ്ങള്‍ എടുത്തിട്ടുണ്ടെന്നും അധികൃതര്‍ വ്യക്തമാക്കി.