ഭര്‍ത്താവുമായി പിരിഞ്ഞുകഴിയവെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചു; ബാങ്ക് ലോണ്‍ എടുത്ത പണം തട്ടിയെടുത്തു; മറ്റൊരാളെ വിവാഹം കഴിച്ചു; കൊച്ചി ഇന്‍ഫോപാര്‍ക്കിലെ സോഫ്റ്റ്വെയര്‍ എഞ്ചിനീയറുടെ പരാതിയില്‍ പ്രതി പിടിയില്‍
കൊച്ചി: വിവാഹ വാഗ്ദാനം നല്‍കി സോഫ്റ്റ്വെയര്‍ എന്‍ജിനീയറെ പീഡിപ്പിച്ച കേസില്‍ 34കാരന്‍ അറസ്റ്റില്‍. തിരുവനന്തപുരം, പള്ളിച്ചാല്‍, സംഗമം വീട്ടില്‍ ശിവകൃഷ്ണയാണ് എറണാകുളം ടൗണ്‍ നോര്‍ത്ത് പൊലീസ് അറസ്റ്റ് ചെയ്തത്. വിവാഹബന്ധം വേര്‍പ്പെടുത്തി കഴിഞ്ഞിരുന്ന സ്ത്രീയുമായി അടുപ്പം സ്ഥാപിച്ച ശേഷം വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ച കേസിലാണ് അറസ്റ്റ്. എറണാകുളം കാക്കനാട് ഇന്‍ഫോപാര്‍ക്കിലെ സ്ഥാപനത്തില്‍ സോഫ്റ്റ്വെയര്‍ എഞ്ചിനീയര്‍ ഡോലി ചെയ്തിരുന്ന സ്ത്രീയാണ് പരാതിക്കാരി. ഇവരുടെ പേരില്‍ ബാങ്ക് ലോണ്‍ എടുത്ത് പണം തട്ടിയ പ്രതി പിന്നീട് മറ്റൊരു സ്ത്രീയെ വിവാഹം കഴിച്ചിരുന്നു. താന്‍ ചതിക്കപ്പെട്ടെന്ന് മനസിലാക്കിയ പരാതിക്കാരി 2024 നവംബറിലാണ് എറണാകുളം ടൗണ്‍ നോര്‍ത്ത് പോലീസ് സ്റ്റേഷനില്‍ ശിവകൃഷ്ണക്കെതിരെ പരാതി നല്‍കിയത്.
എറണാകുളം സെന്‍ട്രല്‍ അസിസ്റ്റന്റ് കമ്മീഷണര്‍ സിബിടോമിന്റെ മേല്‍ നോട്ടത്തിലാണ് കേസില്‍ അന്വേഷണം നടന്നത്. 2022 ലാണ് പരാതിക്കാരിയും പ്രതിയും തമ്മില്‍ പരിചയപ്പെട്ടത്. ഈ സമയത്ത് ഭര്‍ത്താവുമായി പിരിഞ്ഞുകഴിയുകയായിരുന്നു പരാതിക്കാരി. ഭര്‍ത്താവിനോടൊപ്പം നില്‍ക്കുന്ന കുട്ടിയെ വീണ്ടെടുക്കാമെന്നും വിവാഹം കഴിച്ച് ഒരുമിച്ച് നില്‍ക്കാമെന്നുമാണ് പ്രതി പരാതിക്കാരിക്ക് വാഗ്ദാനം നല്‍കിയതെന്ന് പരാതിയില്‍ പറയുന്നു.
തുടര്‍ന്ന് പ്രതി കലൂരിലുള്ള ഹോട്ടല്‍ മുറിയിലേക്ക് പരാതിക്കാരിയെ വിളിച്ചുകൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. ഇരുവരും തമ്മില്‍ അടുപ്പത്തിലായിരുന്ന കാലത്ത് പരാതിക്കാരിയെ കൊണ്ട് ബാങ്കില്‍ നിന്ന് 11 ലക്ഷം രൂപ പ്രതി വായ്പ എടുപ്പിച്ചിരുന്നു. ഈ തുക ബിസിനസ് ആവശ്യത്തിനെന്ന പേരില്‍ പ്രതി കൈക്കലാക്കുകയും ചെയ്‌തെന്ന് പരാതിയില്‍ ആരോപിക്കുന്നു. എന്നാല്‍ പരാതിക്കാരിയുടെ അറിവോ സമ്മതമോ ഇല്ലാതെ പ്രതി മറ്റൊരു സ്ത്രീയെ വിവാഹം കഴിക്കുകയും ചെയ്‌തെന്നും പരാതിയിലുണ്ട്.
തനിക്കെതിരെ പൊലീസ് കേസെടുത്തെന്ന് മനസിലാക്കിയ പ്രതി തന്റെ ഫോണ്‍ നമ്പര്‍ മാറ്റി. ശേഷം ഒളിവില്‍ പോയി. ഒരു വര്‍ഷത്തിനിടെ പ്രതിയെ തേടി പൊലീസ് പലയിടത്തും പോയെങ്കിലും ഇയാളെ കിട്ടിയിരുന്നില്ല. ഇയാള്‍ ഈ കാലത്ത് വീട്ടിലും എത്തിയിരുന്നില്ല. കഴിഞ്ഞ ദിവസങ്ങളില്‍ ഇയാള്‍ വീട്ടില്‍ വരുന്നുണ്ടെന്നുള്ള വിവരം ലഭിച്ച പൊലീസ് തിരുവനന്തപുരത്തെത്തി. പിന്നീട് പ്രതിയുടെ സ്വദേശമായ പള്ളിച്ചലില്‍ നടത്തിയ അന്വേഷണത്തിനൊടുവിലാണ് ഇയാളെ പിടികൂടിയത്.
എറണാകുളം ടൗണ്‍ നോര്‍ത്ത് പോലീസ് സ്റ്റേഷന്‍ എസ്എച്ച്ഒ ജിജിന്‍ ജോസഫിന്റെ നേതൃത്വത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. സബ്ബ് ഇന്‍സ്‌പെക്ടര്‍ ഹരികൃഷ്ണന്‍, അസിസ്റ്റന്റ് സബ്ബ് ഇന്‍സ്പെക്ടര്‍ സജീവ്, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ അജിലേഷ്, റിനു, മുരളി എന്നിവരും അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നു.
