രാഹുല്‍ മാങ്കൂട്ടത്തിലിന്റെ പേഴ്‌സണല്‍ സ്റ്റാഫിനെയും ഡ്രൈവറെയും പ്രതി ചേര്‍ത്തു; രാഹുലിനെ ബംഗളുരുവില്‍ എത്തിച്ചത് ഇരുവരും ഒന്നിച്ചെന്ന് അന്വേഷണ സംഘം; അമേയ്‌സ് കാര്‍ കസ്റ്റഡിയിലെടുത്തു; ഫസലിനും ആല്‍വിനും നോട്ടീസ് നല്‍കിയ ശേഷം വിട്ടയച്ചു; പ്രത്യേക അന്വഷണ സംഘത്തിന്റെ നീക്കം നിയമവിരുദ്ധ കസ്റ്റഡിയെന്ന് പരാതി എത്തിയതോടെ

രാഹുല്‍ മാങ്കൂട്ടത്തിലിന്റെ പേഴ്‌സണല്‍ സ്റ്റാഫിനെയും ഡ്രൈവറെയും പ്രതി ചേര്‍ത്തു

Update: 2025-12-05 13:32 GMT

തിരുവനന്തപുരം: പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ പേഴ്‌സണല്‍ സ്റ്റാഫിനെയും ഡ്രൈവറെയും പ്രതി ചേര്‍ത്തു. ഫസല്‍, ആല്‍വിന്‍ എന്നിവരെയാണ് പ്രതി ചേര്‍ത്തിരിക്കുന്നത്. രാഹുലിനെ രക്ഷപ്പെടാന്‍ ഇവര്‍ സഹായിച്ചെന്നും ബംഗളുരുവില്‍ രാഹുലിനെ എത്തിച്ചത് ഇവര്‍ ഒന്നിച്ചാണെന്നും പോലീസ് വ്യക്തമാക്കുന്നു. ഇരുവര്‍ക്കും നോട്ടീസ് നല്‍കി വിട്ടയച്ചു. അമേയ്‌സ് കാറും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഈ കാറിലാണ് രാഹുലിനെ ബംഗളുരുവില്‍ എത്തിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍.

തിരുവനന്തപുരം കമ്മീഷണര്‍ ഓഫീസിലായിരുന്നു ഫസലും ആല്‍വിനും. ഇരുവരെയും പൊലീസ് നിയമവിരുദ്ധമായി കസ്റ്റഡിയിലെടുത്തെന്ന് ചൂണ്ടിക്കാട്ടി ബന്ധുക്കള്‍ സംസ്ഥാന പോലീസ് മേധാവിക്ക് പരാതി നല്‍കിയിരുന്നു. ഫസല്‍ അടക്കമുള്ളവര്‍ എവിടെ എന്ന് ബന്ധുക്കളെ അറിയിക്കാന്‍ നടപടി വേണം എന്നാണ് ഡിജിപിക്ക് പരാതി നല്‍കിയത്. പരാതി വന്നതോടെ മൊഴി രേഖപ്പെടുത്തി വിടുകയായിരുന്നു എന്ന് ഫസല്‍ അബ്ബാസ് പറഞ്ഞു. പിന്നാലെയാണ് ഇരുവര്‍ക്കുമെതിരെ കേസെടുത്തതും.

ഇന്നലെ ഉച്ചയ്ക്ക് 2:30നായിരുന്നു ഇരുവരേയും കസ്റ്റഡിയില്‍ എടുത്തത്. എന്നാല്‍ ഒരു ദിവസം പിന്നിടുമ്പോഴും കുടുംബത്തിന് വിവരം ലഭിക്കാത്തതിനാല്‍ ബന്ധുക്കള്‍ ഡിജിപിക്ക് പരാതി നല്‍കുകയായിരുന്നു. ഫസല്‍ അബ്ബാസിന്റെ സഹോദരിയാണ് ഡിജിപിയ്ക്ക് പരാതി നല്‍കിയത്. സഹോദരനെ കണ്ടെത്തണമെന്നായിരുന്നു പരാതിയിലെ ആവശ്യം. തന്റെ സഹോദരന്‍ നിയമവിരുദ്ധ കസ്റ്റഡിയിലാണ്. സഹോദരന്‍ എവിടെയെന്ന് പോലീസ് അറിയിക്കുന്നില്ല. രാഹുല്‍ മാങ്കൂട്ടത്തില്‍ ഒളിവില്‍ പോയതില്‍ സഹോദരന് യാതൊരു പങ്കുമില്ല. നിയമവിരുദ്ധമായാണ് പൊലീസ് കസ്റ്റഡി. പൊലീസ് മേധാവി അടിയന്തരമായി വിഷയത്തില്‍ ഇടപെടണമെന്നും ഫസല്‍ അബ്ബാസ് എവിടെയെന്ന് അറിയിക്കാന്‍ നടപടി വേണമെന്നും പരാതിയില്‍ ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് പിഎയേയും ഡ്രൈവറേയും അന്വേഷണ സംഘം വിട്ടയച്ചത്.

അതിനിടെ ബലാത്സംഗ കേസില്‍ ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയിരിക്കുകയാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ. തിരുവനന്തപുരം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ഇന്നലെ അപേക്ഷ തള്ളിയതിനെ തുടര്‍ന്നാണ് രാഹുലിന്റെ പുതിയ നീക്കം. രാഹുല്‍ തത്ക്കാലം കീഴടങ്ങിയേക്കില്ലെന്നും നിയമപോരാട്ടം തുടരാനാണ് തീരുമാനമെന്നുമാണ് പുറത്തുവരുന്ന വിവരം. അറസ്റ്റ് തടയാനുള്ള സാധ്യത തേടാനാണ് നീക്കം. ആരോപണം ബലാത്സംഗമായി കണക്കാക്കാനാകില്ല, പരാതി നല്‍കിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, യുവതി മുഖ്യമന്ത്രിക്കാണ് പരാതി നല്‍കിയത്, കസ്റ്റഡിയില്‍ ചോദ്യം ചെയ്യേണ്ട ആവശ്യമില്ല എന്നിങ്ങനെയാണ് രാഹുലിന്റെ ഹര്‍ജിയിലെ വാദങ്ങള്‍.

ഉഭയകക്ഷി സമ്മത പ്രകാരമാണ് പരാതിക്കാരിയുമായുള്ള ബന്ധമെന്നാണ് രാഹുല്‍ ഹര്‍ജിയില്‍ ചൂണ്ടിക്കാണിച്ചിരിക്കുന്നത്. വര്‍ഷങ്ങളോളം നീണ്ടുനിന്ന ബന്ധം തകര്‍ന്നപ്പോള്‍ ബലാത്സംഗ കേസാണ് മാറ്റിയതാണെന്നും ഹര്‍ജിയില്‍ ആരോപിക്കുന്നു. താനൊരു രാഷ്ട്രീയ നേതാവായത് കൊണ്ട് തെരഞ്ഞെടുപ്പ് കാലത്ത് തന്നെ കരിവാരിത്തേക്കാന്‍ കെട്ടിച്ചമച്ച കേസാണിതെന്നും രാഹുല്‍ ഹൈക്കോടതിയെ അറിയിക്കുന്നു. 2025 നവംബറിലാണ് പരാതി നല്‍കിയതെന്നും പരാതി നല്‍കാനുണ്ടായ കാലതാമസം ദുരൂഹമാണെന്നും ഹര്‍ജിയില്‍ പറയുന്നു. സമാനമായ കേസുകളിലെ ഉത്തരവുകളും ഇപ്പോള്‍ ഹാജരാക്കിയിട്ടുണ്ട്. ബ്ലാക്ക് മെയിലിംഗും ആരോപിക്കുന്നുണ്ട്.

ഒന്‍പതാം ദിവസവും ഒളിവില്‍ തുടരുന്ന പാലക്കാട് എംഎല്‍എക്കായി പൊലീസ് അന്വേഷണം ഊര്‍ജിതപ്പെടുത്തിയിരിക്കുകയാണ്. സെഷന്‍സ് കോടതി ജാമ്യാപേക്ഷ തള്ളിയതിനെ തുടര്‍ന്ന് കോണ്‍ഗ്രസിന്റെ പ്രാഥമികാംഗത്വത്തില്‍ നിന്ന് രാഹുലിനെ ഇന്നലെ പുറത്താക്കിയിരുന്നു. രാഹുല്‍ മാങ്കൂട്ടത്തിനെതിരായ രണ്ടാമത്തെ ബലാല്‍സംഗ കേസ് അന്വേഷിക്കാന്‍ എസ്പി ജി പൂങ്കൂഴലിയുടെ നേതൃത്വത്തില്‍ പ്രത്യേക സംഘത്തെ നിയോഗിച്ചു.

Tags:    

Similar News