വിവാഹം കഴിക്കാമെന്ന് വിശ്വസിപ്പിച്ച് 35കാരിയുമായി ശാരീരിക ബന്ധത്തിൽ ഏർപ്പെട്ടു; ഗർഭിണിയായ യുവതിയെ ഭീഷണിപ്പെടുത്തി ഗർഭഛിദ്രം നടത്തി; നിർബന്ധിച്ച് 16 കോടി രൂപ കമ്പനിയിൽ നിക്ഷേപിപ്പിച്ചു; പിന്നാലെ ദുബായിൽ നിന്നും മുങ്ങി 52കാരൻ; പിടിയിലായത് കണ്ണൂരുകാരൻ സുജിത്ത്

Update: 2025-12-05 12:31 GMT

കണ്ണൂർ: വിവാഹ വാഗ്ദാനം നൽകി യുവതിയെ പീഡിപ്പിക്കുകയും ഭീഷണിപ്പെടുത്തി ഗർഭഛിദ്രം നടത്തുകയും 16 കോടി രൂപ തട്ടിയെടുത്തെന്ന പരാതിയിൽ കണ്ണൂർ കിഴുന്ന സ്വദേശിയായ ബിസിനസുകാരൻ സുജിത്ത് (52) അറസ്റ്റിൽ. എടക്കാട് പോലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കോട്ടയം സ്വദേശിനിയായ 35 വയസ്സുകാരി ദുബായിൽ ഉന്നത ഉദ്യോഗസ്ഥയാണ് സുജിത്തിനെതിരെ പരാതി നൽകിയത്.

2015നും 2020നും ഇടയിൽ ദുബായിൽ വെച്ചാണ് യുവതി പീഡനത്തിനിരയായെതെന്നാണ് പരാതിയിൽ പറയുന്നത്. ഉന്നത ഉദ്യോഗസ്ഥയായ യുവതിയുമായി സുജിത്ത് ബന്ധം സ്ഥാപിക്കുകയും വിവാഹം കഴിക്കാമെന്ന് വിശ്വസിപ്പിച്ച് ശാരീരിക ബന്ധത്തിൽ ഏർപ്പെടുകയുമായിരുന്നു. ഇതിനിടെ, യുവതിയെ നിർബന്ധിച്ച് 16 കോടി രൂപ തന്റെ കമ്പനിയിൽ നിക്ഷേപിപ്പിക്കുകയും ചെയ്തു. യുവതി ഗർഭിണിയാണെന്ന് മനസ്സിലാക്കിയതോടെ വിവാഹം ഉടൻ വേണമെന്ന് ആവശ്യപ്പെട്ടു. എന്നാൽ, സുജിത്ത് ഗർഭഛിദ്രം നടത്താൻ സമ്മർദം ചെലുത്തുകയായിരുന്നു. ഇയാളുടെ ഭീഷണിയെ തുടർന്ന് യുവതിക്ക് ഗർഭഛിദ്രം നടത്തേണ്ടി വന്നുവെന്ന് പരാതിയിൽ പറയുന്നു.

ഗർഭഛിദ്രത്തിന് ശേഷം വിവാഹത്തിൽ നിന്ന് ഇയാൾ ഒഴിഞ്ഞുമാറുകയും ദുബായിൽ നിന്ന് കടന്നുകളയുകയുമായിരുന്നുവെന്ന് യുവതിയുടെ പരാതിയിൽ ചൂണ്ടിക്കാട്ടുന്നു. വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു, ഭീഷണിപ്പെടുത്തി ഗർഭഛിദ്രം നടത്തി, പണം തട്ടിയെടുത്തു തുടങ്ങിയ കുറ്റങ്ങളാണ് സുജിത്തിനെതിരെ ചുമത്തിയിരിക്കുന്നത്. അറസ്റ്റിലായ പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. കേസിൽ കൂടുതൽ നിയമനടപടികൾ പുരോഗമിക്കുകയാണ്.

Tags:    

Similar News