പാക്കിസ്താന്‍ തീവ്രവാദ സംഘടനയുമായി ചാരപ്രവൃത്തി നടത്തിയെന്ന് ആരോപിച്ച് റിട്ട. എയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥനെ ഭീഷണിപ്പെടുത്തി; കോടതിയില്‍ കേസുണ്ടെന്ന് വിശ്വസിപ്പിച്ചത് വ്യാജരേഖകള്‍ കാണിച്ച്; റിട്ട. എയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥന്റെ 12 ലക്ഷം തട്ടിയ സ്ത്രീ അറസ്റ്റില്‍

പാക്കിസ്താന്‍ തീവ്രവാദ സംഘടനയുമായി ചാരപ്രവൃത്തി നടത്തിയെന്ന് ആരോപിച്ച് റിട്ട. എയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥനെ ഭീഷണിപ്പെടുത്തി

Update: 2025-12-05 14:03 GMT

പുതുശേരി: പാക്കിസ്ഥാന്‍ തീവ്രവാദ സംഘടനയുമായി ചാരപ്രവൃത്തി നടത്തിയെന്ന് ആരോപിച്ച് റിട്ട. എയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥനെ കബളിപ്പിച്ച് 12 ലക്ഷം രൂപ തട്ടിയെടുത്ത സ്ത്രീ അറസ്റ്റില്‍. മലപ്പുറം കോരന്‍കോട് കോലത്തൊടി ആലിപ്പറമ്പില്‍ ഹസീന(37)യെയാണ് വ്യാഴം രാത്രി അറസ്റ്റ് ചെയ്തത്. ഇവരും ഭര്‍ത്താവും ചേര്‍ന്നാണ് റിട്ട. ഉദ്യോഗസ്ഥനെ കെണില്‍ വീഴ്ത്തി പണം തട്ടിയത്. പോലീസ് അറസ്റ്റു ചെയ്യാന്‍ എത്തുന്നത് കണ്ട് ഇവരുടെ ഭര്‍ത്താവ് അബ്ദുല്‍ റസാഖും സുഹൃത്തും രക്ഷപ്പെട്ടു.

ചന്ദ്രനഗര്‍ സ്വദേശിയാണ് തട്ടിപ്പിന് ഇരയായത്. മൂന്ന് മാസംമുമ്പാണ് സംഭവം. സര്‍വീസിലുള്ളപ്പോള്‍ പാക്കിസ്താന്‍ തീവ്രവാദ സംഘടനയുമായി ചാരപ്രവൃത്തി നടത്തിയെന്നും കോടതിയില്‍ കേസുണ്ടെന്നുമുള്ള വ്യാജരേഖകള്‍ ഹാജരാക്കിയാണ് ഇദ്ദേഹത്തെ സമീപിച്ചതെന്നും പൊലീസ് പറയുന്നു. കള്ളക്കേസാണെന്നും രക്ഷപ്പെടുത്താമെന്നും പറഞ്ഞു. ആരോപങ്ങള്‍ എത്തിയത്് കണ്ടെ ഭയന്നുപോയ ഉദ്യോഗസ്ഥനെ പണംനല്‍കിയാല്‍ സഹായിക്കാമെന്ന് പറഞ്ഞ് രംഗത്തുവരികയായിരുന്നു.

അക്കൗണ്ടിലെ പണം മാറ്റി സൂക്ഷിക്കണമെന്നും ഉദ്യോഗസ്ഥനോട് സംഘം നിര്‍ദേശിച്ചു. ഇത് വിശ്വസിച്ച് ഇയാള്‍ ഏഴുലക്ഷം രൂപ ഹസീനയുടെ ചെര്‍പ്പുളശേരിയിലെ സ്വകാര്യ ബാങ്ക് അക്കൗണ്ടിലേക്കും അഞ്ചുലക്ഷം രൂപ അബ്ദുല്‍ റസാഖിന്റെ അക്കൗണ്ടിലേക്കും മാറ്റി. ഹസീനയുടെ അക്കൗണ്ടിലെ പണം എടിഎം വഴി അബ്ദുല്‍ റസാഖും സുഹൃത്തും പിന്‍വലിച്ചു.

പിന്നീട് ഫോണ്‍ സ്വിച്ച് ഓഫാക്കി മുങ്ങിയതോടെയാണ് തട്ടിപ്പ് തിരിച്ചറിഞ്ഞത്. തുടര്‍ന്ന്, കസബ പൊലീസ്, സൈബര്‍ പൊലീസ് സഹായത്തോടെ ബാങ്ക് അക്കൗണ്ടും ഫോണ്‍ കോളുകളും പരിശോധിച്ചാണ് പ്രതികളെ തിരിച്ചറിഞ്ഞത്. കസബ ഇന്‍സ്പെക്ടര്‍ എം സുജിത്ത്, എസ്‌ഐ എച്ച് ഹര്‍ഷാദ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്. കൂടുതല്‍ പ്രതികളുണ്ടെന്നാണ് നിഗമനമെന്ന് കസബ ഇന്‍സ്പെക്ടര്‍ എം സുജിത്ത് അറിയിച്ചു.

Tags:    

Similar News