ബില്ലടയ്ക്കാതെ മദ്യക്കുപ്പിയുമായി കടക്കാൻ ശ്രമിച്ചതോടെ ജീവനക്കാർ തടഞ്ഞു; പിന്നാലെ കുപ്പി തിരികെ നൽകി തടിതപ്പി; സ്റ്റോക്കെടുത്തപ്പോൾ പ്രീമിയം ഔട്ട്‌ലറ്റിൽ ഒരു കുപ്പി കുറവ്; അരയിൽ വിസ്കിക്കുപ്പിയുമായി മുങ്ങിയ 'വിദഗ്ധ'നെ തപ്പി പോലീസ്
കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് പുതിയകോട്ട ബിവറേജ് ഔട്ട്‌ലറ്റിൽനിന്ന് അരയിൽ ഒളിപ്പിച്ച് മദ്യക്കുപ്പിയുമായി കടന്ന മോഷ്ടാവിനെ കണ്ടെത്താൻ അന്വേഷണം ഊർജ്ജിതമാക്കി പോലീസ്. ചൊവ്വാഴ്ച രാത്രി ഏഴുമണിയോടെയാണ് സംഭവം. 850 രൂപ വിലമതിക്കുന്ന വിസ്കിക്കുപ്പിയാണ് മോഷണം പോയത്.
ഔട്ട്‌ലറ്റിലെ പ്രീമിയം കൗണ്ടറിൽനിന്ന് ബില്ലടയ്ക്കാതെ മദ്യക്കുപ്പിയുമായി കടന്നുകളയാൻ ശ്രമിച്ചയാളെ ജീവനക്കാർ തടഞ്ഞുനിർത്തിയിരുന്നു. എന്നാൽ, ഇയാൾ കൈവശമുണ്ടായിരുന്ന കുപ്പി തിരികെ നൽകി പുറത്തേക്ക് പോകുകയായിരുന്നു. കടയടയ്ക്കുന്നതിന് മുമ്പ് നടത്തിയ സ്റ്റോക്കെടുപ്പിലാണ് ഒരു കുപ്പിയുടെ കുറവ് ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് നടത്തിയ സിസിടിവി ദൃശ്യ പരിശോധനയിലാണ്, ബില്ലടയ്ക്കാതെ പോകാൻ ശ്രമിച്ചയാൾ മദ്യക്കുപ്പി അരയിൽ തിരുകി മാറ്റുന്നത് വ്യക്തമായത്.
ഉപഭോക്താക്കൾക്ക് സ്വയം സാധനങ്ങൾ തിരഞ്ഞെടുത്ത് വാങ്ങാൻ സൗകര്യമുള്ള പ്രീമിയം കൗണ്ടറിൽ ജീവനക്കാരുടെ ശ്രദ്ധയിൽപ്പെടാതെയാണ് മോഷണം നടന്നത്. മോഷണം നടന്ന സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ ഔട്ട്‌ലെറ്റ് മാനേജർ കെ. ദിനേശൻ പോലീസിന് കൈമാറിയിട്ടുണ്ട്. ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ മോഷ്ടാവിനെ കണ്ടെത്താനുള്ള ഊർജിത ശ്രമങ്ങൾ പോലീസ് നടത്തിവരികയാണ്.