ടിവി കാണാനെന്ന വ്യാജേന വീട്ടിലെത്തിയ വാടകക്കാർ; മുഖത്ത് തലയണ അമർത്തി ശ്വാസംമുട്ടിച്ച് വീട്ടമ്മയെ കൊലപ്പെടുത്തി; പിന്നാലെ താലിമാലയുമായി മുങ്ങി; ക്രൂരത സാമ്പത്തിക ബാധ്യതകൾ തീർക്കാൻ; ദമ്പതികൾ പിടിയിൽ
ബെംഗളൂരു: വീട്ടമ്മയെ കൊലപ്പെടുത്തി താലി മാല കവർന്ന കേസിൽ ദമ്പതികൾ അറസ്റ്റിൽ. മഹാരാഷ്ട്ര സ്വദേശികളായ പ്രസാദ് ശ്രീസെയിൽ (26), ഭാര്യ സാക്ഷി ഹനമന്ത (23) എന്നിവരെയാണ് ബെംഗളൂരു ഉത്തരഹള്ളിയിൽ നിന്നും പോലീസ് പിടികൂടിയത്. കോട്ടേൺപേട്ടിലെ ഫാക്ടറി ജീവനക്കാരനായ അശ്വത് നാരായണന്റെ ഭാര്യ ശ്രീലക്ഷ്മിയാണ് കൊല്ലപ്പെട്ടത്. ഇവരുടെ വീട്ടിൽ വാടകയ്ക്ക് താമസിച്ചിരുന്ന ദമ്പതികളാണ് കൊലപാതകതിന് പിന്നിൽ.
തിങ്കളാഴ്ച ഉച്ചയോടെയാണ് സംഭവം നടന്നത്. അശ്വത് ജോലിക്കായി വീട്ടിൽ നിന്നിറങ്ങിയ ശേഷം ശ്രീലക്ഷ്മി മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. ഈ സമയം, വീട്ടിൽ വാടകയ്ക്ക് താമസിക്കുന്ന പ്രതികളായ ദമ്പതിമാർ ടിവി കാണാനെന്ന വ്യാജേന ശ്രീലക്ഷ്മിയുടെ വീട്ടിലെത്തി. തുടർന്ന് ഇരുവരും ചേർന്ന് ശ്രീലക്ഷ്മിയുടെ മുഖത്ത് തലയണ അമർത്തി ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു. കൊലപാതക ശേഷം ശ്രീലക്ഷ്മിയുടെ കഴുത്തിലുണ്ടായിരുന്ന സ്വർണ്ണമാലയും ഇവർ കവർന്നു.
വൈകുന്നേരത്തോടെ ജോലി കഴിഞ്ഞ് വീട്ടിലെത്തിയ അശ്വത് ഭാര്യയെ മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു. തുടർന്ന് പോലീസിൽ വിവരമറിയിച്ചു. പോലീസ് നടത്തിയ അന്വേഷണത്തിൽ, തിങ്കളാഴ്ച ഉച്ചയ്ക്ക് പ്രതികൾ ശ്രീലക്ഷ്മിയെ സന്ദർശിച്ചതായി കണ്ടെത്തി. ഇവരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതോടെയാണ് കൊലപാതകവും മോഷണവും സമ്മതിച്ചത്.
സാമ്പത്തികപരമായ ബാധ്യതകൾ തീർക്കാനാണ് ഇങ്ങനെയൊരു കൃത്യം ചെയ്തതെന്ന് പ്രതികൾ പോലീസിനോട് സമ്മതിച്ചു. പ്രസാദ് ബെംഗളൂരുവിൽ കൂലിപ്പണി ചെയ്യുന്നയാളാണ്. ഭാര്യ സാക്ഷി ഒരു ജൂവലറിയിലെ ജീവനക്കാരിയാണ്. ഇരുവരും വീട്ടുടമയായ അശ്വത് ഉൾപ്പെടെ പലർക്കും പണം നൽകാനുണ്ടായിരുന്നുവെന്ന് പോലീസ് അറിയിച്ചു. അറസ്റ്റിലായ പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.