അടുത്തിരുന്ന യാത്രക്കാരന്‍ ബാഗ് മറച്ചുവച്ച് പെണ്‍കുട്ടിയുടെ ശരീരത്തില്‍ പിടിച്ചു; അക്രമിയുടെ കരണത്തടിച്ച് പെണ്‍കുട്ടി; പ്രതികരിക്കാതെ സഹയാത്രികര്‍; ബസിലെ ലൈംഗികാതിക്രമത്തില്‍ പരാതി നല്‍കാതെ കെഎസ്ആര്‍ടിസി അധികൃതര്‍

Update: 2025-11-06 09:40 GMT

തിരുവനന്തപുരം: കെഎസ്ആര്‍ടിസി ബസില്‍ വച്ച് പെണ്‍കുട്ടിക്കു നേരെ സഹയാത്രികന്‍ ലൈംഗിക അതിക്രമം നടത്തുന്നതിന്റെ വിഡിയോ പ്രചരിച്ചിട്ടും പരാതി നല്‍കാതെ കെഎസ്ആര്‍ടിസി അധികൃതര്‍. വെള്ളറട ഡിപ്പോയിലെ ബസില്‍ പേയാടിന് സമീപം വച്ചാണ് സംഭവം. പെണ്‍കുട്ടിയുടെ അടുത്തിരുന്ന യാത്രക്കാരന്‍ ബാഗ് മറച്ചുവച്ച് ശരീരത്തില്‍ പിടിക്കുകയായിരുന്നു. ഇതിന്റെ വിഡിയോ പകര്‍ത്തിയ പെണ്‍കുട്ടി കൈ തട്ടിമാറ്റിയ ശേഷം ബഹളം വയ്ക്കുകയും അക്രമിയെ അടിക്കുകയും ചെയ്തിരുന്നു. എന്നാല്‍ പെണ്‍കുട്ടിക്കു പരാതി ഇല്ലാത്തതിനാലാണ് പൊലീസില്‍ വിവരം അറിയിക്കാതിരുന്നതെന്നാണ് കെഎസ്ആര്‍ടിസി അധികൃതര്‍ പറയുന്നത്.

സംഭവം ഉണ്ടായപ്പോള്‍ ഒപ്പമുണ്ടായിരുന്ന സഹയാത്രികര്‍ ആരും പ്രതികരിക്കാന്‍ തയാറായില്ലെന്ന് വിഡിയോയില്‍ കാണാം. ഇങ്ങനെയാണോ ബസില്‍ പെരുമാറുന്നതെന്നു പെണ്‍കുട്ടി ചോദിക്കുന്നുണ്ട്. തന്നെ ഉപദ്രവിച്ചുവെന്നും ഇയാളെ ഇറക്കിവിടണമെന്നും പെണ്‍കുട്ടി ആവശ്യപ്പെട്ടു. തുടര്‍ന്ന് കണ്ടക്ടര്‍ എത്തി ബസ് നിര്‍ത്തി പെണ്‍കുട്ടിയെ ഉപദ്രവിച്ച ആളെ ഇറക്കിവിടുകയായിരുന്നു. കാട്ടാക്കട പൊലീസില്‍ ഇതുവരെ പരാതി ഒന്നും ലഭിച്ചിട്ടില്ല.

ഒരേ സീറ്റിലിരുന്നയാളുടെ പ്രവൃത്തിയുടെ ദൃശ്യങ്ങള്‍ യുവതി തന്നെ മൊബൈല്‍ക്യാമറയില്‍ പകര്‍ത്തിയതോടെ സമൂഹ്യമാധ്യമങ്ങളില്‍ ദൃശ്യങ്ങള്‍ വൈറലാണ്. അടുത്തിരുന്ന യാത്രക്കാരന്‍ ബാഗ് മറച്ചുവച്ച് ശരീരത്തില്‍ പിടിക്കുകയായിരുന്നു. ഇതിന്റെ വിഡിയോ പകര്‍ത്തിയ പെണ്‍കുട്ടി കൈ തട്ടിമാറ്റിയ ശേഷം ബഹളം വയ്ക്കുകയും അക്രമിയെ അടിക്കുകയുമായിരുന്നു. പല തവണ ഇയാള്‍ ദേഹത്ത് സ്പര്‍ശിക്കുന്നതും ദൃശ്യങ്ങളിലുണ്ട്. ഇങ്ങനെയാണോ ബസില്‍ പെരുമാറുന്നതെന്നും തനിക്ക് വീട്ടില്‍ അമ്മയും സഹോദരിമാരുമില്ലേയെന്നതടക്കം പെണ്‍കുട്ടി ചോദിച്ചുകൊണ്ടാണ് ഇയാളെ അടിക്കുന്നത്. ബഹളം കേട്ട് കണ്ടക്ടര്‍ എത്തിയപ്പോള്‍ സഹയാത്രികന്‍ ഉപദ്രവിച്ചുവെന്നും ഇയാളെ ഇറക്കിവിടണമെന്നും ഇല്ലെങ്കില്‍ പൊലീസ് സ്റ്റേഷനിലേക്ക് പോകണമെന്നും പെണ്‍കുട്ടി ആവശ്യപ്പെട്ടു. പെണ്‍കുട്ടിയുടെ ആവശ്യപ്രകാരം ബസ് നിര്‍ത്തി പെണ്‍കുട്ടിയെ ഉപദ്രവിച്ച ആളെ കണ്ടക്ടര്‍ ഇറക്കിവിട്ട ശേഷം സര്‍വീസ് തുടരുകയായിരുന്നു.

പെണ്‍കുട്ടിക്കു പരാതി ഇല്ലാത്തതിനാല്‍ പൊലീസില്‍ വിവരം അറിയിച്ചില്ലെന്ന് കെഎസ്ആര്‍ടിസി അധികൃതര്‍ പറയുന്നത്. അതിക്രമം ഉണ്ടായതോടെ യുവതി അയാള്‍ക്ക് ആവശ്യത്തിനുള്ളത് കൊടുത്തിരുന്നു. അതുകൊണ്ടാവും പരാതിപ്പെടാതിരുന്നതെന്നും അധികൃതര്‍ പറഞ്ഞു. സമൂഹ്യമാധ്യമങ്ങളില്‍ ദ്യശ്യങ്ങള്‍ ചര്‍ച്ചയായിട്ടുണ്ടെങ്കിലും പൊലീസിലടക്കം ഇതുവരെ പരാതി എത്തിയിട്ടില്ല. തിരുവനന്തപുരം - വെള്ളറട റൂട്ടിലെ ബസിലായിരുന്നു സംഭവം. ഇരുവരും കാട്ടാക്കടയിലേക്കാണ് ടിക്കറ്റ് എടുത്തിരുന്നത്.

അതേ സമയം കെഎസ്ആര്‍ടിസി ബസില്‍ മദ്യപിച്ച് കയറി അഭ്യാസം കാണിച്ചാല്‍ അത്തരക്കാരെ അടുത്ത പൊലീസ് സ്റ്റേഷനില്‍ എത്തിക്കുമെന്ന് ഗതാഗതമന്ത്രി പറഞ്ഞിരുന്നു. ഇതിന് ജീവനക്കാര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു. പുകവലിച്ചത് ചോദ്യം ചെയ്തതിന് 19 കാരിയെ വര്‍ക്കലയില്‍ വെച്ച് മദ്യപന്‍ ട്രെയിനില്‍ നിന്നും തള്ളിയിട്ട സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് മന്ത്രിയുടെ നിര്‍ദേശം. പുകവലിച്ചു കൊണ്ട് അടുത്തെത്തിയ ആളോട് മാറി നിന്നില്ലെങ്കില്‍ പരാതിപ്പെടുമെന്ന് പറഞ്ഞതിനായിരുന്നു പെണ്‍കുട്ടിയെ ട്രെയിനില്‍ നിന്ന് ചവിട്ടി വീഴ്ത്തിയത്.

Tags:    

Similar News