പകൽ ക്യാമറയ്ക്ക് മുന്നിൽ അഭിനയം, രാത്രിയിൽ ബുള്ളറ്റ് മോഷണം; റെയിൽവേ സ്റ്റേഷനുകൾ അരിച്ചുപെറുക്കിയുള്ള അന്വേഷണം; സോഷ്യൽ മീഡിയയിൽ സ്റ്റാർ പോലീസ് റെക്കോർഡിൽ കൊടുംകുറ്റവാളി; ഭാര്യയോടൊപ്പം ആഡംബര ജീവിതം; ഒടുവിൽ പോലീസിന്റെ കെണിയിൽ വീണ് 32കാരൻ
മുംബൈ: മുംബൈയിൽ ദീർഘകാലമായി ബൈക്ക് മോഷണ പരമ്പരകൾ ആസൂത്രണം ചെയ്തുവന്ന മുൻ മറാത്തി ടെലിവിഷൻ നടൻ പിടിയിലായി. ജൽഗാവ് ജില്ലയിലെ മുക്തൈനഗർ താലൂക്ക് സ്വദേശിയായ 32-കാരൻ രേഹാൻ സുഭാഷ് ചൗധരിയാണ് (സുനിൽ) അറസ്റ്റിലായത്. അറസ്റ്റ് നടക്കുമ്പോൾ ഇയാൾ ഭാര്യയോടൊപ്പം ബദ്ലാപൂർ ഈസ്റ്റിലായിരുന്നു താമസം. ജനുവരി 21-ന് കുർള വെസ്റ്റ് സ്വദേശിയായ സന്ദീപ് ഓംപ്രകാശ് സോങ്കറിന്റെ റോയൽ എൻഫീൽഡ് ബുള്ളറ്റ് എൽആർ ഫ്ലൈഓവറിന് സമീപത്ത് നിന്ന് മോഷ്ടിക്കപ്പെട്ടതിനെ തുടർന്ന് നടത്തിയ അന്വേഷണമാണ് നടനിലേക്ക് എത്തിയത്.
സിസിടിവി ദൃശ്യങ്ങളും സാങ്കേതിക നിരീക്ഷണവും വഴിയാണ് പോലീസ് ഇയാളെ കണ്ടെത്തിയത്. പ്രതിയിൽ നിന്ന് മോഷ്ടിച്ച അഞ്ച് മോട്ടോർ സൈക്കിളുകളും പോലീസ് വീണ്ടെടുത്തു. സീനിയർ പോലീസ് ഇൻസ്പെക്ടർ സന്തോഷ് ധെംറെ, പോലീസ് ഇൻസ്പെക്ടർ സംഗം ഗുർസാലെ എന്നിവരുടെ മേൽനോട്ടത്തിൽ അസിസ്റ്റന്റ് പോലീസ് ഇൻസ്പെക്ടർ രാഹുൽ വാഗ്മറെയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് അന്വേഷണം നടത്തിയത്. മുംബൈയുടെ വിവിധ ഭാഗങ്ങളിലായി രജിസ്റ്റർ ചെയ്ത ഏകദേശം 17 ബൈക്ക് മോഷണക്കേസുകളിൽ ചൗധരിക്ക് പങ്കുണ്ടെന്ന് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായി.
കഴിഞ്ഞ കുറേ വർഷങ്ങളായി റോയൽ എൻഫീൽഡ് ബുള്ളറ്റുകളെ മാത്രം ലക്ഷ്യം വെച്ചായിരുന്നു ഇയാളുടെ മോഷണമെന്നും, മോഷ്ടിക്കുന്ന ബൈക്കുകൾ മറ്റ് നഗരങ്ങളിലാണ് ഇയാൾ വിറ്റിരുന്നതെന്നും അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു. സോഷ്യൽ മീഡിയയിൽ വലിയ സ്വാധീനമുള്ള വ്യക്തി കൂടിയാണ് ചൗധരി. ബാംഗൂർ നഗർ, വി പാർലെ, ആരെ, വെർസോവ, ഘാട്കോപ്പർ, മുളുണ്ട്, അംബോലി തുടങ്ങി വിവിധ പോലീസ് സ്റ്റേഷനുകളിലായി വാഹന മോഷണം ഉൾപ്പെടെയുള്ള നിരവധി കേസുകളിൽ പ്രതിയായ ഇയാൾ ഒരു സ്ഥിരം കുറ്റവാളിയാണ്. 16-ലധികം കേസുകൾ ഇയാൾക്കെതിരെ നേരത്തെ രജിസ്റ്റർ ചെയ്തിട്ടുണ്ട്.
നവി മുംബൈയിലെ നെരൂൾ പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത ബുള്ളറ്റ് മോഷണക്കേസും, താനെയിലെ അംബർനാഥിൽ നടന്ന രണ്ട് മോട്ടോർ സൈക്കിൾ മോഷണക്കേസുകളും പോലീസ് ഇതിനോടകം തെളിയിച്ചിട്ടുണ്ട്. അന്വേഷണത്തിന്റെ ഭാഗമായി പോലീസ് ഓഫീസർ വാഗ്മറെയും സംഘവും തിലക് നഗർ റെയിൽവേ സ്റ്റേഷൻ മുതൽ ബദ്ലാപൂർ റെയിൽവേ സ്റ്റേഷൻ പ്ലാറ്റ്‌ഫോമുകൾ വരെയുള്ള സിസിടിവി ദൃശ്യങ്ങളും സമീപത്തെ കെട്ടിടങ്ങളിലെയും കടകളിലെയും ദൃശ്യങ്ങളും വിശദമായി പരിശോധിച്ചു. തുടർന്ന് ബദ്ലാപൂർ ഈസ്റ്റിൽ പോലീസ് ഒരുക്കിയ കെണിയിൽ പ്രതി കുടുങ്ങുകയായിരുന്നു. ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിച്ചതിനെ തുടർന്ന് പോലീസ് അറസ്റ്റ് രേഖപ്പെടുത്തി.
