റീലുകളില്‍ ചിരിച്ചു, ജീവിതത്തില്‍ സങ്കടം; കാസര്‍കോടന്‍ ശൈലിയില്‍ പാചക വീഡിയോകളും യാത്രാവിശേഷങ്ങളുമായി എപ്പോഴും ചിരിച്ചുകണ്ട ചിന്നു പാപ്പുവിനെ കടുത്ത സമ്മര്‍ദ്ദത്തിലാക്കിയത് എന്ത്? ആണ്‍സുഹൃത്തുമായുള്ള കലഹം കടുംകൈക്ക് കാരണമായോ? 'ഇത്രയും ചിരിച്ചുകൊണ്ടിരുന്ന ആള്‍ക്ക് ഇങ്ങനെ ചെയ്യാന്‍ കഴിയുമോ?' എന്ന ചോദ്യവുമായി വേദനയോടെ ആരാധകര്‍

ചിന്നു പാപ്പുവിന്റെ ആത്മഹത്യ: ആണ്‍സുഹൃത്തുമായുള്ള കലഹം വില്ലനായി

Update: 2026-02-09 14:12 GMT

കാസര്‍കോട്: ഇന്‍സ്റ്റഗ്രാം റീലുകളിലൂടെ കാസര്‍കോടന്‍ ഭാഷയുടെ തനിമയുമായി മലയാളി മനസ്സുകളില്‍ ഇടംനേടിയ 'ചിന്നു പാപ്പു' എന്ന രേഷ്മയുടെ ആത്മഹത്യയില്‍ ഞെട്ടിത്തരിച്ച് സോഷ്യല്‍ മീഡിയ. ആസാദ് നഗറിലെ വാടക ക്വാര്‍ട്ടേഴ്‌സില്‍ ചിന്നുവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുമ്പോള്‍ ബാക്കിയാകുന്നത് നിരവധി ചോദ്യങ്ങളാണ്. പ്രിയതാരത്തിന്റെ വിയോഗവാര്‍ത്ത പുറത്തുവന്നതിന് പിന്നാലെ രേഷ്മയുടെ വ്യക്തിജീവിതത്തിലെ അസ്വാരസ്യങ്ങളെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരികയാണ്.

കലഹങ്ങള്‍ തകര്‍ത്തെറിഞ്ഞ ജീവിതം?

രേഷ്മയുടെ ആത്മഹത്യയിലേക്ക് നയിച്ചത് ആണ്‍സുഹൃത്തുമായുണ്ടായ കടുത്ത കലഹമാണെന്ന സൂചനകളാണ് പോലീസിന് ലഭിക്കുന്നത്. ആദ്യ വിവാഹബന്ധം വേര്‍പെടുത്തിയ ശേഷം കാസര്‍കോട് ആസാദ് നഗറിലെ വാടക ക്വാര്‍ട്ടേഴ്‌സില്‍ സുഹൃത്തിനൊപ്പമായിരുന്നു രേഷ്മ താമസം. എന്നാല്‍ കഴിഞ്ഞ കുറച്ചുദിവസങ്ങളായി ഇരുവരും തമ്മില്‍ കടുത്ത തര്‍ക്കങ്ങള്‍ നിലനിന്നിരുന്നതായി അയല്‍വാസികളില്‍ നിന്നും മറ്റും ലഭിക്കുന്ന വിവരം. മരണദിവസവും ഇത്തരത്തില്‍ മാനസിക വിഷമം ഉണ്ടാക്കുന്ന സംഭവങ്ങള്‍ നടന്നതായാണ് പോലീസ് നിഗമനം.

ഒറ്റപ്പെടലും മാനസിക സമ്മര്‍ദ്ദവും

രണ്ട് ലക്ഷത്തിലധികം ഫോളോവേഴ്‌സ് ഉണ്ടായിരുന്നപ്പോഴും വ്യക്തിജീവിതത്തില്‍ രേഷ്മ ഏറെക്കാലമായി ഒറ്റപ്പെട്ട നിലയിലായിരുന്നു. ആദ്യ വിവാഹമോചനവുമായി ബന്ധപ്പെട്ട നിയമനടപടികള്‍ കോടതിയില്‍ നടന്നുവരികയായിരുന്നു.

സൈബര്‍ ലോകത്തെ ചിരി, ജീവിതത്തിലെ കരച്ചില്‍

കാസര്‍കോടന്‍ ശൈലിയിലുള്ള പാചക വീഡിയോകളും യാത്രാവിശേഷങ്ങളുമായി എപ്പോഴും ചിരിച്ചുകൊണ്ട് ക്യാമറയ്ക്ക് മുന്നിലെത്തിയിരുന്ന രേഷ്മ, ജീവിതത്തില്‍ കടുത്ത മാനസിക സമ്മര്‍ദ്ദം അനുഭവിച്ചിരുന്നതായി സുഹൃത്തുക്കള്‍ പറയുന്നു.

അന്വേഷണം സുഹൃത്തിലേക്ക്?

സംഭവദിവസം രേഷ്മയ്‌ക്കൊപ്പമുണ്ടായിരുന്ന ആണ്‍സുഹൃത്തിനെ കേന്ദ്രീകരിച്ചാണ് വിദ്യാനഗര്‍ പോലീസ് അന്വേഷണം നടത്തുന്നത്. ഇരുവരും തമ്മിലുള്ള ഫോണ്‍ സംഭാഷണങ്ങളും വാട്‌സാപ്പ് ചാറ്റുകളും പോലീസ് വിശദമായി പരിശോധിച്ചുവരികയാണ്. ആത്മഹത്യാ പ്രേരണാ കുറ്റം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ അന്വേഷണപരിധിയിലുണ്ട്. ആദൂര്‍ ആലന്തടുക്കയിലെ രേഷ്മയുടെ വീട്ടുകാരെയും പോലീസ് വിവരങ്ങള്‍ക്കായി ബന്ധപ്പെട്ടിട്ടുണ്ട്.

രേഷ്മയുടെ ഇന്‍സ്റ്റഗ്രാം പേജില്‍ വിയോഗവാര്‍ത്തയ്ക്ക് പിന്നാലെ ആയിരക്കണക്കിന് ആരാധകരാണ് ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നത്. 'ഇത്രയും ചിരിച്ചുകൊണ്ടിരുന്ന ആള്‍ക്ക് ഇങ്ങനെ ചെയ്യാന്‍ കഴിയുമോ?' എന്ന ചോദ്യമാണ് ആരാധകര്‍ക്കിടയില്‍ ബാക്കിയാകുന്നത്.

Tags:    

Similar News