'എന്റെ മകനെ അയാള്‍ ഉണ്ടാക്കിയതാണെന്ന് വരെ അമ്മായിയച്ഛന്‍ പറഞ്ഞു; ഇത് കേട്ടപ്പോഴും അജിത്ത് ഒന്നും പറഞ്ഞില്ല'; ആത്മഹത്യാക്കുറിപ്പില്‍ ചേട്ടത്തിയമ്മയായ സുജിതയുമായുള്ള ഭര്‍ത്താവിന്റെ ബന്ധവും; ഭര്‍തൃവീട്ടിലെ പീഡനത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്തി രേഷ്മ
ഭര്‍തൃവീട്ടിലെ പീഡനത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്തി രേഷ്മ
കൊല്ലം: ആലപ്പുഴയിലെ ഭര്‍തൃവീട്ടില്‍ നേരിട്ട ക്രൂരപീഡനങ്ങളുടെ വിവരങ്ങള്‍ വെളിപ്പെടുത്തി ആലപ്പുഴയില്‍ ജീവനൊടുക്കിയ രേഷ്മയുടെ ആത്മഹത്യാക്കുറിപ്പ്. ഏഴു പേജോളം നീളുന്ന ആത്മഹത്യാക്കുറിപ്പില്‍ രണ്ടരപ്പേജോളും സൂചിപ്പിക്കുന്നത് ഭര്‍ത്താവ് അജിത്തിന് ചേട്ടത്തിയമ്മയായ സുജിതയുമായുള്ള ബന്ധത്തെക്കുറിച്ചാണ്. തന്റെ ഗര്‍ഭത്തിനുത്തരവാദി ഭര്‍ത്താവിന്റെ അച്ഛന്‍ ആണെന്ന് അയാള്‍ അവകാശപ്പെട്ടപ്പോള്‍ ഭര്‍ത്താവ് എതിര്‍ത്തില്ലെന്നും രേഷ്മ വേദനയോടെ എഴുതുന്നു. കൊല്ലം സ്വദേശി രേഷ്മയുടെ മരണത്തിന് പിന്നില്‍ ഭര്‍ത്താവും വീട്ടുകാരുമാണെന്ന് ബന്ധുക്കള്‍ ആരോപിച്ചിരുന്നു. 29 കാരിയുടെ കുറിപ്പും ഫോണ്‍ സംഭാഷണവും തെളിവായി നിരത്തി നിയമ പോരാട്ടത്തിന് തിരിക്കുകയാണ് കുടുംബം.
29കാരിയായ രേഷ്മ ഭര്‍ത്താവില്‍ നിന്നും നേരിട്ട അവഗണനയും മാനസിക പീഡനവും അച്ഛനോട് തുറന്നു പറയുന്ന ഫോണ്‍ സംഭാഷണം പുറത്തുവന്നിരുന്നു. ഇക്കഴിഞ്ഞ വെള്ളിയാഴ്ചയാണ് രേഷ്മ ആലപ്പുഴ പുന്നപ്രയിലെ ഭര്‍തൃവീട്ടില്‍ തുങ്ങിമരിച്ചത്. 2018 മാര്‍ച്ചിലാണ് രേഷ്മയുടെ വിവാഹം നടന്നത്. ഭര്‍ത്താവിന്റെ വഴിവിട്ട ബന്ധങ്ങളും മാനസിക പീഡനവുമാണ് രേഷ്മ അത്മഹത്യ ചെയ്യാന്‍ കാരണമെന്നാണ് ആരോപണം. ശൂരനാട് നടന്ന അന്ത്യ കര്‍മ്മങ്ങള്‍ക്ക് പോലും ഭര്‍ത്താവും വീട്ടുകാരും വന്നില്ലെന്നും പൊലീസിന്റെ സഹായത്തോടെയാണ് 6 വയസുള്ള മകനെ സംസ്‌കാരത്തിന് കൊണ്ടു വന്നതെന്നും കുടുംബം പറയുന്നു.
മരിക്കുന്നതിന് ദിവസങ്ങള്‍ക്ക് മുമ്പ് രേഷ്മ ശൂരനാടുള്ള വീട്ടില്‍ എത്തിയിരുന്നു. സഹോദരിയുടെ ബുക്കില്‍ വിഷമങ്ങള്‍ കുറിച്ചിട്ടിരുന്നു. ഭര്‍ത്താവിനും ഭര്‍തൃവീട്ടുകാര്‍ക്കും എതിരെയാണ് കുറിപ്പ്. നല്‍കിയ സ്‌നേഹം തിരിച്ചു കിട്ടിയില്ലെന്നാണ് വാക്കുകള്‍. രേഷ്മയെ ഭര്‍ത്താവ് ശാരീരികമായും ഉപദ്രവിച്ചെന്നാണ് ആരോപണം. ആത്മഹത്യയില്‍ പൊലീസ് അന്വേഷണം തുടരുകയാണ്. ആത്മഹത്യ പ്രേരണയും ഗാര്‍ഹിക പീഡനവും ചൂണ്ടിക്കാട്ടി നിയമ പോരാട്ടം നടത്തുമെന്നും രേഷ്മയുടെ കുടുംബം വ്യക്തമാക്കിയിരുന്നു. ഭര്‍തൃവീട്ടുകാരുടെ മാനസിക പീഡനവും ഭര്‍ത്താവിന്റെ പരസ്ത്രീ ബന്ധവുമാണ് രേഷ്മയുടെ ജീവനെടുത്തതെന്ന് ആത്മഹത്യാക്കുറിപ്പില്‍ നിന്നും വ്യക്തമാണ്.
'എനിക്ക് അജിത്തേട്ടനെ മറക്കാന്‍ കഴിയില്ല. ആ സ്ഥാനത്ത് മറ്റൊരാളെ ചിന്തിക്കാന്‍ കഴിയില്ല. ഞാനും അജിത്തുമായി ഒരു പ്രശ്‌നങ്ങളും ഉണ്ടായിരുന്നില്ല. പക്ഷേ ഞങ്ങള്‍ ഇന്ന് പരസ്പരം ഒരുപാട് അകലെയാണ്. സുജിതക്ക് സ്വന്തം ഭര്‍ത്താവുമായുള്ള ബന്ധം ഇനി ലഭിക്കില്ല എന്ന് തോന്നിയപ്പോള്‍ തന്റെ ജീവിതത്തിലേക്ക് കയറി പ്രശ്‌നങ്ങള്‍ ഉണ്ടാക്കാന്‍ തുടങ്ങി. സുജിതയോട് വീട്ടില്‍ നിന്ന് ഇറങ്ങിപ്പോകാന്‍ ഞാന്‍ പറഞ്ഞിട്ടില്ല. എനിക്ക് എന്ത് അവകാശം ഉണ്ടെന്ന് സുജിത ചോദിച്ചപ്പോഴാണ് ഞാന്‍ വീട്ടില്‍ നിന്ന് ഇറങ്ങിപ്പോയതും ആത്മഹത്യക്ക് പ്രവണതയുണ്ടെന്ന് കത്ത് എഴുതിയതും. ഒരു പൊറോട്ട കഴിക്കാത്തതിന്റെ പേരിലാണ് വഴക്ക് തുടങ്ങിയത്. ഞാനും അജിത്തും തമ്മില്‍ വഴക്കുകള്‍ ഇല്ലാതെ ജീവിക്കുന്നത് സുജിതക്ക് ഇഷ്ടമല്ലായിരുന്നു. അജിത്തേട്ടന്‍ എന്നെ ശൂരനാട് കൊണ്ടുവിട്ടാല്‍ പിന്നെ വിളിക്കാറില്ല, ആംബ്രൂവിനെ വിളിക്കും. അജിത്ത് ഒന്ന് ചോദിച്ചിരുന്നെങ്കില്‍ എന്നെ കേള്‍ക്കാന്‍ ശ്രമിച്ചിരുന്നെങ്കില്‍ ഇതൊന്നും സംഭവിക്കില്ലായിരുന്നു.
അജിത്ത് എന്റെ ഫോണ്‍ ഹാക്ക് ചെയ്തിരുന്നു. അജിത്തിന് മറ്റ് സ്ത്രീകളുമായി ബന്ധമുണ്ടോ എന്ന് ഞാന്‍ സംശയിച്ചിരുന്നു. ഒരു തവണ ഞാന്‍ അത് പിടിച്ചിരുന്നു. പക്ഷേ അതില്‍ അജിത്തിന്റെ ഭാഗത്ത് തെറ്റില്ലെന്നാണ് പറഞ്ഞത്. അതുകൊണ്ട് ഞാന്‍ അജിത്തിന്റെ കൂടെ നിന്നു. പിന്നീടും മെസേജുകള്‍ പലതും കണ്ടിരുന്നു. ഫോണ്‍ എന്റെ കയ്യില്‍ തന്നില്ല. സ്ത്രീധനമായി തന്ന 25 പവന്‍ സ്വര്‍ണവും അജിത്തിന്റെ ആവശ്യത്തിനായി പണയം വെച്ചു. അത് എവിടെയാണെന്നോ എന്ത് ആവശ്യത്തിനാണെന്നോ പറഞ്ഞില്ല. ഒരു ദിവസം ബാങ്കില്‍ നിന്ന് നോട്ടീസ് വന്നപ്പോഴാണ് ഞാന്‍ അറിയുന്നത്. സ്വര്‍ണത്തെ ചൊല്ലി പലതവണ വഴക്കുണ്ടാക്കി. പിന്നെ ഒന്നും ചോദിക്കാതെയായി. എനിക്ക് ജോലി ഉണ്ടായിരുന്നപ്പോള്‍ എന്റെയോ കുഞ്ഞിന്റെയോ ഒന്നും ചിലവുകള്‍ അറിയിച്ചിരുന്നില്ല. ജോലി ഇല്ലാതെ വന്നപ്പോള്‍ അജിത്തിനെ ആശ്രയിക്കേണ്ടി വന്നു. വീട്ടില്‍ ഇടുന്ന തുണികള്‍ കീറിയിട്ട് പോലും വാങ്ങിച്ചുതരാന്‍ പറഞ്ഞിട്ടില്ല.
വിവാഹം കഴിഞ്ഞ് 18ാമത്തെ ദിവസം സ്വര്‍ണം പണയം വെച്ചു. ആറ് പവന്റെ താലിമാല 28 ദിവസം തികച്ച് ഞാന്‍ ഇട്ടിട്ടില്ല. ഞാന്‍ ജോലിക്ക് പോയി ഒന്നരപവന്റെ മാല വാങ്ങി. കുറേ മൈക്രോ ഫിനാന്‍സുകളില്‍ നിന്നും എന്റെ പേരില്‍ ലോണുകള്‍ എടുത്തിട്ടുണ്ട്. അതൊന്നും എന്റെ ആവശ്യത്തിനെടുത്തതല്ല. അജിത്തിന്റെ അച്ഛന്‍ എന്റെ മകനെ അയാള്‍ ഉണ്ടാക്കിയതാണെന്ന് വരെ പറഞ്ഞു. ഇതില്‍ കൂടുതല്‍ എങ്ങനെ സഹിക്കാനാകും. മകന്റെ ഭാര്യയുടെ ഗര്‍ഭം അയാള്‍ ഉണ്ടാക്കിയതാണെന്ന്. ഇത് കേട്ടപ്പോഴും അജിത്തിന് ഒന്നും തന്നെ പറയാനില്ല. സുജിതയും എന്റെ അമ്മായി അച്ഛനും അമ്മായി അമ്മയും എന്നെ ഒരുപാട് ബുദ്ധിമുട്ടിച്ചിരുന്നു. എനിക്ക് എന്തെങ്കിലും സംഭവിച്ചാല്‍ അതിന് കാരണം അവരാണ്'- രേഷ്മയുടെ വാക്കുകള്‍.
വിവാഹത്തിന് സ്ത്രീധനമായി നല്‍കിയ 25 പവന്‍ സ്വര്‍ണമത്രയും തന്റെ സമ്മതമില്ലാതെ പണയം വച്ചുവെന്നും ആറു പവന്റെ താലിമാല താന്‍ 28 ദിവസം പോലും തികച്ച് ഇട്ടില്ലെന്നും രേഷ്മ എഴുതുന്നു. തന്റെ പേരില്‍, തന്റെ ആവശ്യത്തിനായല്ലാതെ നിരവധി സ്വകാര്യ സ്ഥാപനങ്ങളില്‍ നിന്ന് വായ്പകള്‍ എടുത്തിട്ടുണ്ടെന്നും കുറിപ്പില്‍ പറയുന്നു.അച്ഛനും അമ്മയും വിഷമിക്കുന്നുണ്ടെന്ന് അറിയാമെന്നും പക്ഷേ തന്റെ വിധി ഇതാണെന്നും മാതാപിതാക്കള്‍ക്കുള്ള കുറിപ്പില്‍ രേഷ്മ വ്യക്തമാക്കുന്നു. സ്ത്രീധനമായി നല്‍കിയ ഉരുപ്പടികളെല്ലാം തിരികെ വാങ്ങണമെന്നും മകനെ നന്നായി നോക്കണമെന്നും നന്നായി പഠിപ്പിക്കണമെന്നും വിശദീകരിച്ചാണ് കുറിപ്പ് അവസാനിപ്പിക്കുന്നത്.
