വൈദ്യുതി ബില്‍ അടയ്ക്കാത്തതിന് വീട്ടിലെ ഫ്യൂസ് ഊരി കെഎസ്ഇബി; വൈരാഗ്യം തീര്‍ക്കാന്‍ 50 ട്രാന്‍സ്‌ഫോമറുകളിലെ ഫ്യൂസ് തകര്‍ത്ത് യുവാവ്: വൈദ്യുതി മുടങ്ങിയത് എണ്ണായിരത്തോളം ഉപഭോക്താക്കള്‍ക്ക്

വീട്ടിലെ ഫ്യൂസ് ഊരി കെഎസ്ഇബി; 50 ട്രാൻസ്ഫോമറുകളിലെ ഫ്യൂസ് തകർത്ത് യുവാവ്

Update: 2025-11-15 00:31 GMT

കാസര്‍കോട്: വൈദ്യുതി ബില്‍ അടയ്ക്കാത്തതിന് കെഎസ്ഇബി വീട്ടിലെ കണക്ഷന്‍ വിച്ഛേദിച്ചതിന്റെ വൈരാഗ്യത്തില്‍ യുവാവ് നഗരത്തിലെ 50 ട്രാന്‍സ്‌ഫോമറുകളിലെ ഫ്യൂസ് തകര്‍ത്തു. ഇതോടെ വ്യാപാര സ്ഥാപനങ്ങളിലടക്കം എണ്ണായിരത്തിലേറെ ഉപയോക്താക്കള്‍ക്ക് രണ്ട് മണിക്കൂര്‍ വൈദ്യുതി മുടങ്ങി. 50ല്‍ ഏറെ ട്രാന്‍സ്‌ഫോമറുകളുടെ 200ല്‍ ഏറെ ഫ്യൂസുകള്‍ ഇയാള്‍ ഊരിയെറിഞ്ഞതായി കണ്ടെത്തി. കുഡ്‌ലു ചൂരി കാള്യയങ്കോട്ടെ യുവാവ് ആണ് പരാക്രമം കാട്ടിയത്. ഒടുവില്‍ കെഎസ്ഇബി അധികൃതരുടെ പരാതിയില്‍ യുവാവിനെ പൊലീസ് പിടികൂടി.

വൈദ്യുതി ബില്‍ അടയ്‌ക്കേണ്ട അവസാന ദിനവും കഴിഞ്ഞിട്ടും പണം അടയ്ക്കാതെ വന്നതോടെയാണ് ഫ്യൂസ് ഊരിയത്. 22,000 രൂപയായിരുന്നു യുവാവിന്റെ കഴിഞ്ഞ മാസത്തെ ബില്‍. 12ന് ആയിരുന്നു പണം അടയ്‌ക്കേണ്ട അവസാന തീയതി. എന്നാല്‍ കുടുംബം പണം അടച്ചില്ല. ഇതേ തുടര്‍ന്ന് 13ന് നെല്ലിക്കുന്ന് വൈദ്യുതി സെക്ഷന്‍ ഓഫിസില്‍ നിന്ന് വിളിച്ചു പണം അടച്ചില്ലെങ്കില്‍ വൈദ്യുതി കണക്ഷന്‍ വിച്ചേദിക്കുമെന്ന് അറിയിച്ചു. അല്‍പംസമയം കഴിഞ്ഞപ്പോള്‍ വധഭീഷണിമുഴക്കി വൈദ്യുതി സെക്ഷന്‍ ഓഫിസിലെ ഫോണിലേക്ക് സന്ദേശമെത്തിയതായി കെഎസ്ഇബി അധികൃതര്‍ പറയുന്നു.

വിളിച്ചു പറഞ്ഞിട്ടും പണം അടയ്ക്കാത്തതിനെ തുടര്‍ന്ന് ഇന്നലെ രാവിലെയെത്തിയ ജീവനക്കാര്‍ വീട്ടിലെ ഫ്യൂസ് ഊരുന്നതിനു പകരം തൂണില്‍നിന്നുള്ള കണക്ഷന്‍ വിഛേദിച്ചു. വൈകിട്ട് ഒരു കുട്ടിയുമായി കെഎസ്ഇബിയിലെത്തിയ യുവാവ് ഭീഷണിപ്പെടുത്തുകയും പണത്തിന്റെ കെട്ടു കാണിച്ച് ബില്ലടയ്ക്കണമെന്നും പറഞ്ഞു. സമയം കഴിഞ്ഞെന്നു പറഞ്ഞപ്പോള്‍ ബഹളം വച്ച് ഇറങ്ങിപ്പോയയതായും ജീവനക്കാര്‍ പറയുന്നു. ഇയാള്‍ മടങ്ങിപ്പോയശേഷം വൈദ്യുതി മുടങ്ങിയതായി പലയിടങ്ങളില്‍ നിന്നായി ഫോണ്‍വിളിയെത്തി.

തുടര്‍ന്ന് കെഎസ്ഇബി അധികൃതര്‍ നടത്തിയ അന്വേഷണത്തിലാണ് പല ട്രാന്‍സ്‌ഫോമറുകളുടെയും ഫ്യൂസുകള്‍ ഊരിയെറിഞ്ഞതും പൊട്ടിച്ചതും കണ്ടെത്തിയത്. ഫ്യൂസ് ഊരുന്നത് നാട്ടുകാര്‍ കാണുകയും വാക്കേറ്റമുണ്ടാവുകയും ചെയ്തിരുന്നു. എന്നാല്‍ യുവാവ് ഇവിടെ നിന്നും കടന്ന് കളഞ്ഞു. 50ല്‍ ഏറെ ട്രാന്‍സ്‌ഫോമറുകളുടെ 200ല്‍ ഏറെ ഫ്യൂസുകളാണ് ഊരിയെറിഞ്ഞതെന്ന് കണ്ടെത്തി. തുടര്‍ന്ന് കെഎസ്ഇബി അധികൃതര്‍ ടൗണ്‍ പൊലീസില്‍ നല്‍കിയ പരാതിയെത്തുടര്‍ന്ന് യുവാവിനെ പിടികൂടി സ്റ്റേഷനിലെത്തിച്ചു. നെല്ലിക്കുന്ന് സെക്ഷനു പുറമേ കാസര്‍കോട് സെക്ഷന്‍ പരിധിയിലെ തളങ്കരയിലെ ട്രാന്‍സ്‌ഫോമറുകളുടെ ഫ്യൂസും തകര്‍ത്തിരുന്നു. ഒരു ട്രാന്‍സ്‌ഫോമറില്‍ ഒന്‍പതിലേറെ ഫ്യൂസുകളാണുള്ളത്.

Tags:    

Similar News