'ഒരു ടൈം മെഷീൻ ഉണ്ടെങ്കിൽ ആ തെറ്റ് തിരുത്താൻ ഞാൻ തയ്യാർ, എല്ലാവരോടും മാപ്പ്'; പ്രായപൂർത്തിയാകാത്ത ആൺകുട്ടികളുടെ ലൈംഗിക ദൃശ്യങ്ങൾ പങ്കുവെച്ചു; നോർവേ ഫുട്‌ബോളർ ആൻഡ്രിയാസ് ഷെൽഡെറൂപ്പിന് ശിക്ഷ വിധിച്ച് കോടതി
കോപ്പൻഹേഗൻ: നോർവേ ദേശീയ ടീം അംഗവും യുവതാരവുമായ ആൻഡ്രിയാസ് ഷെൽഡെറൂപ്പിന് ഡെന്മാർക്ക് ശിക്ഷ വിധിച്ച് കോടതി. പ്രായപൂർത്തിയാകാത്ത രണ്ട് ആൺകുട്ടികളുടെ ലൈംഗിക ദൃശ്യങ്ങൾ സാമൂഹ്യ മാധ്യമങ്ങളിലൂടെ പങ്കുവെച്ച കേസിലാണ് നിലവിൽ പോർച്ചുഗീസ് ക്ലബ്ബായ ബെൻഫിക്കയുടെ വിങ്ങറായ 21-കാരന് ശിക്ഷ ലഭിച്ചത്. കേസിൽ കുറ്റക്കാരനാണെന്ന് താരം കോടതിയിൽ സമ്മതിക്കുകയായിരുന്നു.
ഡെന്മാർക്കിലെ കോപ്പൻഹേഗൻ കോടതിയാണ് കേസിൽ വിധി പ്രഖ്യാപിച്ചത്. 2025 നവംബർ 19-ന് പുറത്തുവന്ന റിപ്പോർട്ടുകൾ പ്രകാരം, ഷെൽഡെറൂപ്പിന് രണ്ട് ആഴ്ചത്തെ തടവ് ശിക്ഷയാണ് കോടതി വിധിച്ചത്. എന്നാൽ, താരത്തിന്റെ ശിക്ഷ സസ്പെൻഡ് ചെയ്തിട്ടുണ്ട്. അതായത്, അടുത്ത 12 മാസത്തിനുള്ളിൽ മറ്റേതെങ്കിലും കുറ്റകൃത്യങ്ങളിൽ ഏർപ്പെടുകയാണെങ്കിൽ മാത്രമേ താരം ജയിൽവാസം അനുഭവിക്കേണ്ടി വരും.
ഡെന്മാർക്ക് സൂപ്പർലിഗ ക്ലബ്ബായ എഫ്‌സി നോർഡ്‌സ്‌ജെല്ലൻഡിനായി കളിക്കുന്ന സമയത്താണ് തനിക്ക് 19 വയസ്സായിരുന്നപ്പോൾ ഈ തെറ്റ് ചെയ്തതെന്ന് ഷെൽഡെറൂപ്പ് കോടതിയിൽ സമ്മതിച്ചു. സ്‌നാപ്ചാറ്റ് എന്ന സോഷ്യൽ മീഡിയ ആപ്ലിക്കേഷൻ വഴിയാണ് 27 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോ തനിക്ക് ലഭിച്ചത്. ലഭിച്ചയുടൻ തന്നെ യാതൊരു ആലോചനയുമില്ലാതെ നാല് സുഹൃത്തുക്കൾ ഉൾപ്പെട്ട ഗ്രൂപ്പ് ചാറ്റിലേക്ക് ഇത് ഫോർവേഡ് ചെയ്യുകയായിരുന്നു.
എന്നാൽ, വീഡിയോ ഷെയർ ചെയ്ത ആദ്യ നിമിഷങ്ങളിൽ തന്നെ അതിലുള്ളവർക്ക് പ്രായപൂർത്തിയായിട്ടില്ലെന്ന് തനിക്ക് മനസ്സിലായെന്നും, ഉടൻ തന്നെ താൻ വീഡിയോ ഡിലീറ്റ് ചെയ്തുവെന്നും ഷെൽഡെറൂപ്പ് കോടതിയെ അറിയിച്ചു. കുട്ടികൾ ഉൾപ്പെടുന്ന ലൈംഗിക ദൃശ്യങ്ങൾ കൈവശം വെക്കുന്നതും പങ്കുവെക്കുന്നതും ഡാനിഷ് നിയമപ്രകാരം ഗുരുതരമായ കുറ്റമാണ്.
കേസ് പരിഗണിച്ച ജഡ്ജ് മത്തിയാസ് ഐക്ക് ആണ് ഷെൽഡെറൂപ്പിന് രണ്ട് ആഴ്ചത്തെ തടവ് ശിക്ഷ വിധിച്ചത്. താരം ആദ്യമായിട്ടാണ് ഇത്തരമൊരു കുറ്റകൃത്യത്തിൽ ഏർപ്പെടുന്നത്, അതുപോലെതന്നെ കുറ്റം ഏറ്റുപറഞ്ഞുള്ള പശ്ചാത്താപം എന്നിവയെല്ലാം പരിഗണിച്ച് ശിക്ഷ സസ്പെൻഡ് ചെയ്തതെന്നും റിപ്പോർട്ടുകലുണ്ട്. അതേസമയം, താരത്തിന് കുറഞ്ഞത് 20 ദിവസമെങ്കിലും തടവ് ശിക്ഷ നൽകണമെന്നായിരുന്നു പ്രോസിക്യൂട്ടറുടെ ആവശ്യം. താരത്തിന്റെ അഭിഭാഷകൻ കേസ് അപ്പീൽ ചെയ്യുന്നതിനെക്കുറിച്ച് ആലോചിക്കുന്നതിനായി സമയം തേടിയിട്ടുണ്ട്.
ശിക്ഷാവിധിക്ക് പിന്നാലെ ആൻഡ്രിയാസ് ഷെൽഡെറൂപ്പ് തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെ ഒരു വിശദമായ പ്രസ്താവന പുറത്തിറക്കി. "ഞാൻ ചെയ്ത ഒരു മണ്ടൻ തെറ്റിനെക്കുറിച്ച് നിങ്ങളെല്ലാവരുമായി തുറന്നു സംസാരിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. അന്ന് ഡെന്മാർക്കിൽ വെച്ച് ഞാൻ ചെയ്തത് നിയമവിരുദ്ധവും തെറ്റുമാണ്. ഇതിന്റെ പൂർണ്ണ ഉത്തരവാദിത്തം ഞാൻ ഏറ്റെടുക്കുന്നു," താരം കുറിച്ചു.
വീഡിയോയിലെ ഇരകളായവരോടും, തന്റെ സുഹൃത്തുക്കളോടും, കുടുംബത്തോടും, ക്ലബ്ബിനോടും, രാജ്യത്തോടും, തന്നെ പിന്തുണയ്ക്കുന്ന ആരാധകരോടും താരം മാപ്പ് ചോദിച്ചു. "എനിക്കൊരു ടൈം മെഷീൻ ലഭിക്കുകയാണെങ്കിൽ, ആ തെറ്റ് തിരുത്താൻ ഞാൻ ആഗ്രഹിക്കുന്നു. വ്യക്തിപരമായി ഞാൻ ആരാണെന്നതിനെയോ ഞാൻ ഉയർത്തിപ്പിടിക്കുന്ന മൂല്യങ്ങളെയോ ഈ കുറ്റകൃത്യം പ്രതിഫലിക്കുന്നില്ല," എന്നും താരം കൂട്ടിച്ചേർത്തു.
പോർച്ചുഗീസ് ക്ലബ്ബായ ബെൻഫിക്കയും നോർവേ ദേശീയ ടീം മാനേജ്‌മെന്റും ഈ വിഷയത്തിൽ പ്രതികരണവുമായി രംഗത്തെത്തിയിട്ടുണ്ട്. "അവൻ വിഡ്ഢിത്തമാണ് ചെയ്തത്. എന്നാൽ രണ്ട് വർഷം മുമ്പ് നടന്ന സംഭവത്തിൽ അവൻ കുറ്റം സമ്മതിക്കുകയും തന്റെ പ്രവൃത്തിയുടെ ഉത്തരവാദിത്തം ഏറ്റെടുക്കുകയും ചെയ്തിരിക്കുന്നു," നോർവേ മാനേജർ സ്റ്റാലെ സോൾബക്കൻ പ്രതികരിച്ചു. ഈ വിഷയത്തിൽ നിന്ന് പാഠം ഉൾക്കൊണ്ട്, ഇനിയൊരിക്കലും ഇത്തരം കാര്യങ്ങൾ ആവർത്തിക്കില്ലെന്ന് തനിക്ക് പൂർണ്ണ വിശ്വാസമുണ്ടെന്നും സോൾബക്കൻ വ്യക്തമാക്കി.
അടുത്തിടെ നോർവേ ദേശീയ ടീം 2026 ലോകകപ്പിന് യോഗ്യത നേടിയ മത്സരത്തിൽ ഷെൽഡെറൂപ്പ് കളിച്ചിരുന്നില്ല. ലോകകപ്പ് യോഗ്യതാ മത്സരങ്ങൾക്ക് മുന്നോടിയായി ഈ വിഷയത്തിൽ അനാവശ്യമായ ശ്രദ്ധ ഉണ്ടാകുന്നത് ഒഴിവാക്കാൻ താൻ ആഗ്രഹിച്ചിരുന്നുവെന്നും താരം തന്റെ പ്രസ്താവനയിൽ സൂചിപ്പിച്ചു.
