റെന്റ് എ കാറുമായി മുങ്ങി; ലൊക്കേഷന്‍ കണ്ടെത്തി തിരികെ ചോദിക്കാനെത്തി; ഉടമയെ ബോണറ്റില്‍ കിടത്തി കാര്‍ 'കുതിച്ചു'; ഓട്ടോ റിക്ഷകള്‍ വഴിയില്‍ കുറുകെയിട്ട് രക്ഷാപ്രവര്‍ത്തനം; പ്രതി പിടിയില്‍
തൃശ്ശൂര്‍: വാടകയ്ക്ക് കൊടുത്ത കാറിനെച്ചൊല്ലിയുള്ള തര്‍ക്കത്തിനു പിന്നാലെ ഉടമയെ കാറിന്റെ ബോണറ്റില്‍ കിടത്തി കിലോമീറ്ററുകള്‍ സഞ്ചരിച്ചു. വളരെ വേഗത്തില്‍ പാഞ്ഞ കാറില്‍നിന്ന് ഉടമയെ രക്ഷിച്ചത് നാട്ടുകാരുടെ ഇടപെടലിലാണ്. ആലുവ സ്വദേശി സോളമന്റേതാണ് കാര്‍. തൃശൂര്‍ തിരൂര്‍ സ്വദേശി ബക്കറിനാണ് വാടകയ്ക്കു നല്‍കിയത്. കാര്‍ തിരികെ ചോദിച്ചപ്പോള്‍ ബക്കര്‍, സോളമനെ ബോണറ്റില്‍ കിടത്തി കിലോമീറ്ററുകളോളം കാറോടിക്കുകയായിരുന്നു. എരുമപ്പെട്ടിയിലാണ് സംഭവം.
രണ്ടു കാറുകളാണ് സോളമന്‍ ബക്കറിനു വാടകയ്ക്കു നല്‍കിയത്. ഏറെ ദിവസങ്ങളായിട്ടും കാര്‍ തിരികെ നല്‍കിയില്ല. പകരം തന്റെ പേരിലുള്ള വസ്തു എഴുതി നല്‍കാമെന്ന് ബക്കര്‍ പറഞ്ഞു. എന്നാല്‍ ഭൂമിയും നല്‍കിയില്ല. ഇതോടെ വാഹനം തേടി സോളമന്‍ തൃശൂരിലെത്തി. എരുമപ്പെട്ടി ഭാഗത്തുവച്ച് വാഹനം കണ്ടു. കാറിന്റെ മുന്നില്‍നിന്ന് സോളമന്‍ വാഹനം തടയുകയായിരുന്നു.
കഴിഞ്ഞ ഒരു മാസത്തോളമായി കാറിനെക്കുറിച്ച് യാതൊരു വിവരം ഉണ്ടായിരുന്നില്ല. തുടര്‍ന്ന് കാര്‍ ലൊക്കേഷന്‍ കണ്ടെത്തി എരുമപ്പെട്ടിയിലേക്ക് സോളമനും സുഹൃത്തും എത്തിയത്. വീട്ടിലെത്തിയപ്പോള്‍ വാഹനം ഉണ്ടായിരുന്നില്ല. തുടര്‍ന്ന് വാഹനം കണ്ടെത്തിയതിനു പിന്നാലെ ബക്കറിനെ തടഞ്ഞു നിര്‍ത്തുകയായിരുന്നു. വാഹനം തിരികെ തരണമെന്നാവശ്യപ്പെട്ടുവെങ്കിലും ബക്കര്‍ തയ്യാറായില്ല. ഇതിനിടയില്‍ ബക്കര്‍ കാറില്‍ കയറി കാര്‍ ഓടിച്ചു പോകാനുള്ള ശ്രമം നടത്തി. കാര്‍ കൈവിട്ടുപോകാതിരിക്കാനായി സോളമന്‍ കാറിന്റെ മുമ്പില്‍ കയറി നില്‍ക്കുകയായിരുന്നു.
ബക്കര്‍ ഉടനെ കാര്‍ മുന്നോട്ടെടുത്തു. ബോണറ്റിലേക്കു സോളമന്‍ വീണിട്ടും ബക്കര്‍ കാര്‍ നിര്‍ത്തിയില്ല. ഏഴ് കിലോമീറ്ററോളം ഇങ്ങനെ സഞ്ചരിച്ചു. അപകടമാംവിധത്തില്‍ വാഹനം ഓടിച്ചു പോകുന്നത് പ്രദേശവാസികളുടെ ശ്രദ്ധയില്‍ പെട്ടിരുന്നു. ഇവര്‍ തൊട്ടടുത്തുള്ള ഓട്ടോ ഡ്രൈവര്‍മാരെ വിവരം അറിയിച്ചു. തുടര്‍ന്ന് കാര്‍ വരുന്ന വഴിയില്‍ വാഹനം കുറുകെ ഇട്ട ശേഷം കാര്‍ നിര്‍ത്തിക്കുകയായിരുന്നു. സംഭവം കണ്ട നാട്ടുകാരാണ് പൊലീസിനെ വിവരം അറിയിച്ചത്. എരുമപ്പെട്ടി പൊലീസ് സ്ഥലത്തെത്തി ബക്കറിനെ കസ്റ്റഡിയിലെടുത്തു. കാര്‍ തിരികെ ലഭിക്കാന്‍ സോളമന്‍ പൊലീസിനു നേരത്തേ പരാതി നല്‍കിയിരുന്നു. അന്വേഷണം നടക്കുന്നതിനിടെയാണ് സംഭവമുണ്ടായത്.
ഇതിനിടയില്‍, തന്റെ ജീവന്‍ അപകടത്തിലാണെന്ന് ചൂണ്ടിക്കാണിച്ച് സോളമന്‍ ഒറ്റക്കൈകൊണ്ട് ഫോണില്‍ ദൃശ്യങ്ങള്‍ ചിത്രീകരിച്ചിരുന്നു. ഇത് സുഹൃത്തിന് അയക്കുകയും ചെയ്തു. സംഭവത്തില്‍ വാഹനവും കാര്‍ ഓടിച്ച ബക്കറിനേയും എരുമപ്പെട്ടി പോലീസ് കസ്റ്റഡിയില്‍ എടുത്തു.
