ഒളിവിലായിരുന്ന ഷമീമിനെ പിടികൂടിയതോടെ ഷാബാ ഷരീഫ് വധക്കേസ് അന്വേഷണസംഘം കസ്റ്റഡിയില്‍ വാങ്ങി അറസ്റ്റ് ചെയ്യും; കുന്നേക്കാടന്‍ ഷമീമിന്റെ അറസ്റ്റില്‍ പുതിയ വെളിപ്പെടുത്തലുകള്‍ക്ക് സാധ്യത; പാരമ്പര്യ വൈദ്യന്‍ ഷാബാ ഷരീഫ് വധത്തില്‍ അന്വേഷണം വീണ്ടും
നിലമ്പൂര്‍: പാരമ്പര്യ വൈദ്യന്‍ ഷാബാ ഷരീഫ് വധം, അബുദാബി ഇരട്ടക്കൊലപാതകം കേസുകളുമായി ബന്ധപ്പെട്ട് ഒളിവിലായിരുന്ന പ്രതിയെ ചെന്നൈയില്‍ സിബിഐ പിടികൂടിയത് നിര്‍ണ്ണായക നീക്കങ്ങളിലൂടെ. നിലമ്പൂര്‍ മുക്കട്ട പഴയ പോസ്റ്റ് ഓഫീസിനുസമീപം കുന്നേക്കാടന്‍ ഷമീമി (30)നെയാണ് അബുദാബി ഇരട്ടക്കൊലപാതക കേസ് അന്വേഷിക്കുന്ന സിബിഐ സംഘം പിടികൂടിയത്.
ഷമീമിനെ കണ്ടെത്താന്‍ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. പാരമ്പര്യ വൈദ്യന്‍ മൈസൂര്‍ സ്വദേശി ഷാബാ ഷരീഫ് വധക്കേസില്‍ പൊലീസ് അന്വേഷണം തുടങ്ങിയതോടെ 2022 ഏപ്രിലിലാണ് ഷമീം ഒളിവില്‍പോയത്. ഈ കേസില്‍ ഏപ്രില്‍ 18ന് മഞ്ചേരി അഡീഷണല്‍ ജില്ലാ കോടതി ഒന്ന് വിധി പറഞ്ഞിരുന്നു. മുഖ്യപ്രതി ഷൈബിന്‍ അഷ്‌റഫിന് ഒമ്പത് വര്‍ഷം തടവ് ഉള്‍പ്പെടെ വിധിച്ചിട്ടുണ്ട്. ഒളിവിലായിരുന്ന ഷമീമിനെ പിടികൂടിയതോടെ ഷാബാ ഷരീഫ് വധക്കേസ് അന്വേഷണസംഘം ഇയാളെ കസ്റ്റഡിയില്‍ വാങ്ങി അറസ്റ്റ് ചെയ്യും. തുടര്‍ന്ന് വിചാരണ നടപടികളും പൂര്‍ത്തീകരിക്കും. 2020 മാര്‍ച്ചില്‍ കോഴിക്കോട് സ്വദേശിയായ ഹാരിസ് പറമ്പില്‍, അദ്ദേഹത്തിന്റെ ഓഫീസ് മാനേജര്‍ ബെന്‍സി ആന്റണി എന്നിവരെ അബുദാബിയിലെ ഫ്‌ലാറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവത്തിലാണ് ഇപ്പോള്‍ അറസ്റ്റ് നടന്നത്. ഇത് ആത്മഹത്യയാണെന്നാണ് അബുദാബി പൊലീസ് ആദ്യം കണക്കാക്കിയിരുന്നത്. തുടര്‍ന്ന് മൃതദേഹം നാട്ടിലെത്തിച്ച് സംസ്‌കരിച്ചു.
രണ്ടുവര്‍ഷംകഴിഞ്ഞാണ് നിലമ്പൂരില്‍ ഷാബാ ഷെരീഫിനെ കൊലപ്പെടുത്തിയ കേസില്‍ കുറ്റക്കാരനായി കോടതി കണ്ടെത്തിയ ഷൈബിന്‍ അഷ്‌റഫിന്റെ നിര്‍ദേശപ്രകാരമായിരുന്നു അബുദാബിയില്‍ കൊലപാതകം നടന്നതെന്ന വിവരം പുറത്തുവരുന്നത്. രണ്ടുപേരുടേയും മൃതദേഹം പുറത്തെടുത്ത് പരിശോധിച്ചിരുന്നു. ആദ്യം പൊലീസ് അന്വേഷിച്ചിരുന്ന കേസ് ഹൈക്കോടതി നിര്‍ദേശത്തെ തുടര്‍ന്നാണ് സിബിഐ ഏറ്റെടുത്തത്. മുഖ്യപ്രതി ഷൈബിന്‍ അഷ്റഫിന്റെ ബന്ധുവും വിശ്വസ്തനുമായ നിലമ്പൂര്‍ ഇയ്യംമട കൈപ്പഞ്ചേരി ഫാസില്‍ (31), മുക്കട്ട പഴയ പോസ്റ്റ് ഓഫീസിനു സമീപം കുന്നേക്കാടന്‍ ഷമീം (പൊരി ഷമീം-32), പൂളക്കുളങ്ങര ഷബീബ് റഹ്‌മാന്‍ (30), കൂത്രാടന്‍ മുഹമ്മദ് അജ്മല്‍ (30), പഴയ വാണിയമ്പലം ചീര ഷഫീക്ക് (28) എന്നിവരാണ് കേസുമായി ബന്ധപ്പെട്ട് ഒളിവില്‍ പോയിരുന്നത്.
2020 മാര്‍ച്ച് 5-ന് അബൂദബിയിലെ ബിസിനസ് കണ്‍സള്‍ട്ടന്റായ ഹാരിസ് തത്തമ്മ പറമ്പിലിനെയും ഡെന്‍സി ആന്റണിയെയും യുഎഇ തലസ്ഥാനത്തെ ഒരു ഫ്ളാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. ആദ്യ ഘട്ടത്തില്‍ മരണങ്ങള്‍ ആത്മഹത്യയാണെന്നാണ് കരുതിയിരുന്നത്. എന്നാല്‍ അസൂയയും ബിസിനസിലുള്ള വൈരാഗ്യവും മൂലം ഹാരിസിന്റെ കൂട്ടാളിയായ ഷൈബിന്‍ അഷ്‌റഫ് ആസൂത്രണം ചെയ്ത് നടത്തിയ കൊലപാതകങ്ങളാണ് ഇവയെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പിന്നീട് കണ്ടെത്തുകയായിരുന്നു. ഷൈബിന്‍ കൂട്ടാളികളെ ഗള്‍ഫിലേക്ക് അയച്ചതായും അവരുടെ ചെലവുകള്‍ വഹിച്ചതായും സിബിഐ പറഞ്ഞു. ഹാരിസിന്റെ സമ്പാദ്യം കയ്യിലാക്കാനായിരുന്നു കൊലപാതകങ്ങള്‍ ആസൂത്രണം ചെയ്തതെന്നും ചൂണ്ടിക്കാട്ടി.
ഷൈബിന്‍ അഷ്‌റഫിനും ഷമീം കെ.കെ ഉള്‍പ്പെടെ ഏഴ് പേര്‍ക്കുമെതിരെ 2024 ഒക്ടോബര്‍ 10 ന് ഇന്ത്യയില്‍ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. കേസിന്റെ ചില കാര്യങ്ങളുടെ അന്വേഷണം ലോക്കല്‍ പൊലീസില്‍ നിന്ന് ഏറ്റെടുക്കാന്‍ സിബിഐയോട് കേരള ഹൈക്കോടതി നേരത്തെ ഉത്തരവിട്ടിരുന്നു. കാണാതായ പ്രതികളെ കണ്ടെത്താന്‍ ലുക്ക് ഔട്ട് സര്‍ക്കുലര്‍ (എല്‍ഒസി) പുറപ്പെടുവിച്ചിരുന്നു. ഷമീമിന്റെ അറസ്റ്റോടെ തുടര്‍ നടപടികള്‍ പുരോഗമിക്കുകയാണെന്ന് സിബിഐ അറിയിച്ചു. പ്രതികളിലൊരാള്‍ തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റ് വളപ്പില്‍ നടത്തിയ ആത്മഹത്യാശ്രമത്തിനിടെ ഷൈബിന്‍ നടത്തിയ കൊലപാതകങ്ങളെക്കുറിച്ച് വെളിപ്പെടുത്തിയതോടെയാണ് വിവരങ്ങള്‍ പുറംലോകമറിഞ്ഞതും പോലീസ് കൂടുതല്‍ അന്വേഷണങ്ങള്‍ നടത്തിയതും.
