കേരളത്തില്‍ വന്നത് അഡ്വ. ആളൂരിനെ കാണാനെന്ന് ബണ്ടിചോര്‍; മരണവിവരം അറിഞ്ഞത് എറണാകുളത്ത് എത്തിയതിന് ശേഷം; സംശയാസ്പദമായി ഒന്നുമില്ലെന്ന് റെയില്‍വെ പൊലീസ്; ഒടുവില്‍ വിട്ടയച്ചു

Update: 2025-11-24 12:39 GMT

കൊച്ചി: കൊച്ചിയില്‍ വെച്ച് കസ്റ്റഡിയിലെടുത്ത കുപ്രസിദ്ധ മോഷ്ടാവ് ബണ്ടി ചോറിന വിട്ടയച്ചു. സംശയാസ്പദമായി ഒന്നുമില്ലെന്നും അതിനാലാണ് വിശദമായ ചോദ്യം ചെയ്യലിനുശേഷം വിട്ടയച്ചതെന്നും എറണാകുളം സൗത്ത് റെയില്‍വെ പൊലീസ് അറിയിച്ചു. കേരളത്തില്‍ നിലവില്‍ ഇയാള്‍ക്കെതിരേ കേസുകളില്ലാത്തതിനാലും ബണ്ടിചോര്‍ നല്‍കിയ മൊഴി അന്വേഷിച്ച് സ്ഥിരീകരിച്ചതിനാലുമാണ് കസ്റ്റഡിയില്‍നിന്ന് വിട്ടയച്ചത്.

അന്തരിച്ച അഭിഭാഷകനായ ബി.എ. ആളൂരിനെ കാണാനാണ് കേരളത്തിലെത്തിയതെന്നാണ് ബണ്ടിചോര്‍ പോലീസിന് നല്‍കിയ മൊഴി. കഴിഞ്ഞദിവസം രാത്രി കരുതല്‍ തടങ്കലെന്നനിലയില്‍ പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്തപ്പോഴാണ് ബണ്ടിചോര്‍ ഇക്കാര്യം പറഞ്ഞത്. ബി.എ. ആളൂര്‍ അന്തരിച്ചവിവരം ബണ്ടിചോര്‍ അറിഞ്ഞിരുന്നില്ല. തുടര്‍ന്ന് ആളൂരിന്റെ അഭിഭാഷകരുമായി ബന്ധപ്പെട്ട് ബണ്ടിചോര്‍ പറഞ്ഞകാര്യം പോലീസ് സ്ഥിരീകരിച്ചു. തുടര്‍ന്നാണ് കേരളത്തില്‍ മറ്റുകേസുകളില്ലാത്തതിനാല്‍ വിട്ടയച്ചത്.

ഞായറാഴ്ച രാത്രി എട്ടുമണിയോടെയാണ് ബണ്ടിചോര്‍ എറണാകുളം സൗത്ത് റെയില്‍വേ സ്റ്റേഷനില്‍ എത്തിയത്. കേരളത്തിലടക്കം ജയില്‍ശിക്ഷ അനുഭവിച്ച ബണ്ടിചോറിന്റെ സാന്നിധ്യം റെയില്‍വേ പോലീസില്‍ സംശയത്തിനിടയാക്കി. പിന്നാലെ ഇയാളെ റെയില്‍വേ പോലീസ് കസ്റ്റഡിയിലെടുത്തു. എന്തിനാണ് കേരളത്തില്‍ വന്നതെന്നായിരുന്നു പോലീസിന്റെ പ്രധാന ചോദ്യം. അഭിഭാഷകനായ ആളൂരിനെ കാണാനാണെന്നും മുന്‍പുണ്ടായിരുന്ന ഒരുകേസുമായി ബന്ധപ്പെട്ട തൊണ്ടിമുതല്‍ വിട്ടുകിട്ടാനായി ഹര്‍ജി നല്‍കാനെത്തിയതാണെന്നും ബണ്ടിചോര്‍ മൊഴി നല്‍കി. എന്നാല്‍, ഞായറാഴ്ച രാത്രി പോലീസിന് ഇക്കാര്യം സ്ഥിരീകരിക്കാനായില്ല. ഇതോടെ ബണ്ടിചോര്‍ കസ്റ്റഡിയില്‍ തുടര്‍ന്നു. തിങ്കളാഴ്ച രാവിലെ അന്തരിച്ച ബി.എ. ആളൂരിന്റെ സഹപ്രവര്‍ത്തകരെ പോലീസ് ബന്ധപ്പെട്ടു. ഇതോടെയാണ് ബണ്ടിചോര്‍ നല്‍കിയ മൊഴി സ്ഥിരീകരിച്ചത്. കേരളത്തില്‍ കേസുകളില്ലാത്തതിനാല്‍ ഇയാളെ വിട്ടയക്കുകയുംചെയ്തു.

കേസുമായി ബന്ധപ്പെട്ട് അഭിഭാഷകന്‍ ആളൂരിനെ കാണാനാണ് കൊച്ചിയില്‍ എത്തിയതെന്നാണ് ബണ്ടി ചോര്‍ പൊലീസിനോട് പറഞ്ഞത്. ആളൂര്‍ അന്തരിച്ച വിവരം എറണാകുളത്ത് എത്തിയതിന് ശേഷമാണ് അറിഞ്ഞതെന്നാണ് ബണ്ടി ചോര്‍ പറഞ്ഞത്. ഇനിയെന്ത് ചെയ്യുമെന്ന് ആലോചിച്ച് റെയില്‍വേ സ്റ്റേഷനില്‍ ഇരിക്കുകയായിരുന്നു എന്നും ദേവേന്ദര്‍ സിംഗ് എന്ന ബണ്ടി ചോര്‍ പറഞ്ഞു. രാവിലെ മുതല്‍ ബണ്ടി സ്റ്റേഷനില്‍ ഉണ്ടായിരുന്നുവെന്ന് സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് പൊലീസ് ഉറപ്പിച്ചു. ബണ്ടി ചോര്‍ പറയുന്നത് പൂര്‍ണ്ണമായും പൊലീസ് ആദ്യഘട്ടത്തില്‍ വിശ്വസിച്ചിരുന്നില്ല. തുടര്‍ന്നാണ് സൗത്ത് റെയില്‍വേ പൊലീസിന്റെ കസ്റ്റഡിയില്‍ വെച്ചത്. വിശദമായ ചോദ്യം ചെയ്യലിനും അന്വേഷണത്തിനൊടുവിലാണിപ്പോള്‍ വിട്ടയച്ചത്.

കേരളത്തില്‍ ബണ്ടിചോറിനെതിരേ മൂന്ന് കേസുകളാണുണ്ടായിരുന്നത്. ഇതില്‍ 2013-ലെ പ്രമാദമായ മോഷണക്കേസില്‍ ബണ്ടിചോര്‍ ജയില്‍ശിക്ഷ അനുഭവിച്ചു. 2023-ലാണ് ബണ്ടിചോര്‍ ശിക്ഷ അനുഭവിച്ച് പുറത്തിറങ്ങിയത്. പിന്നീട് ഡല്‍ഹിയില്‍വെച്ച് യുപി പോലീസ് പിടികൂടിയിരുന്നു. പതിറ്റാണ്ട് മുമ്പ് വളരെ പേടിയോടെ കേട്ട പേരാണ് ബണ്ടി ചോറിന്റേത്. എറണാകുളം, തൃശൂര്‍, തിരുവനന്തപുരം ജില്ലകളിലാണ് ഇയാള്‍ക്ക് കേസുള്ളത്. ഈ കേസുകളില്‍ ജാമ്യത്തിലാണ്.ഹൈക്കോടതി തനിക്ക് അനുകൂലമായി ഒരു ഉത്തരവിട്ടിരുന്നുവെന്നും ചില തൊണ്ടിമുതലുകളും തന്റെ കൈവശമുണ്ടായിരുന്ന പണവും വാച്ചുകളും ജയില്‍ ശിക്ഷ അനുഭവിക്കുന്ന സമയത്ത് പൊലീസ് പിടിച്ചുവെച്ചിരുന്നുവെന്നും അത് വിട്ടുനല്‍കാന്‍ ഹൈക്കോടതി തനിക്ക് അനുകൂലമായ ഉത്തരവിട്ടിരുന്നുവെന്നുമാണ് ബണ്ടി ചോര്‍ പറഞ്ഞത്.

Similar News