ക്യാബ് ഡ്രൈവറും സംഘവും കൂട്ടബലാല്‍സംഗം ചെയ്‌തെന്ന മലയാളി യുവതിയുടെ പരാതി വ്യാജം; കള്ളക്കഥ മെനഞ്ഞത് കഴുത്തിലെ മുറിപ്പാട് ആണ്‍സുഹൃത്ത് കണ്ടതോടെ: കോളിളക്കം സൃഷ്ടിച്ച ബെംഗളൂരു പീഡനകേസിലെ യാഥാര്‍ത്ഥ്യം കണ്ടെത്തി പോലിസ്
കൂട്ടബലാല്‍സംഗം ചെയ്‌തെന്ന മലയാളി യുവതിയുടെ പരാതി വ്യാജം
ബംഗളൂരു: ക്യാബ് ഡ്രൈവറും സംഘവും തട്ടിക്കൊണ്ടുപോയി കൂട്ടബലാല്‍സംഗം ചെയ്‌തെന്ന മലയാളി യുവതിയുടെ പരാതി വ്യാജമെന്ന് കണ്ടെത്തി ബെംഗളൂരു പോലിസ്. യുവതിയുടെ കഴുത്തിലുണ്ടായിരുന്ന മുറിപ്പാടാണ് പരാതിക്ക് കാരണം. ബെംഗളൂരുവില്‍ ജോലി ചെയ്യുന്ന യുവതി ക്യാബ് ഡ്രൈവറുമായി അടുപ്പത്തിലായിരുന്നു. ഇരുവരും തമ്മില് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുകയും ചെയ്തു. പിന്നാലെ നാട്ടിലെത്തിയ യുവതിയുടെ കഴുത്തിലെ മുറിപ്പാട് കാമുകന്‍ കണ്ടുപിടിച്ചു.
ഇതോടെ ക്യാബ് ഡ്രൈവറുമായുള്ള ബന്ധം ആണ്‍ സുഹൃത്ത് കണ്ട് പിടിക്കുമെന്നായപ്പോള്‍ അതില്‍ നിന്ന് രക്ഷപ്പെടാനായിരുന്നു വ്യാജ ആരോപണം ഉന്നയിച്ചത്. യാത്രക്കായി വിളിച്ചുകൊണ്ടിരുന്ന ക്യാബ് ഡ്രൈവറും സുഹൃത്തുക്കളും ചേര്‍ന്ന് കൂട്ട ബലാത്സംഗം ചെയ്‌തെന്നാണ് യുവതി കാമുകനോട് പറഞ്ഞത്. ഇത് വിശ്വസിച്ച ആണ്‍ സുഹൃത്ത് യുവതിയുമായി ബെംഗളൂരുവിലെത്തി മഡിവാള പൊലീസില്‍ പരാതി നല്‍കി. കേസ് ബാനസ് വാടി പോലീസിന് കൈമാറി. പ്രാഥമികമായി വിവരങ്ങള്‍ ആരാഞ്ഞതോടെ തന്നെ വസ്തുതാ വിരുദ്ധമായ കാര്യങ്ങളാണ് യുവതി പറയുന്നത് എന്ന് പോലീസിന് വ്യക്തമായി. തുടര്‍ന്ന് വിശദമായി ചോദ്യം ചെയ്തപ്പോഴാണ് പെണ്‍കുട്ടി കാര്യങ്ങളെല്ലാം തുറന്ന് പറഞ്ഞത്.
മലയാളി യുവതി കൂട്ടബലാത്സംഗത്തിന് ഇരയായെന്ന വാര്‍ത്ത ഏറെ കോളിളക്കം സൃഷ്ടിച്ചിരുന്നു. ആ കേസിലാണ് ഒടുവില്‍ യാഥാര്‍ത്ഥ്യം പുറത്ത് വന്നിരിക്കുന്നത്. ബെംഗളൂരുവിലെത്തിയ യുവതി ക്യാബ് ഡ്രൈവറെ പരിചയപ്പെടുകയും പിന്നീട് അടുപ്പത്തിലാവുകയും ചെയ്തു. ഇരുവരും ഒന്നിച്ച് നൈറ്റ് ക്ലബ്ബില്‍ പോവുകയും പിന്നീട് പരസ്പര സമ്മതത്തോടെ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുകയും ചെയ്തതായി പോലിസ് കണ്ടെത്തി. പിന്നീട് യുവതി കേരളത്തില്‍ എത്തിയപ്പോഴാണ് നാട്ടിലെ ആണ്‍ സുഹൃത്ത് കഴുത്തില്‍ മുറിപ്പാട് കാണുന്നതും പിടിക്കപ്പെടാതിരിക്കാന്‍ വ്യാജ പരാതി നല്‍കുന്നതും.