'കൃത്യമായ പഠനം നടത്തിയിട്ടില്ല; സര്‍ക്കാര്‍ അനുമതി നടപടിക്രമങ്ങള്‍ക്ക് വിരുദ്ധം'; എലപ്പുള്ളി ബ്രൂവറിയ്ക്ക് നല്‍കിയ അനുമതി ഹൈക്കോടതി റദ്ദാക്കി; പാരിസ്ഥിതികാഘാത പഠനം നടത്തിയശേഷം തീരുമാനിക്കാമെന്നും കോടതി
കൊച്ചി: എലപ്പുള്ളി ബ്രൂവറിയ്ക്ക് സര്‍ക്കാല്‍ നല്‍കിയ പ്രാഥമികാനുമതി ഹൈക്കോടതി റദ്ദാക്കി. വിശദമായ പഠനം നടത്താതെ പദ്ധതിയുമായി മുന്നോട്ടുപോകാനാവില്ലെന്ന് കോടതി പറഞ്ഞു. ബ്രൂവറി അനുവദിക്കണമെന്നായിരുന്നു സര്‍ക്കാരിന്റെ ആവശ്യം. എന്നാല്‍, വിശദമായ പഠനം നടത്താതെ പ്രാഥമികാനുമതി നല്‍കിയത് ശരിയല്ലെന്ന് കോടതി പറഞ്ഞു. പാരിസ്ഥിതികാഘാത പഠനം നടത്തിയശേഷം തീരുമാനിക്കാമെന്നും ഹൈക്കോടതി വ്യക്തമാക്കി. മധ്യപ്രദേശ് ആസ്ഥാനമായ ഒയാസിസ് എന്ന കമ്പനിക്കാണ് യൂണിറ്റ് തുടങ്ങാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നത്.
മലിനീകരണപ്രശ്നം ഉള്‍പ്പെടെ ചൂണ്ടിക്കാട്ടി ബ്രൂവറി ആരംഭിക്കുന്നതിനെതിരേ പ്രദേശവാസികളുടെ പ്രതിഷേധം ഉയര്‍ന്നിരുന്നു. പ്രതിപക്ഷവും പദ്ധതിയ്ക്കെതിരേ രംഗത്തെത്തിയിരുന്നെങ്കിലും സര്‍ക്കാര്‍ പദ്ധതിയുമായി മുന്നോട്ടുപോവുകയായിരുന്നു. എലപ്പുള്ളി ബ്രൂവറി പ്ലാന്റിന് സര്‍ക്കാര്‍ അനുമതി നല്‍കിയത് വിവാദമായിരുന്നു. 2008-ലെ തണ്ണീര്‍ത്തട നെല്‍വയല്‍ സംരക്ഷണ നിയമത്തിന്റെ പരിധിയില്‍പ്പെട്ട സ്ഥലത്താണ് ബ്രൂവറി തുടങ്ങാന്‍ പ്രാഥമികാനുമതി നല്‍കിയത്. ബ്രൂവറി ആരംഭിക്കുന്നത് കാര്‍ഷിക മേഖലയ്ക്ക് ഗുണംചെയ്യുമെന്നായിരുന്നു സര്‍ക്കാര്‍ ഉത്തരവിലുണ്ടായിരുന്നത്.
സര്‍ക്കാര്‍ അനുമതി നടപടിക്രമങ്ങള്‍ക്ക് വിരുദ്ധമെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. നടപടിക്രമങ്ങള്‍ പാലിച്ച് പുതിയ തീരുമാനമെടുക്കാമെന്നും ഹൈക്കോടതി ആവശ്യപ്പെട്ടു. പൊതുതാല്‍പര്യ ഹര്‍ജിയിലാണ് ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവ്. നടപടി ക്രമങ്ങളിലെ വീഴ്ചയാണ് തിരിച്ചടിക്ക് കാരണം. വിശദമായ പഠനം വേണമെന്നും കോടതി ആവശ്യപ്പെട്ടു. വിശദമായ പഠനം നടത്തിയ ശേഷം അനുമതി നല്‍കണോ വേണ്ടയോ എന്ന് സംബന്ധിച്ച് സര്‍ക്കാരിന് വീണ്ടും തീരുമാനിക്കാമെന്നും ഹൈക്കോടതി ഡിവിഷന്‍ ബഞ്ച് വ്യക്തമാക്കി. ഒയാസിസ് കമ്പനിക്ക് നല്‍കിയ പ്രാഥമിക അനുമതിയാണ് റദ്ദാക്കിയത്.