രണ്ട് കുഞ്ഞുങ്ങളുണ്ട്, കുടുംബം പോറ്റാന്‍ കേരളത്തിലെത്തി; നിലത്തിട്ട് ചവിട്ടി, വലിച്ചിഴച്ചു; അടിയേറ്റ് തലയില്‍ രക്തസ്രാവം; വാളയാറിലെ ആള്‍ക്കൂട്ട ആക്രമണത്തില്‍ കൊല്ലപ്പെട്ട റാം നാരായണന്റെ ശരീരത്തില്‍ 40ലധികം മുറിവുകള്‍; പ്രാഥമിക പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്

Update: 2025-12-19 10:13 GMT

തൃശൂര്‍: പാലക്കാട്ടെ അട്ടപ്പള്ളത്തു കൊല്ലപ്പെട്ട ഛത്തീസ്ഗഢ് സ്വദേശിയായ രാമനാരായണ്‍ ഭയ്യാറിനു ക്രൂര മര്‍ദനമേറ്റെന്നു പ്രാഥമിക പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. മര്‍ദനം മൂലം രാമനാരായണിന്റെ തലയില്‍ രക്തസ്രാവമുണ്ടായി. തല മുതല്‍ കാല്‍പ്പാദം വരെ നാല്‍പതിലധികം മുറിവുകളുണ്ട്. അതില്‍ മിക്കതും വടി കൊണ്ടുള്ള അടിയേറ്റുണ്ടായത്. നിലത്തിട്ട് ചവിട്ടിയതിന്റെയും വലിച്ചിഴച്ചതിന്റെയും പരുക്കുകളും മൃതദേഹത്തിലുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

റാം നാരായണന്റെ തല മുതല്‍ കാലുവരെയുള്ള ശരീരത്തില്‍ 40ലധികം മുറിവുകളാണ് പരിശോധനയില്‍ കണ്ടെത്തിയത്. പുറം ഭാഗം മുഴുവന്‍ വടികൊണ്ട് അടിച്ചു പൊളിച്ചു. ശരീരത്തില്‍ ചവിട്ടിയതിന്റെയും നിലത്തിട്ട് വലിച്ചതിന്റെയും അടയാളങ്ങളും ശരീരത്തിലുണ്ട്. തലയില്‍ രക്തസ്രാവം ഉണ്ടായെന്നാണ് പോസ്റ്റ്‌മോര്‍ട്ടത്തിന് മുമ്പ് എടുത്ത എക്‌സ്‌റേ ഫലത്തിലുള്ളത്. മണിക്കൂറുകള്‍ നീണ്ട കൊടുംക്രൂരതക്കൊടുവിലാണ് അതിഥി തൊഴിലാളിയുടെ ദാരുണ മരണം.

വാളയാര്‍ അട്ടപ്പളത്താണ് ആള്‍ക്കൂട്ട മര്‍ദനം നടന്നത്. മോഷ്ടാവെന്ന് സംശയിച്ചാണ് ആള്‍ക്കൂട്ടം ഛത്തീസ്ഗഡ് സ്വദേശിയായ രാം നാരായണനെ മര്‍ദിച്ചത്. സംഭവത്തില്‍ ഇതുവരെ അഞ്ചുപേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. സംഭവത്തില്‍ അന്വേഷണം നടക്കുന്നുണ്ടെന്നും കൂടുതല്‍ അറസ്റ്റ് ഉണ്ടാകുമെന്നും വാളയാര്‍ പൊലീസ് അറിയിച്ചു. ഇക്കഴിഞ്ഞ ബുധനാഴ്ച വൈകിട്ട് മൂന്നുമണിക്കാണ് സംഭവം.

ഇയാള്‍ മദ്യപിച്ചിരുന്നെങ്കിലും കയ്യില്‍ മോഷണവസ്തുക്കളൊന്നും ഇല്ലായിരുന്നു. നാട്ടുകാരുടെ മര്‍ദനമേറ്റ രാമനാരായണ്‍ ഭയ്യാര്‍ ചോരതുപ്പി നിലത്തുവീണ് നാലുമണിക്കൂറോളം വഴിയില്‍ കിടന്നു. പൊലീസ് എത്തിയാണ് ആശുപത്രിയിലാക്കിയത്. പക്ഷേ ജീവന്‍ രക്ഷിക്കാനായില്ല. മര്‍ദനത്തിന്റെ ദൃശ്യങ്ങള്‍ പ്രചരിച്ചിരുന്നു. സംഭവത്തില്‍ നാട്ടുകാരായ പത്തു പേരെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇതില്‍ അഞ്ചുപേരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയത്.

കെട്ടിട നിര്‍മാണ തൊഴില്‍ തേടി കേരളത്തിലെത്തിയ രാമനാരായണ്‍ നാട്ടിലേക്കു മടങ്ങാനൊരുങ്ങിയതാണ്. വഴിതെറ്റിയാണ് അട്ടപ്പള്ളത്ത് എത്തിയതെന്നും പ്രശ്‌നക്കാരനോ മാനസികവെല്ലുവിളി നേരിടുന്ന ആളോ അല്ലെന്നും എട്ടും പത്തും വയസ്സുള്ള രണ്ടു കുട്ടികളുടെ പിതാവാണെന്നും ബന്ധുക്കള്‍ അറിയിച്ചിരുന്നു.

കെട്ടിടനിര്‍മ്മാണ മേഖലയില്‍ ജോലിചെയ്യുന്നതിനാണ് നാലുദിവസം മുന്‍പ് ഇയാള്‍ കേരളത്തിലെത്തിയതെന്നും വഴിതെറ്റി സംഭവം നടന്ന സ്ഥലത്ത് എത്തിയതാകാമെന്നും ബന്ധുവായ ശശികാന്ത് ബഗേല്‍ പറയുന്നു. ക്രിമിനല്‍ പശ്ചാത്തലം ഉള്ള വ്യക്തിയല്ല രാംനാരായണനെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

'ജോലിക്കായി നാലു ദിവസം മുന്‍പാണ് രാംനാരായണന്‍ പാലക്കാട്ട് എത്തിയത്. എന്നാല്‍ ഇവിടുത്തെ ജോലി ഇഷ്ടപ്പെട്ടിരുന്നില്ല. സ്ഥലപരിചയം ഇല്ലാത്തതിനാല്‍ എങ്ങനെയോ വഴി തെറ്റി സംഭവം നടന്ന സ്ഥലത്ത് എത്തിപ്പെട്ടതാകാം. ഒരു ക്രിമിനല്‍ റെക്കോര്‍ഡുമില്ലാത്ത ആളാണ്. നാട്ടില്‍ ഒരു കേസില്‍ പോലും പ്രതിയല്ല. മാനസികമായി ഒരു തരത്തിലുള്ള പ്രശ്നങ്ങളുമില്ല. വേണമെങ്കില്‍ നിങ്ങള്‍ക്ക് ഞങ്ങളുടെ നാട്ടില്‍ വന്ന് അന്വേഷിക്കാം. മദ്യപിക്കാറുണ്ടെങ്കിലും ആരുമായും യാതൊരു പ്രശ്നത്തിനും പോകാറില്ല. എട്ടും പത്തും വയസുള്ള രണ്ട് കുട്ടികളുണ്ട്. കുടുംബം പോറ്റുന്നതിനായി ജോലി ചെയ്യാനായാണ് ഇവിടെയെത്തിയത്'- ബന്ധു ശശികാന്ത് പറഞ്ഞു.

ബുധനാഴ്ച ഉച്ചയ്ക്ക് അട്ടപ്പാളം മാതാളിക്കാട് ഭാഗത്തായിരുന്നു ആള്‍ക്കൂട്ട ആക്രമണമുണ്ടായത്. പണിയെടുത്തിരുന്ന തൊഴിലുറപ്പ് തൊഴിലാളികള്‍ സംശയാസ്പദമായ സാഹചര്യത്തില്‍ രാംനാരയണനെ കാണുകയായിരുന്നെന്ന് പറയപ്പെടുന്നു. ഇവര്‍ വിവരമറിയച്ചതിനെ തുടര്‍ന്ന് സ്ഥലത്തെത്തിയ യുവാക്കള്‍ ചേര്‍ന്ന് രാംനാരായണനെ മര്‍ദിക്കുകയായിരുന്നു. മര്‍ദനമേറ്റ് അവശനായ രാംനാരായണന്‍ രക്തം ഛര്‍ദിച്ചെന്നും വിവരമുണ്ട്.

പ്രാഥമിക പരിശോധനയില്‍ തന്നെ അദ്ദേഹത്തിന്റെ ദേഹത്ത് മര്‍ദനമേറ്റ പാടുകള്‍ കണ്ടെത്തിയിരുന്നു. തലയിലും ശരീരത്തിലുമേറ്റ ക്ഷതമാണ് മരണത്തിന് കാരണമെന്നാണ് പ്രാഥമിക പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. തലമുതല്‍ കാലുവരെ നാല്‍പ്പതിലേറെ മുറിവുകളുണ്ട്. ചവിട്ടിയതിന്റെയും നിലത്തിട്ട് വലിച്ചിഴച്ചതിന്റെയും അടയാളങ്ങള്‍ ശരീരത്തിലുണ്ടെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു.

കഞ്ചിക്കോട് കിംഫ്രയില്‍ ജോലി തേടിയാണ് ഛത്തീസ്ഗഡ് സ്വദേശിയായ രാമനാരായണന്‍ ഒരാഴ്ച മുമ്പ് പാലക്കാട് എത്തുന്നത്. പരിചയമില്ലാത്ത സ്ഥലം ആയതിനാല്‍ വഴിതെറ്റി വാളയാറിലെ അട്ടപ്പള്ളത്തെത്തി. മൂന്നുവര്‍ഷം മുന്‍പ് ഭാര്യ ഉപേക്ഷിച്ച് പോയതോടെ ചില മാനസിക പ്രശ്‌നങ്ങള്‍ രാംനാരായണന് ഉണ്ടായിരുന്നു. അട്ടപ്പള്ളത്തെ തൊഴിലുറപ്പ് തൊഴിലാളികള്‍ ആണ് രാം നാരായണനെ ആദ്യം പ്രദേശത്ത് കാണുന്നത്. തുടര്‍ന്ന് സമീപത്തെ യുവാക്കളെ വിവരം അറിയിച്ചു. പിന്നീട് പ്രദേശവസികള്‍ സംഘം ചേര്‍ന്ന് രാംനാരായണനെ തടഞ്ഞുവെച്ചു. കള്ളന്‍ എന്ന് ആരോപിച്ചു മര്‍ദ്ദിച്ചു. പുറം മുഴുവന്‍ വടി കൊണ്ടടിച്ച പാടുകളുണ്ടായിരുന്നു. കഴുത്തിനും കൈയ്ക്കും ഇടുപ്പിനും പരിക്കുണ്ട്. കണ്ടപ്പോള്‍ കള്ളന്‍ എന്ന് തോന്നി എന്നാണ് നാട്ടുകാരുടെ മറുപടി.

Tags:    

Similar News