ശബരിമല സ്വര്‍ണ്ണക്കൊള്ള: നഷ്ടപ്പെട്ടത് കിലോക്കണക്കിന് സ്വര്‍ണ്ണം; പ്രതികളുടെ മൊഴി പച്ചക്കള്ളമെന്ന് ഫോറന്‍സിക് റിപ്പോര്‍ട്ട്; വിഎസ്എസ് സി പരിശോധനയില്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍

Update: 2026-02-08 07:42 GMT

തിരുവനന്തപുരം: ശബരിമല സ്വര്‍ണ്ണക്കൊള്ളക്കേസില്‍ പ്രതികളെയും ദേവസ്വം ബോര്‍ഡിനെയും ഒരുപോലെ പ്രതിക്കൂട്ടിലാക്കുന്ന നിര്‍ണ്ണായക ഫോറന്‍സിക് റിപ്പോര്‍ട്ട് പ്രത്യേക അന്വേഷണ സംഘത്തിന് ലഭിച്ചു. കൊള്ളയടിക്കപ്പെട്ട സ്വര്‍ണ്ണത്തിന്റെ അളവ് പ്രതികള്‍ സമ്മതിച്ചതിനേക്കാള്‍ എത്രയോ അധികമാണെന്നും കിലോക്കണക്കിന് സ്വര്‍ണ്ണം നഷ്ടപ്പെട്ടിട്ടുണ്ടെന്നും വിക്രം സാരാഭായ് സ്‌പേസ് സെന്ററില്‍ നടത്തിയ അന്തിമ പരിശോധനാ ഫലം വ്യക്തമാക്കുന്നു.

ശ്രീകോവിലിന്റെ കട്ടിളപ്പാളി, ദ്വാരപാലക ശില്പ പാളികള്‍ എന്നിവയില്‍ നിന്നായി ഏകദേശം 989 ഗ്രാം സ്വര്‍ണ്ണം ഉരുക്കിയെടുത്തതായാണ് അന്വേഷണ സംഘം നേരത്തെ കണ്ടെത്തിയിരുന്നത്. ഇതില്‍ 575 ഗ്രാം സ്വര്‍ണ്ണം ശുദ്ധി വരുത്തിയ ശേഷം തിരികെ പൂശിയെന്നായിരുന്നു പ്രതികള്‍ എസ്‌ഐടിയോട് നല്‍കിയ മൊഴി. എന്നാല്‍ ഈ വാദം പൂര്‍ണ്ണമായും തെറ്റാണെന്ന് വിഎസ്എസ്സി റിപ്പോര്‍ട്ടില്‍ പറയുന്നു. തിരികെ പൂശിയെന്ന് പറയുന്ന സ്വര്‍ണ്ണത്തിന്റെ അളവില്‍ വലിയ അന്തരമുണ്ടെന്നും വലിയൊരു ഭാഗം സ്വര്‍ണ്ണം കടത്തിക്കൊണ്ടുപോയെന്നുമാണ് ഫോറന്‍സിക് നിഗമനം.

നഷ്ടപ്പെട്ട സ്വര്‍ണ്ണത്തിന്റെ കൃത്യമായ അളവ് കണ്ടെത്താനാണ് വിഎസ്എസ്സിയിലെ ശാസ്ത്രജ്ഞര്‍ രണ്ടാം വട്ട പരിശോധന നടത്തിയത്. ഈ റിപ്പോര്‍ട്ട് ഉടന്‍ തന്നെ ഹൈക്കോടതിക്ക് കൈമാറും. എന്നാല്‍, നിലവിലുള്ള സ്വര്‍ണ്ണപ്പാളികള്‍ പുതിയതാണോ അതോ പഴയത് തന്നെയാണോ എന്ന കാര്യത്തില്‍ ഇനിയും പൂര്‍ണ്ണമായ വ്യക്തത വന്നിട്ടില്ല. ഇതിനായി കൂടുതല്‍ സാമ്പിളുകള്‍ ശേഖരിക്കാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം.

പ്രതികള്‍ പറഞ്ഞതിനേക്കാള്‍ കൂടുതല്‍ സ്വര്‍ണ്ണം നഷ്ടപ്പെട്ടുവെന്ന കണ്ടെത്തല്‍ കേസില്‍ വന്‍ വഴിത്തിരിവാകും. ഇത്രയധികം സ്വര്‍ണ്ണം കൊള്ളയടിക്കപ്പെട്ടിട്ടും ദേവസ്വം അധികൃതര്‍ അറിയാതിരുന്നത് എങ്ങനെയെന്ന ചോദ്യം ശക്തമാണ്. വരും ദിവസങ്ങളില്‍ കൂടുതല്‍ വിശദമായ പരിശോധനകള്‍ കൂടി പൂര്‍ത്തിയാകുന്നതോടെ സ്വര്‍ണ്ണക്കൊള്ളയുടെ യഥാര്‍ത്ഥ വ്യാപ്തി പുറത്തുവരുമെന്നാണ് കരുതുന്നത്.

Similar News