ശംഖുമുഖം ഡിജെ പാര്‍ട്ടിയിലെ സംഘര്‍ഷത്തിനിടെ ലാത്തിച്ചാര്‍ജ് നടത്തിയതിന്റെ പ്രതികാരം; കുടുംബത്തിനൊപ്പം മാളിലെത്തിയ പൊലീസുകാരനെ എസ്എഫ്ഐക്കാര്‍ മര്‍ദ്ദിച്ചു; ഭീഷണിപ്പെടുത്തി; കേസെടുത്ത് വഞ്ചിയൂര്‍ പൊലീസ്
By : സ്വന്തം ലേഖകൻ
Update: 2026-02-14 15:44 GMT
തിരുവനന്തപുരം: തിരുവനന്തപുരത്ത് കുടുംബത്തോടൊപ്പം മാളിലെത്തിയ പൊലീസുകാരനെ എസ്എഫ്ഐ പ്രവര്‍ത്തകര്‍ മര്‍ദിച്ചതായി പരാതി. എആര്‍ ക്യാമ്പിലെ പൊലീസുകാരനായ മിഥുന് റോയിക്കാണ് മര്‍ദനമേറ്റത്. പുതുവത്സര രാത്രിയില്‍ ശംഖുമുഖത്ത് സമയപരിധി കഴിഞ്ഞിട്ടും ഡിജെ പാര്‍ട്ടി നടത്തിയതിനെ ചൊല്ലി എസ്എഫ്ഐക്കാരും പൊലീസും തമ്മില്‍ സംഘര്‍ഷമുണ്ടായിരുന്നു.
12 മണിക്കും പാര്‍ട്ടി നിര്‍ത്താത്തതിനെ തുടര്‍ന്നാണ് സംഘര്‍ഷമുണ്ടായത്. അന്ന് എസ്എഫ്ഐക്കാരെ ലാത്തിച്ചാര്‍ജ് നടത്തിയ പൊലീസ് സംഘത്തില്‍പെട്ടയാളാണ് മിഥുന് റോയ്. പൊലീസ് പ്രകോപനം ഇല്ലാതെ ആക്രമിച്ചുവെന്നായിരുന്നു എസ്എഫ്ഐയുടെ വാദം. അതിനുള്ള പ്രതികാരമാണ് മാളിലെ തല്ലെന്നാണ് പരാതി. പൊലീസുകാരന്റെ പരാതിയില്‍ എസ്എഫ്ഐ പ്രവര്‍ത്തകര്‍ക്കെതിരെ വഞ്ചിയൂര്‍ പൊലീസ് കേസെടുത്തു.