സ്‌കൂളിലെ ഇരുമ്പുവാതിലില്‍ കുടുങ്ങി ഒന്നാംക്ലാസുകാരിയുടെ വിരലുകളറ്റു; കുട്ടിയെ ആശുപത്രിയിലെത്തിക്കാതെ അറ്റ വിരലുകള്‍ മാലിന്യക്കുട്ടയിലുപേക്ഷിച്ച് അധ്യാപകര്‍

സ്‌കൂളിലെ ഇരുമ്പുവാതിലില്‍ കുടുങ്ങി ഒന്നാംക്ലാസുകാരിയുടെ വിരലുകളറ്റു

Update: 2026-02-15 03:20 GMT

ബെംഗളൂരു: ഒന്നാംക്ലാസുകാരിയുടെ രണ്ട് വിരലുകള്‍ സ്‌കൂളിലെ ഇരുമ്പുവാതിലില്‍ കുടുങ്ങി അറ്റു പോയി. കുട്ടി വേദനകൊണ്ട് ഉച്ചത്തില്‍ കരഞ്ഞെങ്കിലും അധ്യാപകര്‍ കുട്ടിയെ ആശുപത്രിയിലെത്തിച്ചില്ല. കുട്ടിയെ കൃത്യസമയത്ത് ആശുപത്രിയിലെത്തിക്കാതെ അധ്യാപകര്‍ അറ്റവിരലുകള്‍ മാലിന്യക്കുട്ടയില്‍ ഉപേക്ഷിക്കുകയും ചെയ്തു. തുമകൂരു ജില്ലയിലെ ഗുലുരു ഗ്രാമത്തിലെ സര്‍ക്കാര്‍ പ്രൈമറി സ്‌കൂളിലാണ് സംഭവം. അറ്റ വിരലുകള്‍ മാലിന്യകുട്ടയില്‍ ഉപേക്ഷിച്ച ശേഷം രക്തം ഒലിച്ച വിരലുകള്‍ തുണികൊണ്ട് കെട്ടി വെച്ചു.

ഫെബ്രുവരി 11-ന് നടന്ന സംഭവം രക്ഷിതാക്കള്‍ പോലീസില്‍ പരാതിനല്‍കിയതിനെത്തുടര്‍ന്നാണ് പുറത്തറിയുന്നത്. ഉച്ചഭക്ഷണത്തിനായി വരിനില്‍ക്കുമ്പോഴാണ് ഇരുമ്പുവാതിലില്‍ കുടുങ്ങി കുട്ടിയുടെ വിരലുകളറ്റത്. കുട്ടി ഉച്ചത്തില്‍ കരയുന്നത് കണ്ടെത്തിയ അധ്യാപകര്‍ കുട്ടിയുടെ വിരലുകള്‍ അറ്റതായി കണ്ടെങ്കിലും അത് കാര്യമാക്കിയില്ല. വിരലുകളെടുത്ത് മാലിന്യ കുട്ടിയില്‍ ഇട്ടു. രക്തസ്രാവം അധികമായതോടെ മുറി തുണികൊണ്ട് കെട്ടി.

കുട്ടി കരഞ്ഞ് ബഹളം വെച്ചതോടെ സ്‌കൂള്‍ അധികൃതര്‍ വിവരമറിയിച്ചതിനെത്തുടര്‍ന്ന് രക്ഷിതാക്കളെത്തിയാണ് കുട്ടിയെ തുമകൂരു ജില്ലാ ആശുപത്രിയിലെത്തിച്ചത്. എന്നാല്‍, ചികിത്സയുടെ നിര്‍ണായകസമയം കഴിഞ്ഞതിനാല്‍ വിരലുകള്‍ തുന്നിച്ചേര്‍ക്കാന്‍ പറ്റില്ലെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. വിരലുകള്‍ സൂക്ഷിച്ച് കുട്ടിയെ ഉടന്‍ ആശുപത്രിയിലെത്തിച്ചിരുന്നെങ്കില്‍ വിരലുകള്‍ തുന്നിച്ചേര്‍ക്കാന്‍ കഴിയുമായിരുന്നുവെന്നും ഡോക്ടര്‍മാര്‍ രക്ഷിതാക്കളെ അറിയിച്ചു. ഇതോടെ രക്ഷിതാക്കള്‍ തുമകൂരു റൂറല്‍ പോലീസില്‍ പരാതിനല്‍കി.

അടിയന്തരശുശ്രൂഷ നല്‍കേണ്ട സമയത്ത് അശ്രദ്ധയും വിവേകശൂന്യതയും കാണിച്ചതിനും വിദ്യാര്‍ഥിനിക്ക് വൈദ്യസഹായം ലഭ്യമാക്കാത്തതിലും സ്‌കൂള്‍ പ്രഥമാധ്യാപകന്‍ നാഗേഷ്, അധ്യാപകരായ രേണുകമ്മ, വെങ്കിടേഷ്, ബ്ലോക്ക് വിദ്യാഭ്യാസ ഓഫീസര്‍ ഹനുമന്തപ്പ എന്നിവരുടെ പേരില്‍ പോലീസ് കേസെടുത്തു.

Tags:    

Similar News