കുമിളിക്കാരി ഷീബാ സുരേഷ്; കൊച്ചിയിലുള്ള ബീനാ സെബാസ്റ്റാന്‍; പുഞ്ചക്കരിക്കാരുടെ പാഡ്‌സ് ജയകുമാര്‍; എന്‍ജിഒ കോണ്‍ഫെഡറേഷന്‍ ആജീവനാന്ത രക്ഷാധികാരിയായ ആനന്ദകുമാര്‍ ശാസ്തമംഗലത്തെ വീടും പൂട്ടി സ്ഥലം വിട്ടു; മൊബൈലിലും കിട്ടുന്നില്ല; സായിഗ്രാമം സ്ഥാപക ചെയര്‍മാനും കോണ്‍ഫഡറേഷന്‍ ബോര്‍ഡ് അംഗങ്ങളും പ്രതികളാകും; പാതിവില തട്ടിപ്പില്‍ ഒളിവ് ജീവിതം ചിലര്‍ തുടങ്ങുമ്പോള്‍
തിരുവനന്തപുരം: പാതിവില തട്ടിപ്പുകേസില്‍ എന്‍.ജി.ഒ കോണ്‍ഫെഡറേഷന്‍ മുന്‍ ചെയര്‍മാനും സായിഗ്രാമം ഗ്ലോബല്‍ ട്രസ്റ്റ് ചെയര്‍മാനുമായ കെ.എന്‍. ആനന്ദകുമാറിനെയും കോണ്‍ഫെഡറേഷന്റെ ബോര്‍ഡ് അംഗങ്ങളെയും പ്രതിചേര്‍ക്കാനുള്ള നടപടികളിലേക്ക് പൊലീസ്. 2000 എന്‍.ജി.ഒകള്‍ അംഗങ്ങളായ നാഷണല്‍ എന്‍.ജി.ഒ കോണ്‍ഫെഡറേഷന്‍ 10 ലക്ഷം ആളുകള്‍ ഉള്‍പ്പെടുന്ന പ്രസ്ഥാനമാണെന്ന് വരുത്തിയായിരുന്നു തട്ടിപ്പ്. രാജ്യത്തെ 12 സംസ്ഥാനങ്ങളില്‍ നിന്നായി 4000ത്തിലധികം സന്നദ്ധ സംഘടനകള്‍ ഈ കൂട്ടായ്മയുടെ ഭാഗമായിട്ടുണ്ട്. രജിസ്റ്റര്‍ ചെയ്ത് പ്രവര്‍ത്തിക്കുന്ന ചാരിറ്റബിള്‍ സൊസൈറ്റികള്‍, ട്രസ്റ്റുകള്‍, കര്‍ഷക ഉത്പാദക കമ്പനികള്‍, കര്‍ഷക ഉത്പാദക സംഘങ്ങള്‍, റബര്‍ ഉത്പാദക സംഘങ്ങള്‍, സ്വയം സഹായ സംഘങ്ങള്‍,റസിഡന്‍സ് അസോസിയേഷനുകള്‍, സെക്ഷന്‍ 8 കമ്പനികള്‍, കോപ്പറേറ്റീവ് സൊസൈറ്റികള്‍ എന്നിവ കോണ്‍ഫഡറേഷന്റെ ഭാഗമായിരുന്നു.
ഷീബാ സുരേഷ്, ബീന സെബാസ്റ്റ്യന്‍, ജയകുമാരന്‍ നായര്‍(പാഡ്‌സ് ജയകുമാര്‍) എന്നിവരാണ് ബോര്‍ഡ് അംഗങ്ങള്‍. ആനന്ദ കുമാര്‍ ചെയര്‍മാനായി രൂപീകരിച്ച കോണ്‍ഫെഡറേഷന്റെ ബൈലോയില്‍, സ്‌കൂട്ടറും തയ്യല്‍മെഷീനും മറ്റും പാതിവിലയ്ക്ക് നല്‍കണമെന്നും വിതരണചുമതല ഇപ്പോള്‍ അറസ്റ്റിലായ തൊടുപുഴ കുടയത്തൂര്‍ സ്വദേശി അനന്തുകൃഷ്ണനാണെന്നും വ്യക്തമാക്കുന്നുണ്ട്. കോണ്‍ഫെഡറേഷന്റെ പ്രസിഡന്റാണ് അനന്തുകൃഷ്ണന്‍. ബൈലോ പൊലീസ് കണ്ടെടുത്തതോടെയാണ് ആനന്ദകുമാര്‍ വെട്ടിലായത്. കുമളി പഞ്ചായത്ത് മുന്‍ പ്രസിഡന്റാണ് ഷീബാ സുരേഷ്. ബീനാ സെബാസ്റ്റ്യന്‍ കൊച്ചി കേന്ദ്രീകരിച്ചാണ് പ്രവര്‍ത്തനം. തിരുവനന്തപുരത്താണ് ജയകുമാരന്‍ നായര്‍ പ്രധാനമായും കേന്ദ്രീകരിച്ചിരുന്നത്.
കോണ്‍ഗ്രസ് നേതാവായ ഷീബാ സുരേഷ് നിരവധി പേരെ പദ്ധതിയില്‍ ചേര്‍ത്തെന്നാണ് വിവരം. തട്ടിപ്പ് പുറത്തറിഞ്ഞതോടെ ഷീബാ സുരേഷ് വിദേശത്തേക്ക് കടന്നുവെന്നാണ് സൂചന. തിരുവനന്തപുരം അടക്കമുള്ള ജില്ലകളുടെ ചുമതല ഷീബയ്ക്കായിരുന്നുവെന്നാണ് വിവരം. നിലവിലെ സാഹചര്യത്തില്‍ അനന്തുവിന് ജാമ്യം കിട്ടി പുറത്തുവന്നാല്‍ മാത്രമെ മുന്നോട്ട് പോകാന്‍ കഴിയുകയുള്ളൂവെന്നും നിരവധി കാര്യങ്ങള്‍ പ്രസ്ഥാനം ചെയ്തിട്ടുണ്ടെന്നും ഷീബ സുരേഷ് പറയുന്ന ശബ്ദസന്ദേശവും പുറത്തു വന്നിരുന്നു. അനന്തു പണവുമായി മുങ്ങിയതല്ല. മറിച്ച് സാധനങ്ങള്‍ എത്താനുള്ള കാലതാമസം മാത്രമാണ് ഉണ്ടായിരിക്കുന്നതെന്നും കൂടുതല്‍ കേസുകള്‍ വന്നാല്‍ അനന്തുവിന്റെ പുറത്തിറങ്ങല്‍ വൈകുമെന്നും ഷീബ സുരേഷ് പറയുന്ന ശബ്ദസന്ദേശമാണ് പുറത്തുവന്നിരുന്നത്. തട്ടിപ്പിലെ മുഖ്യപ്രതിയും സായിഗ്രാമം സ്ഥാപക ചെയര്‍മാനും എന്‍.ജി.ഒ. കോണ്‍ഫെഡറേഷന്‍ ആജീവനാന്ത രക്ഷാധികാരിയുമായ ആനന്ദകുമാര്‍ ഒളിവിലാണെന്നാണ് സൂചന. പരാതിക്കാര്‍ ശാസ്തമംഗലത്തുള്ള വീട്ടിലെത്തിയപ്പോള്‍ ഇയാള്‍ വീടുപൂട്ടി പോയിട്ട് ദിവസങ്ങളായതായാണ് അറിഞ്ഞത്. ഫോണില്‍ വിളിച്ചിട്ടും ബന്ധപ്പെടാനായില്ല.
അനന്തുകൃഷ്ണനില്‍ നിന്ന് പണം കൈപ്പറ്റിയ വിവരങ്ങള്‍ പുറത്തുവന്നതോടെ സി.പി.എമ്മും പ്രതിരോധത്തിലായി. വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും നേതാക്കള്‍ക്കും പണം നല്‍കിയെന്ന് അനന്തുകൃഷ്ണന്‍ ഇന്നലെ മാദ്ധ്യമങ്ങളോട് വിളിച്ചുപറയുകയും ചെയ്തു. ആനന്ദകുമാറിന് രണ്ട് കോടി രൂപ നല്‍കിയിട്ടുണ്ടെന്നും തട്ടിപ്പിന്റെ സൂത്രധാരന്‍ ഇയാളാണെന്നും അറസ്റ്റിലായ അനന്തുകൃഷ്ണന്‍ മൊഴി നല്‍കിയിട്ടുണ്ട്. തന്നെ ആയുധമാക്കിയെന്നും തട്ടിപ്പില്‍ പങ്കില്ലെന്നുമായിരുന്നു ആനന്ദകുമാറിന്റെ നിലപാട്. തിരുവനന്തപുരം ശാസ്തമംഗലത്തെ സബ് രജിസ്ട്രാര്‍ ഓഫീസിലാണ് എന്‍.ജി.ഒ കോണ്‍ഫെഡറേഷന്‍ ട്രസ്റ്റായി 2022ല്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. രൂപീകരിച്ച് എട്ടു മാസത്തിനുള്ളില്‍ 400 കോടി രൂപ ട്രസ്റ്റിന്റെ മൂന്ന് അക്കൗണ്ടുകളിലായി എത്തി. മൂന്നര കോടി മാത്രമാണ് ഇപ്പോള്‍ ബാക്കി. കിട്ടിയ പണം എങ്ങോട്ടു പോയി എന്നത് അന്വേഷണത്തില്‍ നിര്‍ണ്ണായകമാകും.
വന്‍കിട കമ്പനികളും പൊതുമേഖലാ സ്ഥാപനങ്ങളും സാമൂഹ്യസേവനത്തിനായി വിനിയോഗിക്കുന്നതാണ് സി.എസ്.ആര്‍ ഫണ്ട്.ലക്ഷക്കണക്കിന് രൂപ ഇതിനായി മാറ്റിവയ്ക്കാറുണ്ട്. എന്‍.ജി.ഒകള്‍ വഴിയാണ് തുക ചെലവഴിക്കുന്നത്. ഇതു ലഭ്യമാക്കിയാല്‍ പകുതിവില ആവശ്യക്കാരില്‍ നിന്ന് ഈടാക്കി സ്‌കൂട്ടറും മറ്റും വിതരണം ചെയ്യാമെന്ന് കണക്കുകൂട്ടി.നൂറുകണക്കിന് സംഘടനകളെയാണ് സി.എസ്.ആര്‍ ഫണ്ടിന്റെ പേരില്‍ കോണ്‍ഫെഡറേഷനില്‍ അംഗമാക്കിയത്. പരിച്ചുനല്‍കുന്ന തുകയ്ക്ക് ചെറിയ കമ്മിഷനും വാഗ്ദാനം ചെയ്തു. അതിനിടെ, അനന്തുകൃഷ്ണന്‍ രണ്ടരലക്ഷംരൂപ സി.പി.എം. ഇടുക്കി ജില്ലാകമ്മിറ്റിയുടെ അക്കൗണ്ടിലേക്ക് സംഭാവന നല്‍കിയിരുന്നെന്ന് പാര്‍ട്ടി ജില്ലാസെക്രട്ടറി സി.വി. വര്‍ഗീസ് പറഞ്ഞു.
അനന്തുവിന്റെ ബാങ്ക് രേഖകള്‍ പൊലിസിന് ലഭിച്ചിട്ടുണ്ട്. ആനന്ദകുമാറാണ് എല്ലാ ജില്ലകളിലും എന്‍.ജി.ഒ കോണ്‍ഫെഡറേഷന്‍ ജില്ലാ കമ്മിറ്റികള്‍ വിളിച്ചുചേര്‍ത്ത് അനന്തുകൃഷ്ണനെ പരിചയപ്പെടുത്തിയതെന്നാണ് പ്രവര്‍ത്തകര്‍ പറയുന്നത്. ഇരുചക്രവാഹനങ്ങള്‍ വാങ്ങുന്നതുമായി ബന്ധപ്പെട്ട് കമ്പനികളുമായി കരാറില്‍ ഒപ്പുവച്ചത് ആനന്ദകുമാറാണെന്നും പറയപ്പെടുന്നുണ്ട്. പല ജില്ലകളില്‍ നിന്നും പൊലിസിന് ആനന്ദകുമാറിനെതിരേ പരാതി ലഭിച്ചതായാണ് വിവരം. പാലക്കാട് ജില്ലയില്‍ മാത്രം 300ലധികം പരാതികള്‍ നല്‍കിയതായാണ് അറിവ്. പണം കൈപ്പറ്റിയെന്ന് വ്യക്തമായതോടെ ആനന്ദകുമാറിന്റെ പങ്ക് അന്വേഷിക്കുന്നത് വേഗത്തിലാകും. ആദ്യഘട്ടത്തില്‍ സംഘടനയുടെ പരിപാടികള്‍ക്ക് പ്രമുഖരെത്തിയത് ആനന്ദകുമാറിന്റെ അറിവോടെയാണെന്നാണ് വിവരം. തിരുവനന്തപുരത്ത് ആനന്ദകുമാറിനെതിരേ പൊലിസില്‍ പരാതി എത്തിയിട്ടുണ്ട്. അനന്തു കൃഷ്ണന്‍ അല്ല ആനന്ദകുമാറാണ് തട്ടിപ്പിന് പിന്നിലെന്നാണ് പരാതിയിലുള്ളത്. അനന്തു കൃഷ്ണന്‍ അഞ്ച് സ്ഥലങ്ങളില്‍ ഭൂമി വാങ്ങിയിട്ടുണ്ടെന്നും കണ്ടെത്തിയിട്ടുണ്ട്. അതേസമയം, അനന്തുവിന്റെ വാട്സ്അപ്പ് ചാറ്റുകള്‍ വിശദമായി പരിശോധിച്ചുവരികയാണ്. എറണാകുളത്തെ ഒരു വില്ലയില്‍ നിന്നും ഓഫിസില്‍ നിന്നും രേഖകളും കണ്ടെടുത്തിട്ടുണ്ട്.