നിധീഷ് ബാബുവിന്റെ കൊലയ്ക്ക് പിന്നില്‍ കാഞ്ഞിരക്കൊല്ലി പയ്യാവൂര്‍ വനമേഖലയില്‍ വിഹരിക്കുന്ന നായാട്ടു സംഘമോ? വധത്തിന് പിന്നില്‍ വന്‍ സാമ്പത്തിക ഇടപാട് തര്‍ക്കമെന്ന് സംശയം; കൊലയാളികള്‍ മുമ്പും കൊല്ലപ്പണിക്കാരന്റെ ആലയില്‍ എത്തിയെന്നും വിവരം; നാടന്‍ തോക്കുനിര്‍മ്മാണം നടന്നിരുന്നതായും സൂചന
നിധീഷ് ബാബുവിന്റെ കൊലയ്ക്ക് പിന്നില്‍ കാഞ്ഞിരക്കൊല്ലി പയ്യാവൂര്‍ വനമേഖലയില്‍ വിഹരിക്കുന്ന നായാട്ടു സംഘമോ?
കണ്ണൂര്‍: കണ്ണൂര്‍ ജില്ലയിലെ മലയോര പ്രദേശമായ പയ്യാവൂരിനടുത്തെ കാഞ്ഞിരക്കൊല്ലിയിലെ കൊലപാതകത്തിന് പിന്നില്‍ വന്‍സാമ്പത്തിക ഇടപാടെന്ന് സംശയിക്കുന്നതായി പൊലീസ്. എന്നാല്‍ വിശദമായ അന്വേഷണത്തിന് ശേഷം മാത്രമേ കൂടുതല്‍ കാര്യങ്ങള്‍ പറയാന്‍ കഴിയുകയുള്ളൂവെന്ന് പയ്യാവൂര്‍ എസ്എച്ച്ഒ ട്വിങ്കിള്‍ ശശി മാധ്യമപ്രവര്‍ത്തകരെ അറിയിച്ചു.
കൊല്ലപ്പണിക്കാരനായ കൊല്ലപ്പെട്ട നിധീഷ് നേരത്തെ നാടന്‍ തോക്ക് നിര്‍മിച്ച് നല്‍കിയിരുന്നുവെന്ന് നാട്ടുകാര്‍ പറഞ്ഞതായും അദ്ദേഹം വ്യക്തമാക്കി. കഴിഞ്ഞ ആഴ്ച ഇവിടെ പരിശോധന നടത്തിയിരുന്നുവെന്നും എന്നാല്‍ തോക്ക് കണ്ടെത്തിയിട്ടില്ലെന്നും ട്വിങ്കിള്‍ പറഞ്ഞു. എല്ലാ വശങ്ങളും അന്വേഷിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ചൊവ്വാഴ്ച്ച പകല്‍ 10.45 ന് പയ്യാവൂരിനടുത്തെ കാഞ്ഞിരക്കൊല്ലിയില്‍ നിധീഷിനെ ബൈക്കിലെത്തിയ രണ്ടംഗ സംഘം കൊല്ലക്കടയിലായിരുന്ന നിധിഷിനെ വീട്ടിലേക്ക് വിളിച്ചു വരുത്തി വാക് തര്‍ക്കത്തിനിടെയില്‍ വെട്ടുകത്തി കൊണ്ടു കഴുത്തിന് പുറകില്‍ വെട്ടി കൊലപ്പെടുത്തുകയായിരുന്നു. ഭര്‍ത്താവിനെ അക്രമിക്കുന്നത് കണ്ടു തടയാന്‍ ചെന്ന ഭാര്യ ശ്രുതിയുടെ രണ്ട് കൈവിരലുകള്‍ വെട്ടേറ്റു അറ്റുതൂങ്ങി. ഇവര്‍ പരിയാരത്തെ കണ്ണൂര്‍ മെഡിക്കല്‍ കോളേജാശുപത്രിയില്‍ ചികിത്സയിലാണ്.
നേരത്തെ നിധീഷ് ബാബുവുമായി ചിലര്‍ക്ക് സാമ്പത്തിക തര്‍ക്കമുള്ളതായി ഭാര്യ പൊലിസിന് മൊഴി നല്‍കിയിട്ടുണ്ട്. എന്നാല്‍ കൊലയാളികളുടെ പേരോ മറ്റു വിവരങ്ങളോ ഇവര്‍ക്കറിയില്ല. കണ്ടാല്‍ തിരിച്ചറിയാമെന്നാണ് നിധീഷ് ബാബുവിന്റെ ഭാര്യ പൊലീസിന് മൊഴി നല്‍കിയത്. ഇതുപ്രകാരമാണ് കേസ് അന്വേഷണം നടന്നു വരുന്നത്.
പ്രതികളെ എത്രയും പെട്ടെന്ന് പിടികൂടാന്‍ കഴിയുമെന്ന വിശ്വാസത്തിലാണ് പൊലിസ്. കൊല്ലപ്പെട്ട നിധീഷ് ബാബുവിന്റെ ഭാര്യയുടെ മൊഴി കേസ് അന്വേഷണത്തിന് സഹായകരമാകുമെന്ന പ്രതീക്ഷയുണ്ട്. പരിയാരത്തെ കണ്ണൂര്‍ മെഡിക്കല്‍ കോളേജാശുപത്രിയിലുള്ള ഇവരുടെ മൊഴി ബുധനാഴ്ച്ച വിശദമായി വീണ്ടുമെടുക്കും.
കണ്ണൂര്‍ റൂറല്‍ എസ്.പിയടക്കമുള്ളവര്‍ കൊലപാതകം നടന്ന വീട്ടിലെത്തി സ്ഥിതിഗതികള്‍ വിലയിരുത്തിയിട്ടുണ്ട്. പ്രതികളെ കുറിച്ചു വ്യക്തമായ സൂചന ലഭിച്ചിട്ടുണ്ടെങ്കിലും ധൃതി പിടിച്ചുള്ള അറസ്റ്റ് വേണ്ടെന്ന നിലപാടിലാണ് പൊലിസ്. നേരത്തെയും ബൈക്കിലെത്തി കൊല നടത്തിയ രണ്ടംഗ സംഘം നിധിഷ് ബാബുവിന്റെ വീട്ടിലും പണിശാലയിലുമെത്തിയതായി പൊലിസിന് വിവരം ലഭിച്ചിട്ടുണ്ട്. കാഞ്ഞിരക്കൊല്ലി പയ്യാവൂര്‍ വനമേഖലയില്‍ വിഹരിക്കുന്ന നായാട്ടു സംഘമാണോ കൊലപാതകത്തിന് പിന്നിലെന്ന കാര്യവും അന്വേഷിച്ചു വരികയാണ്.