നവംബറില്‍ പീഡനത്തിന് ഇരയായ യുവതിയും ദുബായില്‍ ഇല്ല; കേരളത്തിലായിരുന്നോ പരാതിക്കാരി എന്നുറപ്പിക്കാന്‍ പാസ്‌പോര്‍ട്ട് പരിശോധിക്കും; നിവിന്‍ പോളി കേസില്‍ ട്വിസ്റ്റുകള്‍

നിവിന്‍ പോളിയുടെ പരാതി മുഖ്യമന്ത്രിക്ക്

Update: 2024-09-06 06:17 GMT


കൊച്ചി: നടന്‍ നിവിന്‍പോളിക്കെതിരെയായ പീഡന കേസില്‍ ട്വിസ്റ്റുകള്‍. യുവതി നല്‍കിയ മൊഴിയില്‍ പൊരുത്തക്കേടുകള്‍ ഉള്ളതിനാല്‍ വിശദമായ അന്വേഷണം പോലീസ് നടത്തും. പീഡനാരോപണം ശുദ്ധനുണയാണെന്നും അങ്ങനെയൊരു പെണ്‍കുട്ടിയെ കണ്ടിട്ടോ സംസാരിച്ചിട്ടോ ഇല്ലെന്നും നിവിന്‍ പോളി വ്യക്തമാക്കിരുന്നു. പരാതിയില്‍ സംശയങ്ങളാണ് അന്വേഷണ സംഘത്തിനുള്ളത്.

ദുബായിലെ ഹോട്ടലില്‍വച്ച് 2023 നവംബര്‍, ഡിസംബര്‍ മാസങ്ങളില്‍ പീഡിപ്പിച്ചെന്നായിരുന്നു ആദ്യ പരാതി. ഈ മാസങ്ങളില്‍ യുവതി കേരളത്തിലായിരുന്നു എന്നാണ് പൊലീസിനു ലഭിച്ച വിവരം. ഇതില്‍ വ്യക്തത വരുത്താന്‍ യാത്രാരേഖകള്‍ പരിശോധിക്കും. ഹോട്ടല്‍ അധികൃതരില്‍നിന്നും വിവരം ശേഖരിക്കും. നിവിന്‍ പോളിയും ഈ സമയം കേരളത്തിലുണ്ടായിരുന്നുവെന്നാണ് വിവരം. സംവിധായകന്‍ വിനീത് ശ്രീനിവാസന്‍ അടക്കമുള്ളവര്‍ നിവിന്‍ പോളി കേരളത്തിലുണ്ടെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.

2021ന് ശേഷം നിവിന്‍ ഈ ഹോട്ടലില്‍ താമസിച്ചിട്ടില്ലെന്നും പൊലീസ് സ്ഥിരീകരിച്ചതായാണ് ലഭിക്കുന്ന വിവരം. യുവതിയുടെ ആദ്യ പരാതി ലഭിച്ചപ്പോള്‍ പൊലീസ് അന്വേഷണം നടത്തി ആരോപണങ്ങളില്‍ കഴമ്പില്ലെന്ന് കണ്ടെത്തിയതാണ്. നിവിന്‍ പോളിയടക്കം 6 പേര്‍ക്ക് എതിരെയാണ് ഊന്നുകല്‍ പൊലീസ് കേസെടുത്തത്. നിവിന്‍ 6ാം പ്രതിയാണ്. കോട്ടയം സ്വദേശി ശ്രേയ, സിനിമാനിര്‍മാതാവ് തൃശൂര്‍ സ്വദേശി എ.കെ.സുനില്‍, എറണാകുളം സ്വദേശികളായ ബിനു, ബഷീര്‍, കുട്ടന്‍ എന്നിവരാണു മറ്റു പ്രതികള്‍. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിനെ തുടര്‍ന്നു രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘത്തിനു നല്‍കിയ പീഡനപരാതിയെ തുടര്‍ന്നാണ് ഈ കേസ് എടുക്കല്‍.

കഴിഞ്ഞ നവംബറില്‍ യൂറോപ്പില്‍ 'കെയര്‍ ഗിവറായി' ജോലി വാഗ്ദാനം ചെയ്തു. അതു നടക്കാതായപ്പോള്‍ സിനിമാക്കാരുമായി ബന്ധമുണ്ടെന്നും സിനിമയില്‍ അവസരം നല്‍കാമെന്നും പറഞ്ഞു ശ്രേയ ദുബായിലെത്തിച്ചെന്നും അവിടെ ഹോട്ടല്‍ മുറിയില്‍ മറ്റു പ്രതികള്‍ പീഡിപ്പിച്ചെന്നുമാണു യുവതിയുടെ മൊഴി. പീഡനം, സ്ത്രീത്വത്തെ അപമാനിക്കല്‍ എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസ്. ഇതേ സംഘം സമൂഹമാധ്യമങ്ങളിലൂടെ അപമാനിച്ചെന്നു കാട്ടി ഒരുമാസം മുന്‍പു യുവതി ഊന്നുകല്‍ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. അന്നും കേസെടുത്തിരുന്നില്ല.

അതിനിടെ തനിക്കെതിരായ യുവതിയുടെ ലൈംഗിക പീഡനാരോപണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് പരാതി നല്‍കി നിവിന്‍ പോളിയും രംഗത്തു വന്നിട്ടുണ്ട്. ഡിജിപിക്കും പരാതി കൈമാറിയിട്ടുണ്ട്. തനിക്കെതിരായ പീഡനക്കേസ് വ്യാജമാണെന്നും പരാതിയില്‍ പറയുന്നു. പീഡനം നടന്നുവെന്ന് യുവതി പരാതിയില്‍ ആരോപിക്കുന്ന ദിവസങ്ങളില്‍ താന്‍ കേരളത്തിലുണ്ടായിരുന്നുവെന്നും നടന്‍ വ്യക്തമാക്കി. ഗൂഢാലോചന അന്വേഷിക്കണം. കരിയര്‍ നശിപ്പിക്കുക എന്നതാണ് ലക്ഷ്യം. ഇതിന് പിന്നില്‍ ആരാണെന്ന് കണ്ടെത്തണമെന്നും പരാതിയില്‍ ആവശ്യപ്പെട്ടു. ഇ-മെയില്‍ വഴിയാണ് പരാതി നല്‍കിയത്.

നിവിനെതിരെയുള്ള ലൈംഗിക പീഡനാരോപണം വ്യാജമെന്നതിന് തെളിവുണ്ടെന്ന് വ്യക്തമാക്കി നടനും സംവിധായകനുമായ വിനീത് ശ്രീനിവാസന്‍ രംഗത്തെത്തിയിരുന്നു. പീഡനം നടന്നുവെന്ന് പറയുന്ന ദിവസം നിവിന്‍ തന്റെ ഒപ്പം വര്‍ഷങ്ങള്‍ക്ക് ശേഷം ഷൂട്ടിങ്ങിലായിരുന്നെന്നും വിനീത് ശ്രീനിവാസന്‍ പറഞ്ഞു. അതേസമയം, കൊച്ചിയിലെ ക്രൗണ്‍ പ്ലാസ ഹോട്ടലില്‍ നിവിന്‍ പോളി അന്നേദിവങ്ങളില്‍ താമസിച്ചതിന്റെ തെളിവുകളും പുറത്തുവന്നു.

Tags:    

Similar News