കൊള്ളപ്പലിശക്കാരുടെ ഭീഷണിയെ തുടര്‍ന്ന് വ്യാപാരി ആത്മഹത്യ ചെയ്ത സംഭവം: വട്ടിപ്പലിശക്കാരായ പ്രതികളുടെ വീടുകളില്‍ പോലീസ് റെയ്ഡ്; പണവും രേഖകളും പിടിച്ചെടുത്തു; ഗുരുവായൂരിലെ മുസ്തഫ് ആത്മഹത്യ ചെയ്തത് ആറു ലക്ഷം രൂപ പലിശക്കെടുത്തതിന് പകരമായി 40 ലക്ഷം നല്‍കിയിട്ടും ഭീഷണി തുടര്‍ന്നതോടെ
കൊള്ളപ്പലിശക്കാരുടെ ഭീഷണിയെ തുടര്‍ന്ന് വ്യാപാരി ആത്മഹത്യ ചെയ്ത സംഭവം
തൃശൂര്‍: ഗുരുവായൂരില്‍ വ്യാപാരി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ആരോപണവിധേയരായ കൊള്ള പലിശക്കാരുടെ വീടുകളില്‍ പൊലിസ് പരിശോധന. തൈവളപ്പില്‍ പ്രഗിലേഷ്, കണ്ടാണശേരി സ്രാമ്പിക്കല്‍ ദിവേക് എന്നിവരുടെ വീടുകളിലാണ് ടെമ്പിള്‍ എസ്എച്ച്ഒ ജി അജയകുമാറിന്റെ നേതൃത്വത്തില്‍ പരിശോധന നടന്നത്. ഇവരുടെ വീടുകളില്‍ നിന്നും നിരവധി രേഖകള്‍ കണ്ടെടുത്തു.
ദിവേകിന്റെ വീട്ടില്‍ നിന്ന് വാഹനങ്ങളുടെ ആര്‍സി ബുക്കുകളും, കണക്കില്‍പ്പെടാത്ത പണവും, മറ്റ് സുപ്രധാന രേഖകളും പൊലിസ് പിടിച്ചെടുത്തു. എന്നാല്‍, പ്രഗിലേഷിന്റെ വീട് അടച്ചിട്ടിരുന്നതിനാല്‍ പുറത്ത് പരിശോധന നടത്തിയ ശേഷം പൊലിസ് കാവല്‍ ഏര്‍പ്പെടുത്തി.
കര്‍ണ്ണംകോട്ട് ബസാര്‍ മേക്കണ്ടനകത്ത് മുസ്തഫയെ (മുത്തു) ഒക്ടോബര്‍ 10നാണ് വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. പലിശക്കാരുടെ ഭീഷണിയാണ് മരണത്തിന് കാരണമെന്ന് വ്യക്തമാക്കുന്ന ആത്മഹത്യാക്കുറിപ്പ് പൊലിസ് കണ്ടെടുത്തിരുന്നു. പിന്നാലെയാണ് കൊള്ളപ്പലിശക്കാരുടെ വീടുകളില്‍ പൊലിസ് പരിശോധന നടത്തിയത്.
മുസ്തഫ ആറു ലക്ഷം രൂപ പലിശക്കെടുത്തതിന് പകരമായി 40 ലക്ഷം രൂപയോളം അടയ്ക്കേണ്ടി വരികയും, നിരന്തരമായി ഭീഷണിപ്പെടുത്തുകയും ചെയ്ത സാഹചര്യത്തിലാണ് ആത്മഹത്യ ചെയ്തതെന്നാണ് കുടുംബം ആരോപിക്കുന്നത്. ഗുരുവായൂര്‍ നഗരസഭയുടെ മഞ്ജുളാല്‍ ഷോപ്പിംഗ് കോംപ്ലക്സില്‍ കച്ചവടം നടത്തിയിരുന്ന ആളാണ് മുസ്തഫ.
ഒന്നര വര്‍ഷം മുമ്പ് 20 ശതമാനം പലിശ നിരക്കില്‍ 50 ദിവസത്തിനുള്ളില്‍ തിരിച്ചടയ്ക്കാമെന്ന ധാരണയിലാണ് പ്രഗിലേഷ്, ദിവേക് എന്നിവരില്‍ നിന്ന് മുസ്തഫ 6 ലക്ഷം രൂപ പലിശയ്ക്ക് എടുത്തിരുന്നത്. 40 ലക്ഷം രൂപയോളം നല്‍കിയിട്ടും പലിശ മുടങ്ങിയെന്ന് ആരോപിച്ച് ഇരുവരും വീട്ടിലും കടയിലുമെത്തി കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നു.
അസുഖബാധിതനായി ആശുപത്രിയില്‍ കഴിഞ്ഞിരുന്ന മുസ്തഫയെ പലിശക്കാര്‍ ബലമായി ഇറക്കിക്കൊണ്ടുവന്ന് കാറില്‍ കയറ്റി മര്‍ദിച്ചതായും, പിന്നീട് വീട്ടിലെത്തി ഭാര്യയുടെയും മക്കളുടെയും മുന്നില്‍ വെച്ച് വീണ്ടും മര്‍ദിച്ചതായും കുടുംബം പരാതിയില്‍ പറയുന്നു. ഇതിനു പുറമെ, മുസ്തഫയുടെ പേരിലുണ്ടായിരുന്ന മൂന്നര സെന്റ് സ്ഥലം പലിശക്കാര്‍ എഴുതി വാങ്ങിയതായും സൂചനയുണ്ട്.
നേരത്തെ അസ്വാഭാവിക മരണത്തിന് കേസെടുത്ത ടെമ്പിള്‍ പൊലിസ്, കുടുംബത്തിന്റെ പരാതിയെ തുടര്‍ന്ന് ആത്മഹത്യാപ്രേരണ കുറ്റത്തിന് പ്രഗിലേഷിനെ ഒന്നാം പ്രതിയാക്കിയും ദിവിഷിനെ (ദിവേക്) രണ്ടാം പ്രതിയാക്കിയുമാണ് നിലവില്‍ കേസെടുത്തിട്ടുള്ളത്. കേസില്‍ നിരോധിക്കപ്പെട്ട പണമിടപാടുകള്‍ സംബന്ധിച്ച നിയമമായ കുബേര ആക്ട് കൂടി ചേര്‍ക്കുമെന്ന് പൊലിസ് അറിയിച്ചു. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടന്നു വരികയാണ്.
